Featured

സ്ത്രീകൾ മയ്യിത്ത് നമസ്കാരം ഉപേക്ഷിക്കൽ

സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരമില്ലെന്ന ഒരു തെറ്റിദ്ധാരണ മിക്ക മുസ്‌ലിംകൾക്കിടയിലും പ്രചരിച്ചത് കാണാം. സ്വന്തം ഭർത്താവിന് ഭാര്യ നമസ്കരിക്കുക, സ്വന്തം സന്താനങ്ങൾക്ക് മാതാവ് നമസ്കരിക്കുക, സ്വന്തം മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കും വേണ്ടി നമസ്കരിക്കുക എന്ന സ്വഭാവം വരെ ഇത്തരം വിശ്വാസക്കാർക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ പിൽക്കാലത്ത് കടന്നുകൂടിയ ഒരു അനാചാരമാണിത്.

 ഇബ്നു അബ്ബാസ് (റ) നിവേദനം : "പ്രവാചകൻ (സ) മരണപ്പെട്ടപ്പോൾ ആദ്യം പുരുഷന്മാർക്ക് മയ്യിത്ത് നമസ്കരിക്കുവാൻ പ്രവേശനം നൽകപ്പെട്ടു. ശേഷം സ്ത്രീകൾക്കും പ്രവേശനം നൽകി. അവർ അദ്ദേഹത്തിന് മയ്യിത്ത് നമസ്കരിച്ചു." [ബൈഹഖി]

 ആയിശ (റ) നിവേദനം : "സഅദ്ബ്നു അബീവഖാസ്‌ (റ) മരണപ്പെട്ടപ്പോൾ നബി (സ)യുടെ ഭാര്യമാർ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്ക്കരിക്കുവാൻ പള്ളിയിൽ മയ്യിത്തിനെ പ്രവേശിപ്പിക്കുന്നതിനു വേണ്ടി ആളെ അയച്ചു. അപ്രകാരം അവർ ചെയ്തു. അദ്ദേഹത്തിന്റെ മയ്യിത്ത് അവരുടെ മുറികളുടെ അടുത്തുവെച്ച് അവർ അദ്ദേഹത്തിന്ന് മയ്യിത്ത് നമസ്കരിച്ചു." [മുസ്ലിം]

 ശറഹുൽ മുഹദ്ദബിൽ എഴുതുന്നു : "സ്ത്രീകൾ സംഘമായി മയ്യിത്ത് നമസ്കരിച്ചാലും യാതൊരു വിരോധമില്ല."

മയ്യിത്ത് കുളിപ്പിക്കുന്നതിലെ അനാചാരങ്ങൾ

മയ്യിത്ത് കുളിപ്പിക്കുവാൻ പ്രത്യേകമായി തന്നെ ഒരു മറയുണ്ടാക്കണമെന്ന തെറ്റിദ്ധാരണ ചിലർക്ക് കാണാം. കുളിമുറിയുണ്ടായാലും ഇവർ പ്രത്യേക മറ തയ്യാറാക്കുന്നു. എന്നാൽ നബി (സ) മയ്യിത്ത് കുളിപ്പിക്കുവാൻ വേണ്ടി പ്രത്യേകം മറയുണ്ടാക്കാൻ നിർദേശിക്കുന്നില്ല. മയ്യിത്ത് കുളിപ്പിച്ച വെള്ളം ഓവ് ചാലിലേക്കും മറ്റും തിരിച്ചുവിടാൻ പാടില്ലെന്ന വിശ്വാസവും പിഴച്ചതാണ്. അതുപോലെ മയ്യിത്ത് കുളിപ്പിക്കുവാൻ നല്ലത് പച്ചവെള്ളമാണ്. എന്നാൽ ചിലർ ചൂട് വെള്ളം തന്നെ വേണമെന്ന് ശഠിക്കുന്നു. നബി (സ)യോ സഹാബികളോ മയ്യിത്ത് കുളിപ്പിക്കുവാനുള്ള വെള്ളം പ്രത്യേകം ചൂടാക്കിയത് ഉദ്ധരിക്കപ്പെടുന്നില്ല. ഇമാം നവവി (റ) എഴുതുന്നു : "തണുത്ത വെള്ളമാണ് ചൂടാക്കിയ വെള്ളത്തേക്കാൾ ഉത്തമം." [ശറഹുൽ മുഹദ്ദബ്]. കുളിയുടെ മുമ്പായി നഖവും മുടിയും വളർന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതും അനാചാരമാണ്. നബി (സ)യോ സ്വഹാബിമാരോ ഇപ്രകാരം ചെയ്യാൻ നിർദേശിക്കുന്നില്ല. [ശറഹുൽ മുഹദ്ദബ്].

മയ്യിത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളം ഒഴുക്കിയാൽ തന്നെ മയ്യിത്തുകുളി സ്വഹീഹാകുമെന്ന് ഫത്ഹുൽ മുഈനിൽ പോലും പറയുന്നുണ്ട്. [പേജ് 192, പുത്തൂർ ഫൈസിയുടെ പരിഭാഷ]. എന്നിട്ടും 'ഞാൻ മയ്യിത്ത്കുളി പഠിച്ചിട്ടില്ല, അതിനാൽ ഞാൻ കുളിപ്പിച്ചാൽ ശരിയാവുകയില്ല' എന്ന വിശ്വസിക്കുന്ന ആൾക്കാരെ ധാരാളം കാണാം. ഇതൊരു അന്ധവിശ്വാസം മാത്രമാണ്. അതുപോലെ കുളിക്കു ശേഷം വുളു എടുത്ത് കൊടുപ്പിക്കുന്നതും അനാചാരമാണ്. ഇങ്ങനെ റസൂൽ (സ) ചെയ്തതിനോ കല്പിച്ചതിനോ തെളിവില്ല.

ജനാബത്തുകാരനും ആർത്തവകാരികൾക്കും മയ്യിത്തിനെ കുളിപ്പിക്കാമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ [ശറഹുൽ മുഹദ്ദബ്] പോലും പറയുന്നു. എന്നിട്ടും മയ്യിത്ത് കുളിപ്പിക്കുന്നവന് ശുദ്ധിയുണ്ടാകണമെന്ന് ചിലർ വിശ്വസിക്കുന്നു. അതുപോലെ രോഗികളുടെ അടുത്ത് ആർത്തവകാരികൾ നിൽക്കാൻ പാടില്ല, മയ്യിത്ത് കുളിപ്പിക്കുന്നവനെ മയ്യിത്ത് മനസ്സിലാക്കും, മയ്യിത്ത് കുളിപ്പിച്ചവൻ കുളിക്കണം തുടങ്ങിയവയെല്ലാം അന്ധവിശ്വാസങ്ങളാണ്. ഇവയൊന്നും നബിചര്യയിൽ സ്വഹീഹായി വന്നിട്ടില്ല.

അന്യർ മയ്യിത്ത് കുളിപ്പിക്കൽ

 മരണപ്പെട്ട വ്യക്തിയെ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കുളിപ്പിക്കേണ്ടത്. എന്നാൽ അന്യപുരുഷന്മാരും അന്യസ്ത്രീകളും കുളിപ്പിക്കുന്ന സമ്പ്രദായമാണ് മുസ്‌ലിംകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നത്. ഭാര്യ മരണപ്പെട്ടാൽ ഭർത്താവും ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയും മയ്യിത്ത് കുളിപ്പിക്കുക എന്നതാണ് നബിചര്യ.

നബി (സ) ആയിശ (റ)യോട് പറഞ്ഞു : "നീ എനിക്ക് മുമ്പ് മരിച്ചാൽ ഞാൻ നിന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്യും." [അഹമ്മദ്, ഇബ്നുമാജ] 

ആയിശ (റ) നിവേദനം ; നബി (സ) പറഞ്ഞു : "അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അവൻ മരിച്ചപ്പോൾ അവന്റെ ഭാര്യ അവനെ മയ്യിത്ത് കുളിപ്പിച്ചു." [ബൈഹഖി]

 ആയിശ (റ) നിവേദനം : "അബൂബക്കർ (റ) തന്റെ (മയ്യിത്ത്) കുളിപ്പിക്കുവാൻ ഭാര്യ അസ്മാഅ് ബിൻത് ഉസൈമിനോട് വസിയ്യത്ത് ചെയ്തു."

അലി (റ) തന്റെ ഭാര്യ ഫാത്തിമ (റ)യെ മയ്യിത്ത് കുളിപ്പിച്ചു. [ബൈഹഖി] 

ഫത്ഹുൽ മുഈനിൽ എഴുതുന്നു : "ഭാര്യയുടെ മയ്യിത്ത് ഭർത്താവിനും ഭർത്താവിന്റെ മയ്യിത്ത് ഭാര്യക്കും കുളിപ്പിക്കാവുന്നതാണ്.". ഇത്രത്തോളം ഫിഖ്ഹിന്റെ കിതാബുകളിൽ പ്രസ്താവിച്ചിട്ടുപോലും സ്വന്തം ഭർത്താവിനെ കുളിപ്പിക്കുന്നത് പോലും നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങളെ കാണാം!!

തല്‍ഖീന്‍ ചൊല്ലല്‍

മനുഷ്യന്മാര്‍ പില്‍കാലത്ത് മതത്തില്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണിത്. ഇസ്ലാമിനെ പരിഹസിക്കുന്ന ഒരു ബിദ്അത്. ഇതിനു രേഖയായി ഉദ്ധരിക്കാറുള്ളത് ത്വബ്റാനി അബൂഉമാമയില്‍ നിന്നും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസാണ്.

ഇമാം സുയൂതി (റ) എഴുതുന്നു : ഖബറടക്കം ചെയ്തശേഷം തല്‍ഖീന്‍ ചൊല്ലുന്നതിനു ദുര്‍ബലമായ ഒരു ഹദീസ് ത്വബ്റാനിയുടെ മുഅജമില്‍ വന്നിട്ടുണ്ട്. [അദുര്‍റുല്‍ മുന്‍തസിറ പേജ് 278]

ഇമാം നവവി (റ) പറയുന്നു : തബ്റാനി തന്‍റെ മുഅജമില്‍ അബൂഉമാമയില്‍ നിന്നും ദുര്‍ബലമായ പരമ്പരയോടു കൂടിയാണ് തല്‍ഖീനിന്‍റെ ഹദീസ് ഉദ്ധരിക്കുന്നത്. [ശറഹുല്‍ മുഹദ്ദബ് 5/304], [അസനാ 1/329]

തല്‍ഖീനിന്‍റെ വിഷയത്തില്‍ അബൂഉമാമയില്‍ നിന്നും ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസിന്‍റെ പരമ്പരയില്‍ എനിക്ക് അറിയാത്ത ഒരു സംഘം നിവേദകന്‍മാരുണ്ട്. [മജ്മഉല്‍ സവാഇദ് 3/48]

ഇബ്നു ഇല്ലാന്‍ (റ) തന്‍റെ ഫുത്ഹാതുല്‍ റബ്ബാനിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതി : തബ്റാനിയുടെ ഹദീസിന്‍റെ പരമ്പര ദുര്‍ബലമാണ്. [4/96]

ഇറാഖിയും ഇഹ്യയുടെ വ്യാഖ്യാനത്തില്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നു. [4/420] ഈ ഹദീസിന്‍റെ പരമ്പരയില്‍ ആസ്വിമുബ്നു അബ്ദുള്ള, സഈദുല്‍ അസ്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ ഖുറശി പോലെയുള്ള മനുഷ്യന്‍മാരുണ്ട്. ഇവരെല്ലാം അജ്ഞാതരും ദുര്‍ബലന്‍മാരുമാണ്.

കാര്യം ഗ്രഹിച്ച പണ്ഡിതന്മാരുടെ വാക്കുകളില്‍നിന്നും മനസ്സിലാകുന്നത്‌ തല്ഖീനിന്‍റെ ഹദീസ് ദുര്‍ബലമാണ് എന്നാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ (തല്‍ഖീന്‍ ചൊല്ലല്‍) അനാചാരമാണ്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട് എന്നതിനാല്‍ നീ ഒരിക്കലും വഞ്ചനയില്‍പ്പെട്ടു പോകരുത്. [സുബുലുസ്സലാം 2/114]

നിശ്ചയം ഇന്ന് അറിയപ്പെടുന്ന തല്‍ഖീന്‍ മുന്‍കാല പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയ സംഗതിയാണ്. നബി (സ)യുടെ വാക്കിനെ അതിന്മേല്‍ ചുമത്തപ്പെടുവാന്‍ പാടില്ല. [മിര്‍ഖാത്ത് 2/329]

മരിച്ചശേഷം തല്‍ഖീന്‍ചൊല്ലല്‍ പുതുതായുണ്ടായതാണെന്ന് ധാരാളം പണ്ഡിതര്‍ ദൃഡമായി പ്രസ്ഥാവിച്ചിരിക്കുന്നു. [ശറഹുന്നസാഈ 1/202]

ഇബ്നുഹജറുല്‍ ഹൈതമി (റ) എഴുതി : നബി (സ)യുടെ പുത്രന്‍ ഇബ്രാഹിമിന് തല്‍ഖീന്‍ ചൊല്ലിയതായി സഹീഹായി വന്നിട്ടില്ല. [ഫതാവല്‍ കുബ്റ 2/30]

ഖബറടക്കം ചെയ്യുമ്പോള്‍

ഖബറിന് നിര്‍ണിതമായ അളവില്‍ നീളവും വീതിയും ആഴവും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മയ്യിത്ത്, സ്ഥലം എന്നിവ പരിഗണിച്ചു അതിന്നു രൂപം നല്‍കാം. അതുപോലെ മയ്യിത്തിനെ ഖബറില്‍ വെക്കുമ്പോള്‍ ശഹാദത് കലിമ ചൊല്ലല്‍, ബാങ്ക്- ഇഖാമത്ത് കൊടുക്കല്‍ തുടങ്ങിയവ അനാചാരങ്ങളാണ്. നബിചര്യയില്‍ ഇവയൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. 'ബിസ്മില്ലാഹി വഅലാ മില്ലത്ത് റസൂലുള്ളാഹ്' എന്ന് ചൊല്ലിയത് മാത്രമാണ് ഹദീസില്‍ വന്നിട്ടുള്ളത് [അബൂദാവൂദ്].

മയ്യിത്തിനെ ഖബറില്‍ കിടത്തിയ ശേഷം കഫന്‍ പുടവ മുഖത്ത് നിന്നും നീക്കി മണ്ണ് ഉരുട്ടി വെക്കല്‍, ചളിമണ്ണിന്‍റെ ഉരുള മന്ത്രിച്ചു ഖബറില്‍ വെക്കല്‍ തുടങ്ങിയവയെല്ലാം തനിച്ച അനാചാരങ്ങളാണ്. നബി (സ)യും സഹാബികളും പഠിപ്പിച്ച ഇസ്ലാമില്‍ ഇത്തരം സമ്പ്രദായങ്ങളൊന്നും കാണാന്‍ സാധ്യമല്ല.

സില്‍സില എന്നൊരു അനാചാരം പണ്ട്കാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്‍റെ അനുയായികള്‍ തന്നെ അത് ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെ കഫന്‍പുടവയില്‍ ഖുര്‍ആന്‍ എഴുതുന്ന സമ്പ്രദായവും മനുഷ്യനിര്‍മ്മിതമാണ്. ഒരു തുണിക്കഷ്ണത്തില്‍ ഏതാനും പദ്യം എഴുതി മയ്യിത്തിന്റെ മുഖത്ത് വെക്കുന്ന സമ്പ്രദായവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോള്‍ മിന്ഹാ ഖലക്നാകും...എന്ന് പറയുന്ന സമ്പ്രദായത്തിനും അംഗീകൃതമായ തെളിവുകളില്ല.

മയ്യിത്ത് കഫന്‍ ചെയ്യുന്നതിലെ അനാചാരങ്ങള്‍

മയ്യിത്ത് കഫന്‍ ചെയ്യുമ്പോള്‍ മയ്യിത്തിനെ തലപ്പാവും കുപ്പായവും ധരിപ്പിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഹനഫി മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കാണുവാന്‍ സാധിക്കുക. തനിച്ച അനാചാരമാണിത്. ആയിശ (റ) നിവേദനം : യമനില്‍ നിര്‍മ്മിക്കപ്പെട്ട വെളുത്ത വൃത്തിയുള്ള മൂന്നു പുതിയ വസ്ത്രങ്ങളിലാണ് പ്രവാചകന്‍ (സ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. [ബുഖാരി, മുസ്ലിം].

കഫന്‍ പുടവയില്‍ മൈലാഞ്ചിയില വിതറുന്ന പതിവ് ചില സ്ഥലങ്ങളില്‍ കാണാം. ഇതും ബിദ്അതാണ്‌. യാതൊരു അടിസ്ഥാനവും ഇതിനില്ല. ഫിഖ്ഹിന്‍റെ കിതാബുകളില്‍ പോലും ഇത് സുന്നത്താണെന്ന് പറയുന്നില്ല. കഫന്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മൃതദേഹത്തിന്‍റെ കണ്ണ്, മൂക്ക്, ചെവി, വായ മുതലായ ദ്വാരങ്ങളിലും വിരലുകള്‍ക്കിടയിലും മറ്റും പരുത്തികൊണ്ട് അഭിഷേകം ചെയ്യുന്ന സമ്പ്രദായം അനാചാരമാണ്. നബി (സ)യോ സഹാബികളോ ഇപ്രകാരം ചെയ്തത് ഉദ്ധരിക്കപ്പെടുന്നില്ല.

മയ്യിത്തിനെ എടുക്കുമ്പോള്‍

മയ്യിത്തിനെ വീട്ടില്‍ നിന്നും എടുക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രാര്‍ഥിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. പ്രാര്‍ഥിക്കേണ്ട രംഗങ്ങളും പ്രാര്‍ത്ഥനകളും ഇസ്ലാം വിശദമായിതന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. കിടപ്പറപോലും അതില്‍ നിന്നും ഒഴിവാകുന്നില്ല.

എന്നാല്‍ ചിലര്‍ മയ്യിത്തിനെ ഇറക്കുമ്പോള്‍ യാസീന്‍ ഓതുന്നു. മറ്റു ചിലര്‍ കൂട്ടുപ്രാര്‍ഥന നടത്തുന്നു. ഇവയെല്ലാംതന്നെ അനാചാരങ്ങളാണ്. നബി (സ) യും നന്മയില്‍ മുന്നിട്ട സഹാബികളും നമുക്ക് കാണിച്ചു തന്ന മതത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഒന്നും പ്രാര്‍ഥിക്കാതിരിക്കുക എന്നതാണ് പുണ്യകര്‍മ്മം. പ്രവാചകന്‍ ഉപേക്ഷിച്ചത് ഒഴിവാക്കലും സുന്നത് തന്നെയാണ്. മരണപ്പെട്ടാല്‍ ഉറക്കെ കരയുന്നതിനെ ഇസ്ലാം ശക്തിയായി വിരോധിക്കുന്നു. ഇത്തരക്കാരുടെ വായില്‍ മണ്ണ് നിറക്കുവാന്‍വരെ കല്‍പ്പിക്കുന്നു. [ബുഖാരി]. എന്നാല്‍ മയ്യിത്തിനെ വീട്ടില്‍ നിന്നും ഇറക്കുമ്പോള്‍ ചിലര്‍ ഉറക്കെ കരയുന്നു. ഹറാമും ബിദ്അതുമാണത്.

അടിയന്തിരം, 40, ആണ്ട്

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ വീട്ടില്‍ 3, 7, 15, 40 എന്നീ ദിവസങ്ങളില്‍ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ചുവരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ചിലര്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ്ട് എന്ന പേരിലും ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ ക്ഷണിച്ചു വരുത്തി തീറ്റിക്കുന്നു. തനിച്ച അനാചാരമാണിത്. കൂടാതെ ജാഹിലിയ്യാ സമ്പ്രദായവും.

ജരീര്‍ (റ) നിവേദനം : മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചി ലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്. [ഇബ്നുമാജ, അഹമദ്, നസാഈ]

ഇമാം നവവി (റ) എഴുതുന്നു : എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. [ശറഹുല്‍ മുഹദ്ദബ്]

ഈ അനാചാരത്തെ ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു : അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു അനാചാരം സജീവമായി മുസ്‌ലിം സമുദായത്തില്‍ പണ്ട് നിലനിന്നിരുന്നു. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില്‍പോലും ഒരു ആഴ്ചയെങ്കിലും ദാഇംഓത്ത്‌ എന്ന പേരില്‍ ഈ ബിദ്അത് അനുഷ്ട്ടിച്ചിരുന്നു. മരിച്ച വീടുകളിലും ഈ ഓത്ത്‌ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഈ അനാചാരങ്ങള്‍ നീങ്ങിയിട്ടുണ്ട്. സുന്നത്തിന്‍റെ യാതൊരു വെളിച്ചവും എത്തിയിട്ടില്ലാത്ത ചില പ്രദേശങ്ങളില്‍ മാത്രം ഇന്നും ഇത് തുടര്‍ന്ന് വരുന്നു.

ഖബര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സ്ഥലമല്ലെന്ന് പ്രവാചകന്‍ (സ) പ്രഖ്യാപിക്കുകയുണ്ടായി. അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു : "നിങ്ങളുടെ വീടുകളെ നിങ്ങള്‍ മഖ്ബറകള്‍ പോലെയാക്കരുത്. നിശ്ചയം സൂറത്ത് ബഖറ ഓതുന്ന വീട്ടില്‍നിന്നും പിശാചു ഓടുന്നതാണ് " [മുസ്‌ലിം]. ഖുര്‍ആന്‍ ഓതാതെ നിങ്ങള്‍ വീടുകളെ ഖബറിടം പോലെയാക്കരുത് എന്ന് നബി (സ) പറയുമ്പോള്‍ ഖബറിടങ്ങളില്‍ വെച്ച് ഖുര്‍ആന്‍ ഓതാന്‍ പാടില്ലെന്ന് ഏതു ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാകും.

വിധവയുടെ ഇദ്ദയും അനാചാരങ്ങളും

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവും ഇരുട്ടുള്ള മുറിയില്‍ ഇരിക്കണം, അവള്‍ വെള്ളവസ്ത്രം ധരിക്കണം, ആകാശം കാണുവാന്‍ പാടില്ല, ഭര്‍തൃസഹോദരന്മാര്‍, അന്യപുരുഷന്മാര്‍ മുതലായവരെ കാണുവാന്‍ പാടില്ല, അവരോടു സംസാരിക്കല്‍ നിഷിദ്ധം, ആവശ്യങ്ങള്‍ക്ക്പോലും പുറത്തുപോകാന്‍ പാടില്ല, ഈ രീതിയിലുള്ള വിശ്വാസങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ കാണാം. അന്ധവിശ്വാസവും അജ്ഞതയുമാണ്‌ ഇതെല്ലാം.

അല്ലാഹു പറയുന്നു : "(ഭര്‍ത്താവ് മരിച്ച) സ്ത്രീകളോട് അവരുടെ ഇദ്ദ കാലത്ത് വിവാഹാലോചനയെക്കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല" [ബഖറ 235 ]. സ്ത്രീയോട് നേരിട്ട്തന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. അപ്പോള്‍ ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണുവാനും സംസാരിക്കുവാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തകര്‍ക്കുന്നു.

പൂര്‍ണ്ണമായി വിവാഹമോചനം ചെയ്ത സ്ത്രീയും ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയും പകല്‍ സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകല്‍ അനുവദനീയമാണ്‌ എന്നൊരു അദ്ധ്യായം തന്നെ സഹീഹ് മുസ്ലിമില്‍ കാണാം. ശേഷം ജാബിര്‍ (റ)ന്‍റെ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതി : "പരിപൂര്‍ണ്ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോകാംഎന്നതിനു ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൌറി, ലൈസ്‌, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവ് മരണപ്പെട്ട ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്കും പകല്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു. [ശറഹു മുസ്‌ലിം 5/366]

മരണത്തിന്‍റെ ഇദ്ദയേക്കാള്‍ കാഠിന്യം വിവാഹമോചനത്തിന്‍റെ ഇദ്ദയാണ്. എന്നാല്‍ ജനങ്ങളുടെ ധാരണ മരണത്തിന്‍റെ ഇദ്ദയാണ് കൂടുതല്‍ കാഠിന്യം എന്നാണ്. നാലു മദ്ഹബിന്‍റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ടത് കാരണമായുള്ള ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകാമെന്ന് പ്രഖ്യാപിക്കുന്നു.

ഇമാം നവവി (റ), മിന്‍ഹാജില്‍ എഴുതുന്നു : ഭര്‍ത്താവ് മരിച്ച ഇദ്ദയില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങുവാനും നൂല്‍ നൂല്‍ക്കുവാനും അതുപോലെയുള്ളതിനും പുറത്തുപോകാം. [മിന്ഹാജ്].

ഫത്ഹുല്‍ മുഈനില്‍ എഴുതുന്നു : ഭക്ഷണസാധനങ്ങള്‍ വാങ്ങുക, നൂല്‍ വില്‍ക്കുക, വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക് പകല്‍ പുറത്തു പോകാം. [ഫത്ഹുല്‍ മുഈന്‍ പരിഭാഷ പേജ് 484].

ഉറവ (റ) നിവേദനം : ആയിശ (റ) അവരുടെ സഹോദരി ഉമ്മുകുല്‍സൂമിന്‍റെ ഭര്‍ത്താവ് ത്വല്‍ഹ (റ) വധിക്കപ്പെട്ടപ്പോള്‍ മക്കയിലേക്ക് അവളുമായി ഉംറക്കു പുറപ്പെടുകയുണ്ടായി. വിധവയ്ക്ക് ഇദ്ദയില്‍ തന്നെ പുറത്തു പോകാമെന്ന് ആയിശ (റ) മതവിധി നല്‍കാറുണ്ടായിരുന്നു. [ബൈഹഖി, മുസന്ന്വഫ്]. ഈ ഹദീസിന്‍റെ പരമ്പര വളരെയധികം പ്രബലമായതാണ്.

വിധവകള്‍ ഇദ്ദ ആചരിക്കുന്ന സന്ദര്‍ഭത്തില്‍ അവരെയും കൊണ്ട് അലി (റ) യാത്ര ചെയ്യാറുണ്ടായിരുന്നു. [ബൈഹഖി].

രോഗിയും മയ്യിത്തും ഖുര്‍ആന്‍ പാരായണവും

രോഗിക്ക് വേണ്ടിയോ മരണപ്പെട്ടവരുടെ അടുത്ത് വെച്ചോ ഖുര്‍ആന്‍ പാരായണം ചെയ്യുവാന്‍ നബിചര്യയില്‍ യാതൊരു രേഖയുമില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കും ഒരേ ഹദീസാണ് ഇങ്ങനെ ചെയ്യാമെന്നു വാദിക്കുന്നവര്‍ തെളിവായി ഉദ്ധരിക്കുന്നത്.

തെളിവായി പറയുന്ന ഹദീസുകള്‍ :

1. മഅ'ഖലുബ്നു യസാര്‍ (റ) നിവേദനം : നബി (സ) പറഞ്ഞു : നിങ്ങളില്‍ മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [ഇബ്നുമാജ, അബൂദാവൂദ്].

വളരെ ദുര്‍ബലമായ ഹദീസാണിത്. ഇത് തെളിവിനു പറ്റുകയില്ല. ഇമാം നവവി (റ) എഴുതുന്നു : ഞാന്‍ പറയുന്നു ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്‌. ഇതിന്‍റെ നിവേദന പരമ്പരയില്‍ അജ്ഞാതരായ രണ്ടു വ്യക്തികളുണ്ട്. [അല്‍ അദ്കാര്‍ പേജ് 122]

ഇബ്നു ഹജരില്‍ അസ്കലാനി (റ) എഴുതുന്നു : ഈ ഹദീസ് ആശയം അവ്യക്തമാകലും നിവേദന പരമ്പരയില്‍ വന്ന അബൂ ഉസ്മാനും അയാളുടെ പിതാവും അറിയപ്പെടാത്ത വ്യക്തിയാകലും ഉള്ളത് കൊണ്ട് ഇബ്നു ഖത്വാന്‍ ഇതിനു ദുര്‍ബലതയുണ്ടെന്നു പറയുന്നു. ഇബ്നു അറബി ഇമാം ദാരഖുത്നിയില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു : ഈ ഹദീസ് ദുര്‍ബലമാണ്‌. മരിച്ചവരുടെ അടുക്കല്‍ വെച്ച് ഖുര്‍ആന്‍ ഓതുന്ന വിഷയത്തില്‍ ഒരു ഹദീസും സഹീഹായിട്ടില്ല. [അത്തല്‍ഖീസ് 5/11]

2. അബൂദര്‍അ' (റ) നിവേദനം : മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [അബൂനുഐം].

ഇത് നിര്‍മിതമായ ഹദീസാണ്. ഇതിന്‍റെ പരമ്പരയില്‍ മര്‍വാനുബ്നു സാലിം എന്നൊരു മനുഷ്യനുണ്ട്. ഇബ്നു ഹാജര്‍ (റ) എഴുതുന്നു : ഇയാള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടവനാണ്. സാജിയും മറ്റും ഇയാള്‍ ഹദീസുകള്‍ നിര്‍മ്മിക്കാരുണ്ടെന്നു പറയുന്നു. [തഖ്രീബ് പേജ് 526]

ഇമാം അഹമദ് (റ) പറയുന്നു : ഇയാള്‍ വിശ്വസ്തനല്ല. ദാറഖുത്നി (റ) പറയുന്നു : ഇത് ഉപേക്ഷിക്കപ്പെടണം. ഇമാം ബുഖാരി, മുസ്‌ലിം, അബൂ ഹാതിം (റ) മുതലായവര്‍ പറയുന്നു : ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമായതാണ്‌. നസാഈ (റ) പറയുന്നു : ഇയാളുടെ ഹദീസുകള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. [മീസാന്‍ 4/91]

മയ്യിത്ത്‌ നമസ്കാരത്തിലെ ബിദ്അതുകള്‍

മയ്യിത്ത്‌ നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടത് മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികള്‍ തന്നെയാണ്. ഇത് അവരുടെ അവകാശമാണ്. പള്ളിയിലെ പുരോഹിതന്‍റെ അവകാശമല്ല. ഫത്ഹുല്‍ മുഈനില്‍ പോലും ഇത് പറയുന്നുണ്ട് (പുത്തൂര്‍ ഫൈസിയുടെ പരിഭാഷ പേജ് 202).

സ്ത്രീകള്‍ക്ക് മയ്യിത്ത്‌ നമസ്കരിക്കുമ്പോള്‍ لها എന്ന് ചെല്ലുന്നത് നബിചര്യക്ക്‌ എതിരാണ്. അതുപോലെ നാലാമത്തെ തക്ബീറിനു ശേഷം അല്‍പസമയം മാത്രമേ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ എന്ന ധാരണയും പിഴച്ചതാണ്. നബി (സ) ഈ സന്ദര്‍ഭത്തിലും ചിലപ്പോള്‍ ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നു. ദീര്ഘിപ്പിക്കുവാന്‍ പാടില്ലെന്നത് സാധാരണക്കാരന്‍റെ തെറ്റിദ്ധാരണ മാത്രമാണെന്ന് ഇമാം നവവി (റ) റിയാലുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.

മയ്യിത്ത്‌ നമസ്കാരത്തില്‍ നിന്നും സലാം വീട്ടുന്ന സന്ദര്‍ഭത്തില്‍ 'വബറകാതുഹു' എന്ന് കൂടി വര്‍ധിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നബിചര്യയില്‍ ഇപ്രകാരം സഹീഹായി വന്നിട്ടില്ല. അതുപോലെ മയ്യിത്തിനെ മുന്നില്‍ വച്ചുകൊണ്ട് ഒരു വിഭാഗം നിര്‍വഹിച്ച നമസ്കാരത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഖബറിന്‍റെ അടുത്ത് പോയി നമസ്കരിക്കുക എന്നതാണ് നബിചര്യ.

മയ്യിത്തിനെ അനുഗമിക്കലും ദിക്ര്‍ ചൊല്ലലും


മയ്യിത്ത്‌ കൊണ്ടുപോകുമ്പോള്‍ സാവധാനം നടക്കല്‍ മനുഷ്യര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണ്. ധ്രതിപ്പെടുന്ന രീതിയില്‍ നടക്കുവാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. (ബുഖാരി, മുസ്ലിം) ഇമാം ശീരാസി(റ) എഴുതുന്നു:

നബി(സ) മയ്യിത്ത്‌ നമസ്കരിച്ചാല്‍ അടക്കം ചെയ്യപ്പെടുന്ന സ്ഥലം വരെ അതിന്റെ കൂടെ നടക്കും. അവിടുന്ന് പറയും: നിങ്ങള്‍ നടത്തം ധ്രതിയിലാക്കുക. (സിഫ്രുസ്സആദ pg.56)

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. വഹാബി വിരോധം മാത്രമാണ് ഇതിനു അവരെ പ്രേരിപ്പിക്കുന്നത്. വിശിഷ്യ പുരോഹിത വര്‍ഗത്തെ.

അബൂഹുറൈറ(റ) നിവേദനം നബി(സ) അരുളി: ജനാസയെ പിന്തുടരുമ്പോള്‍ യാതൊരു തരത്തിലുള്ള ശബ്ദവും അഗ്നിയും പാടില്ല. (അബൂ ദാവൂദ്)

സൈദ്‌ബ്നു അറ്ക്കം(റ) നിവേദനം: നബി(സ) അരുളി: 3 സന്ദര്‍ഭങ്ങളില്‍ മൌനമാണ് അല്ലാഹു ഇഷ്ട്ടപ്പെടുന്നത്.......... ജനാസയെ പിന്തുടരുമ്പോഴും. (ത്വബ്റാനി കബീര്‍ 5130)

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നില്‍ നടക്കുമ്പോള്‍ മൌനം പാലിക്കുക. നിന്റെ മനസ്സില്‍ നീ ചിന്തിക്കുക. (ബസ്സാര്‍ 480 )

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.
എന്നാല്‍ സുന്നത് മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ്(ബാഫളല്‍),  (ഹാശിയതുല്‍ കുബ്ര 2 /76) 

എന്നാല്‍ സുന്നത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.(മഹല്ലി 1/437)
 
 

നൂലും ഏലസ്സും

മന്ത്രം എന്ന നിലക്ക് ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചാല്‍ പോലും ഈ വിഷയത്തില്‍ നൂല്, വട്ടക്കണ്ണി, ഏലസ്സ്, ഉറുക്ക്, എല്ലാം സമമാണ്. അതുപോലെ മന്ത്രിച്ചു വെള്ളത്തില്‍ ഊതുകയും ആ വെള്ളം രോഗശമനത്തിന് കുടിക്കുകയും ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. സ്വഹീഹായ ഒരു ഹദീസിലും നബി(സ) ഇവയ്ക്കു അനുവാദം നല്‍കിയത് ഉദ്ധരിക്കുന്നില്ല.


ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു നിനക്ക് നാശം എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചതാണോ എന്ന് നബി(സ) ഇവിടെ അന്വേഷിക്കുന്നില്ല.

ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കികൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാകവടി (ചിപ്പി) കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ.(അഹ്മദ്, ഹാകിം). ഇവിടെയും പ്രവാചകന്‍ ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.


ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. "അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല" (അബുഹാതിം)



ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി ഹുദൈഫ(റ) കണ്ടു. അദ്ദേഹം ചോദിച്ചു   എന്താണിത്? രോഗി പറഞ്ഞു മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബുഹാത്തിം) . ഒരു മുസ്ലിമാണ് ഈ രോഗിയെന്നു ഹദീസ് വ്യക്തമാക്കുന്നു. ഇദ്ദേഹം ശിര്‍ക്കിന്റെ പദം ഉപയോഗിച്ച് മന്ത്രിച്ച നൂല് കെട്ടുകയില്ലഎന്നത് ഉറപ്പാണല്ലോ.

സ്വഹാബികളില്‍ നിന്ന് ദീന്‍ ഗ്രഹിച്ച ഇബ്രാഹീമുന്നക്ഈ(റ) പറയുന്നു: അവര്‍ എല്ലാതരം ഏലസ്സുകളും വെറുത്തിരുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും അല്ലെങ്കിലും (വകീഅ')

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana