Featured

നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

രാത്രി ലൈംഗികബന്ധം നടത്തിയാല്‍ സുബുഹിന്‍റെ ബാങ്ക് വിളിക്കുന്നതിനു മുമ്പ് തന്നെ കുളിക്കണമെന്നും അതിനു സാധിക്കാതെ വന്നാല്‍ നോമ്പ് മുറിയുമെന്നുള്ള ഒരു തെറ്റിദ്ധാരണ ചിലരില്‍ കാണാം. അതിനാല്‍ നോമ്പിന്‍റെ രാത്രിയില്‍ ലൈംഗികബന്ധം നടത്തുവാന്‍ മടി കാണിക്കുന്ന സ്ത്രീ പുരുഷന്മാരെയും കാണാം. ഇത് ഭയഭക്തിയാണെന്ന് ഇവരെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിചര്യയെ അവഗണിക്കലും പ്രവാചകനേക്കാള്‍ മുത്തഖിയാകുവാന്‍ ശ്രമിക്കലുമാണത്. കൂടാതെ മതത്തില്‍ അതിരുകവിയലുമാണ്. കുളിയുടെ പ്രശ്നത്തില്‍ നോമ്പുകാലവും മറ്റുള്ള കാലവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലതന്നെ. സുബഹി നമസ്ക്കരിക്കുന്നതിന് മുമ്പ് കുളിക്കണമെന്നു മാത്രം. സാധാരണ കാലത്തേതു പോലെത്തന്നെ. ഇനി സൂര്യന്‍ ഉദിച്ചതിനു ശേഷമാണ് ഉണരാന്‍ സാധിച്ചതെങ്കില്‍ അപ്പോള്‍ കുളിച്ചു നമസ്ക്കരിക്കണം. ജനാബത്തുകാരനായി എന്നത് ഒരിക്കലും നോമ്പിന് പ്രശ്നം സൃഷ്ടിക്കുകയില്ല. 

ആയിശ (റ) നിവേദനം : നബി (സ) റമദാനില്‍ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ സംയോഗം കൊണ്ടുതന്നെ ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ടിക്കുമായിരുന്നു. [ബുഖാരി, മുസ്‌ലിം] 

ആയിശ (റ) നിവേദനം : ഒരിക്കല്‍ ഒരാള്‍ പ്രവാചകന്‍ (സ)യോട് മതവിധി ചോദിച്ചു. ഞാന്‍ വാതിലിന്‍റെ പിന്നില്‍ നിന്നും അതു ശ്രവിച്ചു. അയാള്‍ പറഞ്ഞു : പ്രവാചകരെ, എനിക്ക് നമസ്കാര സമയമാകും. ഞാന്‍ ജനാബത്തുകാരനായിരിക്കുകയും ചെയ്യും. ആ ദിവസം ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ? നബി (സ) മറുപടി പറഞ്ഞു : ജനാബത്തുകാരനായിരിക്കെ എനിക്കും നമസ്കാര സമയമാകാറുണ്ട്. അങ്ങനെ ഞാന്‍ നോമ്പനുഷ്ടിക്കാറുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു : പ്രവാചകരെ, താങ്കള്‍ ഞങ്ങളെപ്പോലെയല്ല. താങ്കള്‍ക്കു മുന്തിപ്പിച്ചതും പിന്തിപ്പിച്ചതുമായ ചെറുപാപങ്ങള്‍ വരെ അല്ലാഹു പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : അല്ലാഹുവാണ് സത്യം, നിങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ ഞാനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂക്ഷിക്കേണ്ടുന്ന സംഗതികള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്നവനും ഞാനാണ്. [മുസ്‌ലിം 1110]

മര്‍വാന്‍ (റ) പറയുന്നു : ഒരു മനുഷ്യന്‍ നോമ്പുകാലത്ത് ജനാബത്തുകാരനായി പ്രവേശിച്ചാല്‍ അയാള്‍ക്ക്‌ നോമ്പനുഷ്ടിക്കുവാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് ഉമ്മു സലമ (റ)യുടെ അടുത്തേക്ക് അയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : നബി (സ) സംയോഗം ചെയ്തു ജനാബത്തുകാരനായിക്കൊണ്ട് തന്നെ പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം നോമ്പ് മുറിക്കുകയോ അതിന്നു പകരം നോറ്റുവീടുകയോ ചെയ്യാറില്ല. [മുസ്‌ലിം 1109].

നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

അത്വാഅ' (റ) പറയുന്നു : അന്‍സാറുകളില്‍പെട്ട ഒരാള്‍ നോമ്പുകാരനായിരിക്കെ തന്‍റെ ഭാര്യയെ ചുംബിച്ചു. ഇതിനെക്കുറിച്ച് നബി (സ) യോട് ചോദിക്കാന്‍ അദ്ദേഹം തന്‍റെ ഭാര്യയോട് കല്‍പ്പിച്ചു. അവര്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്യാറുണ്ട്. അതു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : നബി (സ)ക്ക് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ ഇളവു നല്‍കാറുണ്ട്. ആ വിവരം അദ്ദേഹത്തിന്‍റെ ഭാര്യ നബി (സ) യോട് വന്നു പറഞ്ഞു. അപ്പോള്‍ നബി (സ) കോപിഷ്ഠനായിക്കൊണ്ട് പറഞ്ഞു : ഞാനാണ് നിങ്ങളെക്കാള്‍ മതകാര്യം അറിയുന്നവനും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനും. [മുസ്‌ലിം, മുവത്വ].

മറ്റൊരു നിവേദനത്തില്‍ പറയുന്നു : പ്രവാചകരെ, താങ്കള്‍ക്കു അല്ലാഹു മുന്തിപ്പിക്കുകയും പിന്തിപ്പിക്കുകയും ചെയ്ത ചെറുപാപങ്ങള്‍ വരെ പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : എന്നാല്‍ അല്ലാഹുവാണ് സത്യം, ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭയഭക്തനും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും. [മുസ്‌ലിം 1108]

മസറൂഖ് (റ) പറയുന്നു : ഒരു മനുഷ്യന് നോമ്പനുഷ്ടിക്കുന്ന സന്ദര്‍ഭത്തില്‍ എന്താണ് തന്‍റെ ഭാര്യയില്‍ നിന്നും അനുവടിക്കപ്പെടുകയെന്നു ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : എല്ലാം അനുവദനീയമാണ്‌. സംയോഗം ഒഴികെ. [അബ്ദുറസാക്ക്]. വളരെയധികം സഹീഹായ ഒരു ഹദീസാണിത്. 

നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 

നബി (സ) പറഞ്ഞു : ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും. [ബുഖാരി]. സുന്നത്തിനെ മറികടക്കുന്ന സ്വഭാവം സൂക്ഷ്മതയായി സ്വീകരിക്കേണ്ടതില്ലെന്നു ഈ ഹദീസ് ഉണര്‍ത്തുന്നു.

ഇബ്നു ഹാജര്‍ (റ) "ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്" എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ. [ഫത്ഹുല്‍ബാരി 5/721] 

നബി (സ) അരുളി : നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക. [അബൂദാവൂദ്]

നോമ്പും അത്താഴവും

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്. 

സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കള യണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.  എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

അതുപോലെ നോമ്പിന്റെ പകല്‍ സമയത്ത് ഒരാള്‍ കിടന്നുറങ്ങുകയും അങ്ങനെ സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്‌താല്‍ അതു അയാളുടെ നോമ്പിനെ മുറിക്കുകയില്ല. കഫം ഇറങ്ങിപ്പോയാല്‍ നോമ്പ് മുറിയുമെന്ന ധാരണക്കും നബി (സ)യില്‍ നിന്നോ സഹാബികളില്‍ നിന്നോ യാതൊരു തെളിവും ഉദ്ധരിക്കുന്നില്ല.  അതുപോലെ നോമ്പിന്‍റെ പകലില്‍ പല്ലില്‍ കുത്തുവാനോ ചെവിയില്‍ തോണ്ടാണോ പാടില്ല എന്നതും പകലില്‍ വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നതുമെല്ലാം തികഞ്ഞ അന്ധവിശ്വാസങ്ങളാണ്. 

നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌. 

അനസ് (റ) പറയുന്നു : എനിക്ക് ഒരു കൃതിമ കുളമുണ്ട്. ഞാനതില്‍ നോമ്പ്കാരനായി പ്രവേശിക്കാറുണ്ട്. [ബുഖാരി]

നോമ്പ് കാലത്ത് കുളിയുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിധി പ്രവാചകന്‍ (സ) നിര്‍ണ്ണയിക്കുന്നില്ല. ചെവിയും വായും മറ്റും കൈകള്‍ കൊണ്ട് മൂടിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങുന്ന ചില അല്‍പജ്ഞാനികളെയും നോമ്പ് കാലത്ത് കാണാം. തലയില്‍ വെള്ളം കോരി ഒഴിക്കുവാന്‍ വേണ്ടി നോമ്പ് കാലത്ത് പാത്രവുമായി കുളത്തിലേക്കും പുഴയിലേക്കും പുറപ്പെടുന്ന സ്ത്രീകളെയും കാണാറുണ്ട്. അജ്ഞതയാണ് ഈ സമൂഹത്തെ നിയന്ത്രിക്കുന്നത്‌. വസ്'വാസിന്‍റെ ആളുകള്‍ ഉണ്ടാക്കിയതാണ് അവയെല്ലാം

ബറാഅത്ത് നോമ്പ്

ശഅബാന്‍ പകുതിയുടെ ദിവസം ബറാഅത്ത് നോമ്പ് എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ടിക്കുന്നത് കാണാം. തനിച്ച അനാചാരമാണത്. നബി (സ)യും സഹാബിവര്യന്മാരും ഈ ദിവസം പ്രത്യേകമായി നോമ്പനുഷ്ടിക്കാറില്ല. എല്ലാ മാസവും അയ്യാമുല്‍ ബീളിന്‍റെ (13,14,15) നോമ്പനുഷ്ടിക്കുന്നത് പോലെ ഈ മാസവും അയ്യാമുല്‍ ബീളിന്‍റെ നോമ്പ് നോല്‍ക്കും. അത്ര മാത്രം. പതിനഞ്ചിന് പ്രത്യേകത നല്‍കി ബറാഅത്ത് നോമ്പ് എന്ന നിലക്ക് അനുഷ്ടിക്കല്‍ അനാചാരമാണ്‌. അഗ്നി ആരാധകന്മാര്‍ മുസ്‌ലിംവേഷം ധരിച്ചു നിര്‍മ്മിച്ചുണ്ടാക്കിയതാണ് ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയും അതിലെ ആരാധനാകര്‍മ്മങ്ങളും. 

ഇത് അനുഷ്ടിക്കുന്നവര്‍ പറയുന്ന തെളിവ് : 

അലി (റ) നിവേദനം : നബി (സ) പറഞ്ഞു : ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ ആ രാത്രിയില്‍ നിന്ന് നമസ്കരിക്കുകയും പകലില്‍ നോമ്പ് പിടിക്കുകയും ചെയ്യുവിന്‍. കാരണം ആ രാത്രിയില്‍ സൂര്യന്‍ അസ്തമിച്ചാല്‍ അല്ലാഹു ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. [ഇബ്നു മാജ] 

മറുപടി 1 : 

ഇബ്നു ഹജറില്‍ ഹൈതമി (റ) പറയുന്നു : ശഅബാന്‍ പകുതിയില്‍ അയ്യാമുല്‍ ബീളിന്‍റെ നോമ്പ് എന്ന നിലക്ക് നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്. ഈ ദിവസത്തിന്‍റെ പ്രത്യേകത എന്ന നിലക്കല്ല. കാരണം ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമായതാണ്. [ഫതാവല്‍ കുബ്റ 2/80] 

മറുപടി 2: 

ഈ ഹദീസിന്‍റെ പരമ്പരയില്‍ ഇബ്നു അബീയസ്റത്ത് എന്ന മനുഷ്യനുണ്ട്. ഇമാം ബുഖാരി (റ) ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ഇമാം അഹമദ് (റ) ഇയാള്‍ ഹദീസ് നിര്‍മ്മിക്കുന്നവനാണെന്ന് പറയുന്നു. ഇയാള്‍ വളരെയധികം വര്‍ജിക്കപ്പെടേണ്ടവനാനെന്നു ഇബ്നു മഈന്‍ (റ) പറയുന്നു. ഈ മനുഷ്യന്‍റെ ഹദീസുകള്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല. [മീസാന്‍ 4/504]. ഈ മനുഷ്യന്‍റെ നിര്‍മിതമായ ഹദീസിനു മാതൃകയായി ഇമാം ദഹബി (റ) ഈ ഹദീസ് എടുത്തുകാണിക്കുന്നു. ഇമാം അബൂശാമ (റ)യും ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. [ബാഇസ് പേജ് 23].

നിയ്യത്ത് ചൊല്ലല്‍

അല്ലാഹു പറയുന്നു : "ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും." [അദ്ധ്യായം 17 ഇസ്‌റാഅ് 19]

 നബി (സ) പറഞ്ഞു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക." [ബുഖാരി,മുസ്ലിം]

 മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ നിന്നും ഹദീസില്‍ നിന്നും ഒരു പുണ്യ കര്‍മ്മം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലെ വിചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അല്ലാഹു അതിനെ പരിഗണിക്കുകയെന്ന് വ്യക്തമാവുന്നു. ഭൗതിക താല്പര്യമാണെങ്കില്‍ പരലോകത്ത് അതിനു പ്രതിഫലം ലഭിക്കുകയില്ല. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകര്‍മ്മങ്ങള്‍ക്കല്ല പ്രത്യുത സര്‍വ്വ പുണ്യകര്‍മ്മങ്ങള്‍ക്കും നിയ്യത്ത് വേണമെന്നാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം.വഴിയില്‍ നിന്ന് ഉപദ്രവം നീക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം. മൃഗങ്ങളോട് ദയ കാണിക്കല്‍, സ്നേഹിതനെ കണ്ടാല്‍ പുഞ്ചിരിക്കല്‍, പരസ്പരം സലാം പറയല്‍, കുട്ടികളെ ചുംബിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, യാചകന് ധര്‍മ്മം നല്‍കല്‍ എന്നിവയെല്ലാം തന്നെ പുണ്യകര്‍മ്മങ്ങളായി അല്ലാഹു പരിഗണിക്കണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്‌.

 ഇത്രയും വിവരിച്ചതില്‍ നിയത്ത് എന്നതിന്റെ അര്‍ഥം ചൊല്ലിപ്പറയല്‍ എന്നല്ല എന്ന് വ്യക്തമായി. വഴിയില്‍ നിന്ന് മുള്ള് എടുത്തു മാറ്റുമ്പോള്‍, 'ഞാന്‍ അല്ലാഹുവിനു വേണ്ടി പുണ്യം ലഭിക്കാന്‍ വഴിയില്‍ ഇന്ന് മുള്ള് എടുത്തു മാറുന്നു' അല്ലെങ്കില്‍ ഭാര്യക്ക് ചെലവിനു കൊടുക്കുമ്പോള്‍ 'ഞാന്‍ നിനക്ക് ചെലവിനു തരുന്നു അല്ലാഹുവില്‍ നിന്ന് പുണ്യം ലഭിക്കാന്‍' എന്നെല്ലാം ചൊല്ലി പറയണമെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ അയാള്‍ അനാചാരത്തിന്റെ അടിമയാണ്. അപ്പോള്‍ നിയ്യത്ത് വേണം എന്ന് നബി(സ) പഠിപ്പിച്ച ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭൗതികമായ നന്മകള്‍ മാത്രമായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. പ്രത്യുത പരലോകത്തെ പ്രതിഫലമായിരിക്കണം.ഇതുപോലെ തന്നെയാണ് നമസ്കാരം, നോമ്പ് മുതലായ കാര്യങ്ങള്‍ക്ക് നിയ്യത്ത് വേണമെന്ന് പറയുന്നത്. ഇവിടെയും മേല്‍പറഞ്ഞ പുണ്യങ്ങളും പ്രവാചകന്‍ വേര്‍പ്പെടുത്തുന്നില്ല.നിയ്യത്ത് ചൊല്ലി പറയണം എന്നൊന്നും ഇവിടെ എവിടെയും ഉത്ഭവിക്കുന്നില്ല. നാം ചെയ്യുന്ന പ്രവര്‍ത്തി ഇന്നതാണെന്ന ശരിയായ ബോധം നമുക്കുണ്ടായിരിക്കണം. ബുദ്ധിയുള്ള മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇത് ഉണ്ടാകും. കൂടെ പരലോക പ്രതിഫലം ആഗ്രഹിക്കണം. ഇതാണ് നിയ്യത്ത്.

 ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നു: "ഇമാം നവവി(റ) പറയുന്നു: 'നിയ്യത്ത് എന്നത് ഉദ്ദേശമാണ്.അത് മനസ്സിന്റെ ഉറപ്പാണ്.' ബൈഹകി പറയുന്നു: 'നിയ്യത്ത് എന്നത് ഒരാള്‍ ദര്‍ശിക്കുന്നതിനു നേരെയുള്ള ഹൃദയത്തിന്റെ ഉത്തേജനമാണ്.'" (ഫത്ഹുല്‍ ബാരി). നിയ്യത്ത് ചൊല്ലിപറയുക എന്നത് നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യ അല്ല. സ്വഹീഹായ ഒരു ഹദീസിലും നിയ്യത്ത് ചൊല്ലി പറയുവാന്‍ കല്‍പ്പിക്കുന്നില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana