Featured

സുബ്ഹിലെ ഖുനൂത്ത്


സുബ്ഹ് നമസ്കാരത്തില്‍ ചിലര്‍ ഖുനൂത്ത് ഓതുന്നത്‌ കാണാം. ശാഫീ മദ്ഹബ് പ്രചാരത്തിലുള്ള മുസ്‌ലിംകൾക്കിടയിലാണ്  ഈ അനാചാരം കാണാന്‍ സാധിക്കുക. ഹനഫീ ഹമ്പലീ മദ്ഹബുകളും നബിചര്യയും പ്രചാരത്തിലുള്ള മുസ്ലിംകൾക്കിടയില്‍ ഈ സമ്പ്രദായം ദര്‍ശിക്കാന്‍ സാദ്യമല്ല.

മുഹമ്മദ്‌ ഇബ്ന്‍ സീരിന്‍(റ) നിവേദനം: നബി(സ) സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഒതിയിരുന്നുവോ എന്ന് അനസ്(റ)വിനോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അതെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. റുകൂഇന്നു മുമ്പായിരുന്നുവോ എന്ന് വീണ്ടും ചോദിക്കപ്പെട്ടു. അപ്പോള്‍ റുകൂഇന്നു ശേഷം കുറച്ചു കാലം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി 1001, മുസ്ലിം 677 )

കുറച്ചുകാലം എന്നത് അനസ്(റ) തന്നെ വിവരിക്കുന്നത് കാണാം:
അനസ്(റ) നിവേദനം: നിശ്ചയം നബി(സ) റുകൂഇന്നു ശേഷം ഒരു മാസം മാത്രമാണ് ഖുനൂത്ത് ചൊല്ലിയിരുന്നത്.  (ബുഖാരി 1002, മുസ്ലിം 675)

നബി(സ) ഒരു പ്രാവശ്യം ചെയ്‌താല്‍ തന്നെ അത് രേഖയാണല്ലോ എന്ന സംശയത്തിനു ഇവിടെ പ്രസക്തമില്ല. കാരണം നബി(സ) ഈ നിയമം ദുര്‍ബലപ്പെടുത്തുകയും പാടെ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. നമസ്കാരത്തില്‍ സംസാരിക്കലും ബൈത്തുല്‍  മുക്വദ്ദസിന്റെ  നേരെ തിരിഞ്ഞു  നമസ്ക്കരിക്കലും മറ്റും ഉപേക്ഷിച്ചതുപോലെ.

അനസ്(റ) നിവേദനം: അങ്ങനെ നബി(സ) പ്രഭാത നമസ്കാരത്തില്‍ ഒരുമാസം അവര്‍ക്കെതിരില്‍ ഖുനൂത്ത് ചൊല്ലി. ഞങ്ങള്‍ ഖുനൂത്ത് ചൊല്ലുന്നവര്‍ ആയിരുന്നില്ല. ശേഷം അത് ഉയര്‍ത്തപ്പെട്ടു. (ബുഖാരി 4090)

അബുഹുറൈറ(റ) നിവേദനം:......പ്രശ്നങ്ങളില്‍ നിനക്ക് യാതൊന്നും ഇല്ല....... എന്നാ ആയത്ത് അവതരിക്കപ്പെട്ടത് മുതല്‍ നബി(സ) ഖുനൂത്ത് ഉപേക്ഷിച്ച വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. (മുസ്ലിം 675 )

അനസ്(റ) നിവേദനം: തീര്‍ച്ചയായും നബി(സ) ചില അറബി ഗോത്രങ്ങൾക്കെതിരായി ഖുനൂത്ത് ചൊല്ലി. ശേഷം അത് ഉപേക്ഷിച്ചു. (മുസ്ലിം 687 )

ഈ ഒരു ഖുനൂത്ത് മാത്രമാണ് നബി(സ) ചൊല്ലിയിരുന്നത്. മറ്റൊരു തരത്തിലുള്ള ഏതെങ്കിലും ഒരു ഖുനൂത്ത് ഏതെങ്കിലും ഒരു കാലത്ത് നബി(സ) തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയത് സ്വഹീഹായ ഹദീസിലൂടെ ഉദ്ധരിക്കുന്നില്ല. ഇനിയും കാണുക.

അബൂമാലിക്ക്(റ) നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു താങ്കള്‍ അല്ലാഹുവിന്റെ ദൂതന്റെ പിന്നില്‍ നിന്ന് നമസ്കരിച്ചിട്ടുണ്ട്, അത് പോലെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരുടെയും; ഇവിടെ കൂഫയില്‍ 5 വര്‍ഷം അലി(റ)യുടെ  പിന്നിലും നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരെങ്കിലും സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഓതിയിരുന്നോ?  അപ്പോള്‍ അദ്ദേഹം പറഞു എന്റെ മകനെ, അത് പുതിയതാണ്. (തുര്മുദി ഇബ്ന്മാജ, നസാഈ, അഹ്മദ്)

ഈ ഹദീസ് ഉദ്ധരിച്ച ശേഷം തുര്മുദി എഴുതുന്നു:
ഈ ഹദീസ് സ്വഹീഹായതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് (സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഉപേക്ഷിക്കല്‍) ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ചര്യ. (തുര്മുദി)

സുബ്ഹ് നമസ്കാരത്തില്‍  ഖുനൂത്ത് ചൊല്ലണം എന്ന് വന്ന ചില ഒറ്റപ്പെട്ട ഹദീസുകള്‍ എല്ലാം തന്നെ വളരെ ദുര്‍ബലമാണ്. പ്രത്യക്ഷത്തില്‍ തന്നെ അത് ബുഖാരി മുസ്ലിം അനസ്(റ) നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസിനു എതിരാണ്താനും.    
-- 
Get Free Email Updates to your Inbox!

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana