Featured

ചേലാകർമ്മവും സദ്യയും

അഞ്ച്‌ സംഗതികൾ പ്രകൃതിയിൽ ഉൾപ്പെട്ടതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കൽ, കക്ഷങ്ങളിലെ മുടികളയൽ, നഖം മുറിക്കൽ, മീശ മുറിക്കൽ തുടങ്ങിയവ (ബുഖാരി, മുസ്‌ലിം). ഒരു മുസ്‌ലിം ഇവ നിർവ്വഹിക്കുമ്പോൾ പ്രത്യേകമായ സദ്യയുണ്ടാക്കി ആളുകളെ ക്ഷണിച്ച്‌ ആഘോഷമാക്കാൻ ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല.

എന്നാൽ ഇവയിൽ ചേലാകർമ്മവുമായി ബന്ധപ്പെടുത്തി ധാരാളം അനാചാരങ്ങൾ സമുദായത്തിൽ നിലനിൽക്കുന്നതായി കാണുന്നു. ഫത്‌ഹുൽ മുഈനിലെ പ്രസ്താവനകൾ ആദ്യകാലത്ത്‌ മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്ന ചേലാകർമ്മ അനാചാരങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നതായി കാണാം. ഫത്‌ഹുൽ മുഈനിൽ പറയുന്നു: ചേലാകർമ്മ വേളയിൽ ലഭിക്കുന്ന സംഭാവനകളുടെ ഉടമ പിതാവാകുന്നു. ചേലാകർമ്മ ചടങ്ങിൽ പങ്കെടുക്കുന്നവർ പണം ഇടുന്നതിനായി ചില സ്ഥലങ്ങളിൽ തളിക വെക്കുകയെന്ന സമ്പ്രദായം നിലനിൽക്കുന്നു. അങ്ങനെ കിട്ടുന്ന തുക ചേലാകർമ്മ കല്യാണക്കാരൻ, ഒസാൻ, ഭൃത്യൻ, കുട്ടിയുടെ പിതാവ്‌ തുടങ്ങിയവർക്കാണ് ലഭിക്കുക. ശേഷം ഫത്‌ഹുൽ മുഈനിൽ എഴുതുന്നു : 'അതിനാൽ നാട്ടുനടപ്പിനെ അപേക്ഷിച്ച്‌ മതാചാരത്തിനാണ് മുൻഗണന നൽകേണ്ടത്‌'.

ഉണരുക സമുദായമേ! മതാചാരത്തിന്ന് മുൻഗണന നൽകുകയാണെങ്കിൽ മുകളിൽ പറഞ്ഞതെല്ലാം അനാചാരങ്ങളാണ്. യാതൊരു ആചാരവും ചേലാകർമ്മവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല. മുഹിയിദ്ദീൻ ശൈഖ്‌ (റ) തന്റെ ഗുൻയത്ത്‌ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി : 'ചേലാകർമ്മത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കൽ സുന്നതല്ല. ക്ഷണിക്കപ്പെട്ടയാൾക്ക്‌ ക്ഷണം സ്വീകരിക്കേണ്ട ബാധ്യതയുമില്ല'.

ഇമാം അഹമ്മദ്‌, ത്വബ്‌ റാനി മുതലായവർ ഉസ്മാൻ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു : ഉസ്മാൻ (റ) ഒരു ചേലാകർമ്മത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ക്ഷണിച്ചയാളോട്‌ പറഞ്ഞു : 'നബി (സ)യുടെ കാലത്ത്‌ ഞങ്ങൾ അതിലേക്ക്‌ പോകാറില്ല. ക്ഷണിക്കപ്പെടാറുമില്ല'.

അതുപോലെത്തന്നെ ചേലാകർമ്മവുമായി ബന്ധപ്പെട്ട്‌ കാണുന്ന മൗലൂദ്‌, റാതീബ്‌, കരച്ചിൽ കേൾക്കാതിരിക്കാൻ യാനബീ എന്ന് ചൊല്ലൽ, സുഖപ്പെട്ടതിനു ശേഷം പള്ളിയിൽ പോയി മിഹ്‌റാബിൽ സുജൂദ്‌ ചെയ്യൽ, പള്ളി വലംവെക്കൽ തുടങ്ങിയ ശിർക്കൻ ബിദ്‌അത്തുകൾക്കൊന്നും പരിശുദ്ധ ഇസ്‌ലാമിനു പങ്കില്ല.

Get Free Email Updates to your Inbox!

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana