Featured

ആരോഗ്യമുണ്ടെങ്കില്‍ മാത്രം ഹജ്ജ് നിര്‍ബന്ധം എന്ന ധാരണ


ചില മനുഷ്യന്മാര്‍ക്ക് സാമ്പത്തികമായ കഴിവ് ഉണ്ടാകുക ആരോഗ്യം നഷ്ടപ്പെട്ട സന്ദര്‍ഭത്തിലായിരിക്കും. ആരോഗ്യമില്ലെങ്കില്‍ എത്ര സാമ്പത്തികശേഷിയുണ്ടായാലും ഹജ്ജ് നിര്‍ബന്ധമാവുകയില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകളില്‍ കാണാം. പ്രവാചകന്‍ (സ)യുടെ നിര്‍ദേശത്തിനു എതിരാണ് ഈ ധാരണ. 

ഇബ്നു അബ്ബാസ് (റ) നിവേദനം : ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ വന്നു പറഞ്ഞു : അല്ലാഹുവിന്‍റെ ദൂതരെ, ഹജ്ജ് ഫര്‍ളാക്കിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ കല്‍പ്പന എന്‍റെ വയോവൃദ്ധനായ പിതാവിനും ബാധകമായിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് വാഹനത്തിലിരിക്കാന്‍ കഴിയുകയില്ല. അദ്ദേഹത്തിന് വേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ? "അതെ, നിനക്ക് അങ്ങനെ ചെയ്യാം " എന്നു റസൂല്‍ (സ) മറുപടി കൊടുത്തു. ഈ സംഭവം ഹജ്ജതുല്‍  വിദാഇലായിരുന്നു. [ബുഖാരി, മുസ്‌ലിം]. ശാരീരികമായി കഴിവില്ലാത്തതിനാല്‍ നീ തെറ്റിദ്ധരിച്ചത് പോലെ നിന്‍റെ പിതാവിന് ഹജ്ജ് നിര്‍ബന്ധമാവുകയില്ല എന്ന് നബി (സ) ആ സ്ത്രീയോട് ഇവിടെ പ്രസ്ഥാവിക്കുന്നില്ല. 

ഇമാം നവവി (റ) എഴുതുന്നു : ഈ ഹദീസില്‍ സ്വയം ദുര്‍ബലനായ വ്യക്തിക്കും ഹജ്ജ് നിര്‍ബന്ധമാകുന്നുണ്ട്. സന്താനങ്ങള്‍ പോലെയുള്ള മറ്റുള്ളവരുടെ സഹായം അവനു ലഭിക്കുമെങ്കില്‍ ഇതാണ് നമ്മുടെ മദ്ഹബ്. [ശറഹു  മുസ്‌ലിം 5/108]

ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്ത് നിര്‍വഹിക്കല്‍


ബാങ്ക് വിളിച്ചവന്‍ തന്നെ നിരുപാധികം ഇഖാമത്ത് നിര്‍വഹിക്കണമെന്ന ഒരു തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. യഥാര്‍ത്ഥത്തില്‍ ഈ ധാരണ സുന്നത്തിനു എതിരാണ്. ഇത് സഹീഹായ ഒരു ഹദീസിലും നിര്‍ദേശിക്കുന്നില്ല. 

അബ്ദുല്ലാഹിബ്നു സൈദ്‌ (റ) നിവേദനം : ബിലാല്‍ (റ) ബാങ്ക് വിളിച്ച ഒരു നമസ്കാരത്തിന് നബി (സ) ഇദ്ദേഹത്തോട് ഇഖാമത്ത് കൊടുക്കുവാന്‍ പറയുകയും അദ്ദേഹം കൊടുക്കുകയും ചെയ്തു. [അബൂദാവൂദ്, അഹമദ്]. ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്ത് കൊടുക്കണമെന്നു പറയുന്ന ഹദീസിനെക്കാള്‍ പ്രബലമായതാണ് ഈ ഹദീസെന്നു ഇബ്നു അബ്ദില്‍ ബിര്‍ഹ് (റ) പറയുന്നു. 

ഇബ്നു അബ്ബാസ് (റ) നിവേദനം : ഇസ്ലാമില്‍ ആദ്യമായി ബാങ്ക് വിളിച്ചത് ബിലാല്‍(റ)വും ആദ്യമായി ഇഖാമത്ത് വിളിച്ചത് അബ്ദുല്ലാഹിബ്നു സൈദുമാണ്. [ഹാക്കിം] 

ഈ വാദം ഉന്നയിക്കുന്നവരുടെ തെളിവുകള്‍ : 

1. സിയാദ്ബ്നു ഹര്‍സ് (റ) നിവേദനം : ....അപ്പോള്‍ നബി (സ) പറഞ്ഞു : സ്വദാഈ ഇഖാമത്ത് കൊടുക്കട്ടെ. കാരണം നിങ്ങളില്‍ ബാങ്ക് വിളിച്ചവന്‍ തന്നെ ഇഖാമത്തും നിര്‍വഹിക്കണം. [അബൂദാവൂദ്, തുര്‍മുദി]

മറുപടി : ഇതിന്‍റെ പരമ്പരയില്‍ അബ്ദുര്‍റഹ്മാനിബ്നു സിയാദുല്‍ ഇഫ്രീഖി എന്ന മനുഷ്യനുള്ളതിനാല്‍ ഹദീസ് ദുര്‍ബലമാണ്. ഈ മനുഷ്യന്‍ ദുര്‍ബലനാണെന്നും ഇബ്നു ഹജര്‍ (റ) പറയുന്നു. [തഖ്രീബ് : പേജ് 340].
ഇമാം തുര്‍മുദി  തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. 
ഇമാം ബഗവി (റ) ഈ ഹദീസിനെ ദുര്‍ബലമാക്കിയിട്ടുണ്ടെന്നു ഇമാം നവവി (റ) ഉദ്ധരിക്കുന്നു. [ശര്‍ഹുമുഹദ്ദബ് 3/111]. 
ഇമാം ബൈഹഖിയും ഈ ഹദീസ് ദുര്‍ബലമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. [ബൈഹഖി 1 /405]

2 . ഇബ്നു ഉമര്‍ (റ) നിവേദനം : ബാങ്ക് വിളിച്ചവന്‍ ഇഖാമത്ത് നിര്‍വഹിക്കണം. [ബൈഹഖി, ത്വബ്റാനി]

മറുപടി : ഈ ഹദീസിന്‍റെ പരമ്പരയും ദുര്‍ബലമാണ്. സഈദുബ്നു റാഷിദ് എന്ന മനുഷ്യന്‍ ഇതിന്‍റെ പരമ്പരയിലുണ്ട്. ഇയാള്‍ ദുര്‍ബലനാണെന്ന് ഇബ്നു ഹജര്‍ (റ) പറയുന്നു. [തല്ഖീസ് 3/10]

മറവിയുടെ സുജൂദിലെ പ്രാര്‍ത്ഥന


നമസ്കാരത്തില്‍ മറവി സംഭവിച്ചാല്‍ രണ്ട് സുജൂദ് ചെയ്യുവാന്‍ നബി (സ) കല്‍പ്പിച്ചിരിക്കുന്നു. ഈ സുജൂദില്‍ പ്രത്യേകമായി ഒരു പ്രാര്‍ത്ഥന ചൊല്ലുവാന്‍ നബി (സ) നമ്മോട് നിര്‍ദേശി ക്കുന്നില്ല. സാധാരണ സുജൂദില്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥനയാണ് നാം മറവിയുടെ സുജൂദിലും പ്രാര്‍ഥിക്കേണ്ടത്. എന്നാല്‍ ചിലര്‍ ഈ സുജൂദില്‍ 'സുബ്ഹാന മിന്‍ ലാ യനാം വലാ യസ്ഹു' എന്ന് ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. യാതൊരു അടിസ്ഥാനവും ഈ പ്രാര്‍ത്ഥനക്കില്ല. ചിലര്‍ സന്ദര്‍ഭം നോക്കി നിര്‍മ്മിച്ചുണ്ടാക്കിയതാണിത്.

ഇബ്നു ഹജര്‍ (റ) എഴുതുന്നു : ഞാന്‍ പറയുന്നു, ഈ പ്രാര്‍ത്ഥനക്ക് യാതൊരു അടിസ്ഥാനവും ഞാന്‍ കാണുന്നില്ല. [തല്‍ഖീസ്‌ 4/180]. ഫത്ഹുല്‍ മുഈനില്‍ പോലും ഖീല (പറയപ്പെടുന്നു) എന്ന് പറഞ്ഞാണ് ഈ പ്രാര്‍ത്ഥന ഉദ്ധരിക്കുന്നത്. നബി (സ)യോ സഹാബിമാരോ ചൊല്ലിയതായി പറയുന്നില്ല. 

ചിലര്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന് ജല്‍പ്പിച്ചാണ് ഇത് ഉദ്ധരിക്കുന്നത്. തുഹ്ഫയില്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന വാദത്തെയും ഖണ്ഡിക്കുന്നു. ഇസ്തിഗ്ഫാറാണ് ഇവിടെ യോജിച്ചതെന്നാണ് തുഹ്ഫയില്‍ പറയുന്നത്. [ഐആനത്ത് 1/189]

ചിലര്‍ ഉദ്ധരിക്കുന്നത് എന്ന് പറഞ്ഞാണ് മഹല്ലി ഇത് ഉദ്ധരിക്കുന്നത്. [മഹല്ലി 1/204]. ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണു ഫത്ഹുല്‍ അസീസില്‍ പറയുന്നത്. [4/180]

ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ സുജൂദ് നമസ്കാരത്തിലെ സുജൂദ് പോലെതന്നെയാണ്. [തുഹ്ഫ 2/189]. ഇതിനെ ഇബ്നു ഹജര്‍ വ്യാഖ്യാനിക്കുന്നത് കാണുക : അതിലെ പ്രാര്‍ത്ഥനകള്‍ പോലെ. [തുഹ്ഫ 2/189].

ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ രണ്ട് സുജൂദിന്‍റെ രൂപവും അതിലെ പ്രാര്‍ത്ഥനയും നമസ്കാരത്തിലെ സുജൂദുകള്‍ പോലെതന്നെയാണ്. [ശറഹുല്‍ മുഹദ്ദബ് 4/180]

തസ്ബീഹ് നമസ്കാരം


തസ്ബീഹ് നമസ്കാരം എന്ന പേരില്‍ ചില മുസ്ലിംകള്‍ ഒരു പ്രത്യേക നമസ്കാരം നിര്‍വഹിക്കുന്നത് കാണാം. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്ന് ഓരോ റകഅത്തിലും 75 തവണ ഇവര്‍ ചൊല്ലുന്നു. നിര്‍ണയിക്കപ്പെടാത്ത പ്രതിഫലം ഈ നമസ്കാരത്തിനുണ്ടെന്നു ഫത്ഹുല്‍ മുഈന്‍ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. 

രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം നവവി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്. തീര്‍ച്ചയായും അതിന്‍റെ ഹദീസുകള്‍ ദുര്‍ബലമായതാണ്‌. പുറമേ, അറിയപ്പെടുന്ന നമസ്കാരത്തിന്‍റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്. അതിനാല്‍ സഹീഹായ ഹദീസിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഇത് നിര്‍വഹിക്കാതിരിക്കലാണ് ഏറ്റവും യോജിച്ചത്. എന്നാല്‍ ഈ നമസ്കാരത്തിന്‍റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്നു അറബിയും മറ്റുള്ളവരും ഈ വിഷയത്തില്‍ സഹീഹും ഹസനുമായ ഹദീസുകള്‍ വന്നിട്ടില്ലെന്ന് പറയുന്നു. അല്ലാഹുവിന്നറിയാം. [ശറഹുല്‍ മുഹദ്ദബ് 4/54]

ഇമാം സുയൂതി (റ) ഉദ്ധരിക്കുന്നു : ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്നു അറബി (റ) പറയുന്നു : ഇതില്‍ സഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്നു ജൌസ് (റ) ഇതിനെ നിര്‍മിതമായ ഹദീസുകളുടെ ഇനത്തില്‍ പറഞ്ഞിരിക്കുന്നു. [അല്ലആലി 2/44]

ഈ ഹദീസിന്‍റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന് ഇമാം ശൌക്കാനി (റ)യും പറയുന്നു. [അല്‍ ഫവാഇദ് : പേജ് 38]

അബൂശാമ (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ കൂടുതല്‍ പരമ്പരകള്‍ വന്നിട്ടുണ്ടെങ്കിലും അത് സഹീഹായിട്ടില്ല. അബൂദാവൂദ് തന്‍റെ സുനനിലും തുര്‍മുദി തന്‍റെ ജാമിഇലും ഇബ്നുമാജ തന്‍റെ സുനനിലും പുറമേ ഹാക്കിം തന്‍റെ മുസ്തദുറകിലും ബൈഹഖി തന്‍റെ സുനനിലും തസ്ബീഹ് നമസ്കാരം ഉദ്ധരിച്ചത്കൊണ്ട് ആരും വഞ്ചിതരാകരുത്. [അല്‍ബാഇസ് : പേജ് 47]

അബൂ ശാമ തുടരുന്നു : ഹാഫില്‍ അബൂ ജഅ'ഫര്‍ പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ഷെയ്ഖ്‌ അബുല്‍ ഫര്‍ജ് നിര്‍മ്മിതമായ ഹദീസുകള്‍ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ തസ്ബീഹിന്‍റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്കാരത്തിന്‍റെ ഹദീസ് പരമ്പരകള്‍ എല്ലാം തന്നെ ചിലത് നബിയിലേക്ക് എത്തിയിട്ടില്ല. ചിലത് പരമ്പര മുറിഞ്ഞതാണ്. ചിലത് നിവേദകന്‍മാര്‍ ദുര്‍ബലമായതാണ് മുതലായ ന്യൂന്യതകളില്‍ നിന്നും ഒഴിവാകുന്നില്ല. [അല്‍ ബാഇസ് : പേജ് 47].  ഇബ്നു ഖുസൈമ (റ)യും ഈ ഹദീസ് സ്ഥിരപ്പെട്ടിട്ടില്ലെന്നു പറയുന്നു. 

ഇമാം ശീരാസി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. [സിഹ്രുസ്സആദ : പേജ് 144]

ഇബ്നു ഹജര്‍ (റ) എഴുതുന്നു ; യാഥാര്‍ത്ഥ്യം തസ്ബീഹ് നമസ്കാരത്തിന്‍റെ സര്‍വ പരമ്പരകളും ദുര്‍ബലമാണെന്നതാണ്. ഇബ്നുത്തീമിയ്യാ, മുസനി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു. [തല്‍ഖീസ് 4/185]

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana