നിയ്യത്ത് ചൊല്ലല്‍

അല്ലാഹു പറയുന്നു : "ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും." [അദ്ധ്യായം 17 ഇസ്‌റാഅ് 19]

 നബി (സ) പറഞ്ഞു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക." [ബുഖാരി,മുസ്ലിം]

 മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ നിന്നും ഹദീസില്‍ നിന്നും ഒരു പുണ്യ കര്‍മ്മം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലെ വിചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അല്ലാഹു അതിനെ പരിഗണിക്കുകയെന്ന് വ്യക്തമാവുന്നു. ഭൗതിക താല്പര്യമാണെങ്കില്‍ പരലോകത്ത് അതിനു പ്രതിഫലം ലഭിക്കുകയില്ല. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകര്‍മ്മങ്ങള്‍ക്കല്ല പ്രത്യുത സര്‍വ്വ പുണ്യകര്‍മ്മങ്ങള്‍ക്കും നിയ്യത്ത് വേണമെന്നാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം.വഴിയില്‍ നിന്ന് ഉപദ്രവം നീക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം. മൃഗങ്ങളോട് ദയ കാണിക്കല്‍, സ്നേഹിതനെ കണ്ടാല്‍ പുഞ്ചിരിക്കല്‍, പരസ്പരം സലാം പറയല്‍, കുട്ടികളെ ചുംബിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, യാചകന് ധര്‍മ്മം നല്‍കല്‍ എന്നിവയെല്ലാം തന്നെ പുണ്യകര്‍മ്മങ്ങളായി അല്ലാഹു പരിഗണിക്കണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്‌.

 ഇത്രയും വിവരിച്ചതില്‍ നിയത്ത് എന്നതിന്റെ അര്‍ഥം ചൊല്ലിപ്പറയല്‍ എന്നല്ല എന്ന് വ്യക്തമായി. വഴിയില്‍ നിന്ന് മുള്ള് എടുത്തു മാറ്റുമ്പോള്‍, 'ഞാന്‍ അല്ലാഹുവിനു വേണ്ടി പുണ്യം ലഭിക്കാന്‍ വഴിയില്‍ ഇന്ന് മുള്ള് എടുത്തു മാറുന്നു' അല്ലെങ്കില്‍ ഭാര്യക്ക് ചെലവിനു കൊടുക്കുമ്പോള്‍ 'ഞാന്‍ നിനക്ക് ചെലവിനു തരുന്നു അല്ലാഹുവില്‍ നിന്ന് പുണ്യം ലഭിക്കാന്‍' എന്നെല്ലാം ചൊല്ലി പറയണമെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ അയാള്‍ അനാചാരത്തിന്റെ അടിമയാണ്. അപ്പോള്‍ നിയ്യത്ത് വേണം എന്ന് നബി(സ) പഠിപ്പിച്ച ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭൗതികമായ നന്മകള്‍ മാത്രമായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. പ്രത്യുത പരലോകത്തെ പ്രതിഫലമായിരിക്കണം.ഇതുപോലെ തന്നെയാണ് നമസ്കാരം, നോമ്പ് മുതലായ കാര്യങ്ങള്‍ക്ക് നിയ്യത്ത് വേണമെന്ന് പറയുന്നത്. ഇവിടെയും മേല്‍പറഞ്ഞ പുണ്യങ്ങളും പ്രവാചകന്‍ വേര്‍പ്പെടുത്തുന്നില്ല.നിയ്യത്ത് ചൊല്ലി പറയണം എന്നൊന്നും ഇവിടെ എവിടെയും ഉത്ഭവിക്കുന്നില്ല. നാം ചെയ്യുന്ന പ്രവര്‍ത്തി ഇന്നതാണെന്ന ശരിയായ ബോധം നമുക്കുണ്ടായിരിക്കണം. ബുദ്ധിയുള്ള മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇത് ഉണ്ടാകും. കൂടെ പരലോക പ്രതിഫലം ആഗ്രഹിക്കണം. ഇതാണ് നിയ്യത്ത്.

 ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നു: "ഇമാം നവവി(റ) പറയുന്നു: 'നിയ്യത്ത് എന്നത് ഉദ്ദേശമാണ്.അത് മനസ്സിന്റെ ഉറപ്പാണ്.' ബൈഹകി പറയുന്നു: 'നിയ്യത്ത് എന്നത് ഒരാള്‍ ദര്‍ശിക്കുന്നതിനു നേരെയുള്ള ഹൃദയത്തിന്റെ ഉത്തേജനമാണ്.'" (ഫത്ഹുല്‍ ബാരി). നിയ്യത്ത് ചൊല്ലിപറയുക എന്നത് നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യ അല്ല. സ്വഹീഹായ ഒരു ഹദീസിലും നിയ്യത്ത് ചൊല്ലി പറയുവാന്‍ കല്‍പ്പിക്കുന്നില്ല.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts