Featured

ചെവിയിൽ ബാങ്കും ഇകാമത്തും വിളിക്കൽ

ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്‌ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം. പ്രവാചക ചര്യയുടെ പിൻബലം ഇവക്കില്ല. ദുർബലമായ ഹദീസുകൾ മാത്രമാണ് ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്നത്.

 ഹുസൈൻ (റ) നിവേദനം : നബി (സ) പറഞ്ഞു ; വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അവന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുത്താൽ ഉമ്മു സ്വിബ്‌യാൻ (പിശാച്) ഉപദ്രവിക്കുകയില്ല. [ഇബ്നു സനിയ്യ, ഇബ്നു അസാകീർ]. വളരെയധികം ദുർബലമായ വാറോലയാണിത്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള യഹ്‌യബ്‌നു അലാത്ത് (ബജലി) എന്ന വ്യക്തിയെപ്പറ്റി ഇബ്നു ഹജർ (റ) എഴുതുന്നു : 'ഇയാൾ ഹദീസ് സ്വയം നിർമ്മിച്ചുണ്ടാക്കുന്ന ആളാണെന്ന് വിമർശിക്കപ്പെടുന്നു.' [തഖ് രീബ്‌]. അതുപോലെ ഈ പരമ്പരയിൽ വന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് മാർവാനുബ്നു സാലിം (ഗഫാരി). ഇയാളെക്കുറിച്ച് ഇബ്നു ഹജർ (റ) എഴുതുന്നു : 'മാർവാനുബ്നു സാലിം തീർത്തും വര്ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാൾ സ്വയം നിർമിത ഹദീസ് ഉണ്ടാക്കുന്നയാളാണെന്ന് ഇമാം സാജിയും മറ്റും പറയുന്നു.' [തഖ് രീബ്‌]

 ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂഹാത്തിം, ഇമാം അഹമ്മദ്, അബൂ ഉറൂബ തുടങ്ങിയവരെല്ലാം തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ മേൽ വ്യക്തികളെ നിശിതമായി വിമർശിക്കുന്നു.

ആമീൻ പതുക്കെ ചൊല്ലൽ

ജമാഅത് നമസ്കാരത്തിൽ ഇമാം ഫാതിഹ ഉറക്കെ (സുബ്ഹ്, മഗ്‌രിബ്, ഇശാഅ്) ഓതിക്കഴിഞ്ഞാൽ 'ആമീൻ' ഉറക്കെ ചൊല്ലാതിരിക്കുന്ന സമ്പ്രദായം ചില മുസ്‌ലിംകൾക്കിടയിൽ കാണാം. ഹനഫീ മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഈ അനാചാരം കൂടുതലായി കാണുന്നത്.

 അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു ; "ഇമാം 'വലദ്ദ്വാല്ലീ ൻ' എന്ന് പറഞ്ഞാൽ നിങ്ങൾ 'ആമീൻ' എന്ന് പറയുവിൻ." [ബുഖാരി, മുസ്‌ലിം]

 വാഇൽ (റ) നിവേദനം ; അദ്ദേഹം നബി (സ)യുടെ പിന്നിൽ നിന്ന് നമസ്കരിച്ചു. അപ്പോൾ അവിടുന്ന് 'ആമീൻ' ഉറക്കെ ചൊല്ലി. [അബൂദാവൂദ്]

 അത്വായ അ് (റ) നിവേദനം : "നബി (സ)യുടെ ഇരുനൂറിൽ പരം സ്വഹാബിമാരെ ഞാൻ ഈ പള്ളിയിൽ കണ്ടിട്ടുണ്ട്. ഇമാം 'വലദ്ദ്വാല്ലീൻ' എന്ന് പറഞ്ഞാൽ അവർ 'ആമീൻ' പറഞ്ഞു ശബ്ദകോലാഹലം തന്നെ സൃഷ്ടിക്കുമായിരുന്നു." [ബുഖാരിയുടെ താരീഖുൽ കബീറിൽ നിന്ന്]

സ്ത്രീകൾ മയ്യിത്ത് നമസ്കാരം ഉപേക്ഷിക്കൽ

സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരമില്ലെന്ന ഒരു തെറ്റിദ്ധാരണ മിക്ക മുസ്‌ലിംകൾക്കിടയിലും പ്രചരിച്ചത് കാണാം. സ്വന്തം ഭർത്താവിന് ഭാര്യ നമസ്കരിക്കുക, സ്വന്തം സന്താനങ്ങൾക്ക് മാതാവ് നമസ്കരിക്കുക, സ്വന്തം മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കും വേണ്ടി നമസ്കരിക്കുക എന്ന സ്വഭാവം വരെ ഇത്തരം വിശ്വാസക്കാർക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ പിൽക്കാലത്ത് കടന്നുകൂടിയ ഒരു അനാചാരമാണിത്.

 ഇബ്നു അബ്ബാസ് (റ) നിവേദനം : "പ്രവാചകൻ (സ) മരണപ്പെട്ടപ്പോൾ ആദ്യം പുരുഷന്മാർക്ക് മയ്യിത്ത് നമസ്കരിക്കുവാൻ പ്രവേശനം നൽകപ്പെട്ടു. ശേഷം സ്ത്രീകൾക്കും പ്രവേശനം നൽകി. അവർ അദ്ദേഹത്തിന് മയ്യിത്ത് നമസ്കരിച്ചു." [ബൈഹഖി]

 ആയിശ (റ) നിവേദനം : "സഅദ്ബ്നു അബീവഖാസ്‌ (റ) മരണപ്പെട്ടപ്പോൾ നബി (സ)യുടെ ഭാര്യമാർ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്ക്കരിക്കുവാൻ പള്ളിയിൽ മയ്യിത്തിനെ പ്രവേശിപ്പിക്കുന്നതിനു വേണ്ടി ആളെ അയച്ചു. അപ്രകാരം അവർ ചെയ്തു. അദ്ദേഹത്തിന്റെ മയ്യിത്ത് അവരുടെ മുറികളുടെ അടുത്തുവെച്ച് അവർ അദ്ദേഹത്തിന്ന് മയ്യിത്ത് നമസ്കരിച്ചു." [മുസ്ലിം]

 ശറഹുൽ മുഹദ്ദബിൽ എഴുതുന്നു : "സ്ത്രീകൾ സംഘമായി മയ്യിത്ത് നമസ്കരിച്ചാലും യാതൊരു വിരോധമില്ല."

മയ്യിത്ത് കുളിപ്പിക്കുന്നതിലെ അനാചാരങ്ങൾ

മയ്യിത്ത് കുളിപ്പിക്കുവാൻ പ്രത്യേകമായി തന്നെ ഒരു മറയുണ്ടാക്കണമെന്ന തെറ്റിദ്ധാരണ ചിലർക്ക് കാണാം. കുളിമുറിയുണ്ടായാലും ഇവർ പ്രത്യേക മറ തയ്യാറാക്കുന്നു. എന്നാൽ നബി (സ) മയ്യിത്ത് കുളിപ്പിക്കുവാൻ വേണ്ടി പ്രത്യേകം മറയുണ്ടാക്കാൻ നിർദേശിക്കുന്നില്ല. മയ്യിത്ത് കുളിപ്പിച്ച വെള്ളം ഓവ് ചാലിലേക്കും മറ്റും തിരിച്ചുവിടാൻ പാടില്ലെന്ന വിശ്വാസവും പിഴച്ചതാണ്. അതുപോലെ മയ്യിത്ത് കുളിപ്പിക്കുവാൻ നല്ലത് പച്ചവെള്ളമാണ്. എന്നാൽ ചിലർ ചൂട് വെള്ളം തന്നെ വേണമെന്ന് ശഠിക്കുന്നു. നബി (സ)യോ സഹാബികളോ മയ്യിത്ത് കുളിപ്പിക്കുവാനുള്ള വെള്ളം പ്രത്യേകം ചൂടാക്കിയത് ഉദ്ധരിക്കപ്പെടുന്നില്ല. ഇമാം നവവി (റ) എഴുതുന്നു : "തണുത്ത വെള്ളമാണ് ചൂടാക്കിയ വെള്ളത്തേക്കാൾ ഉത്തമം." [ശറഹുൽ മുഹദ്ദബ്]. കുളിയുടെ മുമ്പായി നഖവും മുടിയും വളർന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതും അനാചാരമാണ്. നബി (സ)യോ സ്വഹാബിമാരോ ഇപ്രകാരം ചെയ്യാൻ നിർദേശിക്കുന്നില്ല. [ശറഹുൽ മുഹദ്ദബ്].

മയ്യിത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളം ഒഴുക്കിയാൽ തന്നെ മയ്യിത്തുകുളി സ്വഹീഹാകുമെന്ന് ഫത്ഹുൽ മുഈനിൽ പോലും പറയുന്നുണ്ട്. [പേജ് 192, പുത്തൂർ ഫൈസിയുടെ പരിഭാഷ]. എന്നിട്ടും 'ഞാൻ മയ്യിത്ത്കുളി പഠിച്ചിട്ടില്ല, അതിനാൽ ഞാൻ കുളിപ്പിച്ചാൽ ശരിയാവുകയില്ല' എന്ന വിശ്വസിക്കുന്ന ആൾക്കാരെ ധാരാളം കാണാം. ഇതൊരു അന്ധവിശ്വാസം മാത്രമാണ്. അതുപോലെ കുളിക്കു ശേഷം വുളു എടുത്ത് കൊടുപ്പിക്കുന്നതും അനാചാരമാണ്. ഇങ്ങനെ റസൂൽ (സ) ചെയ്തതിനോ കല്പിച്ചതിനോ തെളിവില്ല.

ജനാബത്തുകാരനും ആർത്തവകാരികൾക്കും മയ്യിത്തിനെ കുളിപ്പിക്കാമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ [ശറഹുൽ മുഹദ്ദബ്] പോലും പറയുന്നു. എന്നിട്ടും മയ്യിത്ത് കുളിപ്പിക്കുന്നവന് ശുദ്ധിയുണ്ടാകണമെന്ന് ചിലർ വിശ്വസിക്കുന്നു. അതുപോലെ രോഗികളുടെ അടുത്ത് ആർത്തവകാരികൾ നിൽക്കാൻ പാടില്ല, മയ്യിത്ത് കുളിപ്പിക്കുന്നവനെ മയ്യിത്ത് മനസ്സിലാക്കും, മയ്യിത്ത് കുളിപ്പിച്ചവൻ കുളിക്കണം തുടങ്ങിയവയെല്ലാം അന്ധവിശ്വാസങ്ങളാണ്. ഇവയൊന്നും നബിചര്യയിൽ സ്വഹീഹായി വന്നിട്ടില്ല.

അന്യർ മയ്യിത്ത് കുളിപ്പിക്കൽ

 മരണപ്പെട്ട വ്യക്തിയെ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കുളിപ്പിക്കേണ്ടത്. എന്നാൽ അന്യപുരുഷന്മാരും അന്യസ്ത്രീകളും കുളിപ്പിക്കുന്ന സമ്പ്രദായമാണ് മുസ്‌ലിംകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നത്. ഭാര്യ മരണപ്പെട്ടാൽ ഭർത്താവും ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയും മയ്യിത്ത് കുളിപ്പിക്കുക എന്നതാണ് നബിചര്യ.

നബി (സ) ആയിശ (റ)യോട് പറഞ്ഞു : "നീ എനിക്ക് മുമ്പ് മരിച്ചാൽ ഞാൻ നിന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്യും." [അഹമ്മദ്, ഇബ്നുമാജ] 

ആയിശ (റ) നിവേദനം ; നബി (സ) പറഞ്ഞു : "അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അവൻ മരിച്ചപ്പോൾ അവന്റെ ഭാര്യ അവനെ മയ്യിത്ത് കുളിപ്പിച്ചു." [ബൈഹഖി]

 ആയിശ (റ) നിവേദനം : "അബൂബക്കർ (റ) തന്റെ (മയ്യിത്ത്) കുളിപ്പിക്കുവാൻ ഭാര്യ അസ്മാഅ് ബിൻത് ഉസൈമിനോട് വസിയ്യത്ത് ചെയ്തു."

അലി (റ) തന്റെ ഭാര്യ ഫാത്തിമ (റ)യെ മയ്യിത്ത് കുളിപ്പിച്ചു. [ബൈഹഖി] 

ഫത്ഹുൽ മുഈനിൽ എഴുതുന്നു : "ഭാര്യയുടെ മയ്യിത്ത് ഭർത്താവിനും ഭർത്താവിന്റെ മയ്യിത്ത് ഭാര്യക്കും കുളിപ്പിക്കാവുന്നതാണ്.". ഇത്രത്തോളം ഫിഖ്ഹിന്റെ കിതാബുകളിൽ പ്രസ്താവിച്ചിട്ടുപോലും സ്വന്തം ഭർത്താവിനെ കുളിപ്പിക്കുന്നത് പോലും നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങളെ കാണാം!!

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana