Featured

സംസം വെള്ളത്തിന്‍റെ ശ്രേഷ്ഠത


ഹാജറാ ബീവിക്കും ഇസ്മാഈല്‍ നബി (അ)ക്കും കുടിക്കുവാനും കുളിക്കുവാനും മറ്റു ശുദ്ധീകരണങ്ങള്‍ക്കും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചു കൊടുത്ത കിണറാണ് സംസം. ഇതിന്‍റെ ശ്രേഷ്ഠതയായി ഒരു ഹദീസ് മാത്രമാണ് സഹീഹായിട്ടുള്ളത്‌. 

അബൂദര്ര്‍ (റ) നിവേദനം : നബി (സ) സംസം വെള്ളത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: 'നിശ്ചയം അതു വിശപ്പിനു ഭക്ഷണമാണ്‌'. [മുസ്‌ലിം]

സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ ദുര്‍ബ്ബലമാണ്. നബി (സ) രോഗശമനം ലഭിക്കുവാന്‍ വേണ്ടി തേന്‍ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചത് കാണാം. എന്നാല്‍ സഹീഹായ ഒരു ഹദീസില്‍ പോലും സംസം വെള്ളം കുടിക്കുവാന്‍ നബി (സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാന്‍ സാധ്യമല്ല. 

സഹാബിവര്യന്മാരില്‍ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതോ കുടിക്കുവാന്‍ ഉപദേശിച്ചതോ കാണാന്‍ സാധ്യമല്ല. ഹജ്ജിനു ശേഷം സംസം കെട്ടിക്കൊണ്ട് പോകുവാന്‍ നബി (സ) നിര്‍ദേശിച്ച ഒരു ഹദീസും സഹീഹായിട്ടില്ല. സഹാബിവര്യന്മാരില്‍ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തില്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍ എല്ലാം ദുര്‍ബലമായതാണ്. തെളിവിനു ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കില്‍ അതു കുടിക്കാമെന്ന് മാത്രം. 

നാഫി അ' (റ) നിവേദനം : നിശ്ചയം ഇബ്നു ഉമര്‍ (റ) ഹജ്ജ് വേളയില്‍ സംസം വെള്ളം കുടിക്കാറില്ല. [ഫത്ഹുല്‍ ബാരി]. സംസം വെള്ളം കുടിക്കല്‍ പോലും ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്നു ഉമര്‍ (റ) ഇപ്രകാരം ചെയ്തിരുന്നത്. നബി (സ) കുടിച്ച സംഭവം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. 

അതു പോലെ നബി (സ)യോ സഹാബികളോ സംസം വെള്ളം കൊണ്ട് മയ്യിത്ത്‌ കുളിപ്പിച്ചതോ കഫന്‍പുടവ കഴുകിയതോ ഉദ്ധരിക്കുന്ന ഒരു ഹദീസ്പോലും സഹീഹായി ഉദ്ധരിക്കുന്നില്ല. 

ഹജ്ജിനു പോകുമ്പോള്‍ സദ്യയുണ്ടാക്കല്‍


ഹജ്ജിനു പോകുന്ന വ്യക്തികളെ ക്ഷണിച്ചു വരുത്തി സദ്യയുണ്ടാക്കുക, എന്നിട്ട് അവരെ തീറ്റിക്കുക, അവര്‍ക്ക് വേണ്ടി യോഗങ്ങള്‍ സംഘടിപ്പിച്ചു മുഖസ്തുതി പറയുക, പോകുന്നവര്‍ വീടുതോറും കയറി വിവരം പറയുക, ഹജ്ജ് കഴിഞ്ഞു വരുന്നവര്‍ക്ക് സ്വീകരണം നല്‍കുക മുതലായ അനാചാരങ്ങള്‍ ചില സ്ഥലങ്ങളില്‍ കാണാം. നബിചര്യയും സഹാബിമാരുടെ ചര്യയുമായി ഇതിനു യാതൊരു ബന്ധവുമില്ല. ചില ന്യായീകരണങ്ങള്‍ മാത്രമാണ് ഇവക്കുള്ള പിന്‍ബലം. ഇബാദത്ത് അല്ലാഹുവിനു മാത്രം നിഷ്കളങ്കമാക്കണമെന്ന ഖുര്‍ആനിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഇവിടെ നശിക്കുകയാണ് ചെയ്യുന്നത്. നിയ്യത്തിനെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്. 

ചിലര്‍ ഹജ്ജിനു പോകാന്‍ വേണ്ടി പിരിവു നടത്തുന്നത് കാണാം. അനാചാരത്തിന്‍റെ  പിരിവാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇതിനെ വിരോധിക്കുന്നു [2 :197]. മറ്റു ചിലര്‍ ഹജ്ജ് യാത്രക്ക് വിനോദയാത്ര പോകുംപോലെ എല്ലാ സുഖസൌകര്യങ്ങളും ഒരുക്കുന്നു. ത്യാഗം അനുഷ്ടിക്കുവാനുള്ള മനസ്ഥിതി ഇവരില്‍ തീരെ കാണാരെയില്ല. 

ഹജ്ജും ഉംറയും പിന്തിക്കലും ബാങ്ക് വിളിയും


ഹജ്ജും ഉംറയും നിര്‍ബന്ധമായാലും  ആരോഗ്യസമയത്ത് നിര്‍വഹിക്കാതെ വയസ്സാന്‍ കാലത്തേക്ക് പിന്തിച്ച് കിഴവനും കിഴവിയും ആയ ശേഷം ഇവ നിര്‍വഹിക്കുന്നതാണ് ഉത്തമമെന്നും യുവത്വത്തില്‍ നിര്‍വഹിക്കല്‍ ഉത്തമമല്ല എന്നും ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ) യുടെ നിര്‍ദേശത്തിനു എതിരാണ് ഇത്. കേരളത്തില്‍ ഒരു കാലത്ത് വയസ്സന്മാര്‍ മാത്രമേ ഹജ്ജിനു പോയിരുന്നുള്ളൂ. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. 

പ്രവാചകന്‍ (സ) പറഞ്ഞു : "വല്ലവനും ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ ധൃതി കാണിക്കണം" [അബൂദാവൂദ്] 

അതുപോലെ ഹജ്ജിനു പോകുന്നവര്‍ വാഹനം കയറുവാന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ സംഘമായി ബാങ്ക് വിളിക്കുന്നത്‌ ചിലയിടങ്ങളില്‍ കാണാം. തനിച്ച അനാചാരമാണിത്. നബിചര്യയില്‍ ഇതിനു യാതൊരു തെളിവും കാണാന്‍ സാധ്യമല്ല. മതം സ്വന്തം ഇഷ്ടത്തിനനുസരിച്ച്  ദര്‍ശിക്കുന്നവരാണ് ഈ സമ്പ്രദായം പ്രചരിപ്പിക്കുന്നത്. 

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana