Featured

നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

രാത്രി ലൈംഗികബന്ധം നടത്തിയാല്‍ സുബുഹിന്‍റെ ബാങ്ക് വിളിക്കുന്നതിനു മുമ്പ് തന്നെ കുളിക്കണമെന്നും അതിനു സാധിക്കാതെ വന്നാല്‍ നോമ്പ് മുറിയുമെന്നുള്ള ഒരു തെറ്റിദ്ധാരണ ചിലരില്‍ കാണാം. അതിനാല്‍ നോമ്പിന്‍റെ രാത്രിയില്‍ ലൈംഗികബന്ധം നടത്തുവാന്‍ മടി കാണിക്കുന്ന സ്ത്രീ പുരുഷന്മാരെയും കാണാം. ഇത് ഭയഭക്തിയാണെന്ന് ഇവരെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിചര്യയെ അവഗണിക്കലും പ്രവാചകനേക്കാള്‍ മുത്തഖിയാകുവാന്‍ ശ്രമിക്കലുമാണത്. കൂടാതെ മതത്തില്‍ അതിരുകവിയലുമാണ്. കുളിയുടെ പ്രശ്നത്തില്‍ നോമ്പുകാലവും മറ്റുള്ള കാലവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലതന്നെ. സുബഹി നമസ്ക്കരിക്കുന്നതിന് മുമ്പ് കുളിക്കണമെന്നു മാത്രം. സാധാരണ കാലത്തേതു പോലെത്തന്നെ. ഇനി സൂര്യന്‍ ഉദിച്ചതിനു ശേഷമാണ് ഉണരാന്‍ സാധിച്ചതെങ്കില്‍ അപ്പോള്‍ കുളിച്ചു നമസ്ക്കരിക്കണം. ജനാബത്തുകാരനായി എന്നത് ഒരിക്കലും നോമ്പിന് പ്രശ്നം സൃഷ്ടിക്കുകയില്ല. 

ആയിശ (റ) നിവേദനം : നബി (സ) റമദാനില്‍ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ സംയോഗം കൊണ്ടുതന്നെ ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ടിക്കുമായിരുന്നു. [ബുഖാരി, മുസ്‌ലിം] 

ആയിശ (റ) നിവേദനം : ഒരിക്കല്‍ ഒരാള്‍ പ്രവാചകന്‍ (സ)യോട് മതവിധി ചോദിച്ചു. ഞാന്‍ വാതിലിന്‍റെ പിന്നില്‍ നിന്നും അതു ശ്രവിച്ചു. അയാള്‍ പറഞ്ഞു : പ്രവാചകരെ, എനിക്ക് നമസ്കാര സമയമാകും. ഞാന്‍ ജനാബത്തുകാരനായിരിക്കുകയും ചെയ്യും. ആ ദിവസം ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ? നബി (സ) മറുപടി പറഞ്ഞു : ജനാബത്തുകാരനായിരിക്കെ എനിക്കും നമസ്കാര സമയമാകാറുണ്ട്. അങ്ങനെ ഞാന്‍ നോമ്പനുഷ്ടിക്കാറുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു : പ്രവാചകരെ, താങ്കള്‍ ഞങ്ങളെപ്പോലെയല്ല. താങ്കള്‍ക്കു മുന്തിപ്പിച്ചതും പിന്തിപ്പിച്ചതുമായ ചെറുപാപങ്ങള്‍ വരെ അല്ലാഹു പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : അല്ലാഹുവാണ് സത്യം, നിങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ ഞാനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂക്ഷിക്കേണ്ടുന്ന സംഗതികള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്നവനും ഞാനാണ്. [മുസ്‌ലിം 1110]

മര്‍വാന്‍ (റ) പറയുന്നു : ഒരു മനുഷ്യന്‍ നോമ്പുകാലത്ത് ജനാബത്തുകാരനായി പ്രവേശിച്ചാല്‍ അയാള്‍ക്ക്‌ നോമ്പനുഷ്ടിക്കുവാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് ഉമ്മു സലമ (റ)യുടെ അടുത്തേക്ക് അയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : നബി (സ) സംയോഗം ചെയ്തു ജനാബത്തുകാരനായിക്കൊണ്ട് തന്നെ പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം നോമ്പ് മുറിക്കുകയോ അതിന്നു പകരം നോറ്റുവീടുകയോ ചെയ്യാറില്ല. [മുസ്‌ലിം 1109].

നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

അത്വാഅ' (റ) പറയുന്നു : അന്‍സാറുകളില്‍പെട്ട ഒരാള്‍ നോമ്പുകാരനായിരിക്കെ തന്‍റെ ഭാര്യയെ ചുംബിച്ചു. ഇതിനെക്കുറിച്ച് നബി (സ) യോട് ചോദിക്കാന്‍ അദ്ദേഹം തന്‍റെ ഭാര്യയോട് കല്‍പ്പിച്ചു. അവര്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്യാറുണ്ട്. അതു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : നബി (സ)ക്ക് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ ഇളവു നല്‍കാറുണ്ട്. ആ വിവരം അദ്ദേഹത്തിന്‍റെ ഭാര്യ നബി (സ) യോട് വന്നു പറഞ്ഞു. അപ്പോള്‍ നബി (സ) കോപിഷ്ഠനായിക്കൊണ്ട് പറഞ്ഞു : ഞാനാണ് നിങ്ങളെക്കാള്‍ മതകാര്യം അറിയുന്നവനും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനും. [മുസ്‌ലിം, മുവത്വ].

മറ്റൊരു നിവേദനത്തില്‍ പറയുന്നു : പ്രവാചകരെ, താങ്കള്‍ക്കു അല്ലാഹു മുന്തിപ്പിക്കുകയും പിന്തിപ്പിക്കുകയും ചെയ്ത ചെറുപാപങ്ങള്‍ വരെ പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : എന്നാല്‍ അല്ലാഹുവാണ് സത്യം, ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭയഭക്തനും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും. [മുസ്‌ലിം 1108]

മസറൂഖ് (റ) പറയുന്നു : ഒരു മനുഷ്യന് നോമ്പനുഷ്ടിക്കുന്ന സന്ദര്‍ഭത്തില്‍ എന്താണ് തന്‍റെ ഭാര്യയില്‍ നിന്നും അനുവടിക്കപ്പെടുകയെന്നു ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : എല്ലാം അനുവദനീയമാണ്‌. സംയോഗം ഒഴികെ. [അബ്ദുറസാക്ക്]. വളരെയധികം സഹീഹായ ഒരു ഹദീസാണിത്. 

നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 

നബി (സ) പറഞ്ഞു : ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും. [ബുഖാരി]. സുന്നത്തിനെ മറികടക്കുന്ന സ്വഭാവം സൂക്ഷ്മതയായി സ്വീകരിക്കേണ്ടതില്ലെന്നു ഈ ഹദീസ് ഉണര്‍ത്തുന്നു.

ഇബ്നു ഹാജര്‍ (റ) "ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്" എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ. [ഫത്ഹുല്‍ബാരി 5/721] 

നബി (സ) അരുളി : നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക. [അബൂദാവൂദ്]

നോമ്പും അത്താഴവും

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്. 

സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കള യണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.  എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

അതുപോലെ നോമ്പിന്റെ പകല്‍ സമയത്ത് ഒരാള്‍ കിടന്നുറങ്ങുകയും അങ്ങനെ സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്‌താല്‍ അതു അയാളുടെ നോമ്പിനെ മുറിക്കുകയില്ല. കഫം ഇറങ്ങിപ്പോയാല്‍ നോമ്പ് മുറിയുമെന്ന ധാരണക്കും നബി (സ)യില്‍ നിന്നോ സഹാബികളില്‍ നിന്നോ യാതൊരു തെളിവും ഉദ്ധരിക്കുന്നില്ല.  അതുപോലെ നോമ്പിന്‍റെ പകലില്‍ പല്ലില്‍ കുത്തുവാനോ ചെവിയില്‍ തോണ്ടാണോ പാടില്ല എന്നതും പകലില്‍ വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നതുമെല്ലാം തികഞ്ഞ അന്ധവിശ്വാസങ്ങളാണ്. 

നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌. 

അനസ് (റ) പറയുന്നു : എനിക്ക് ഒരു കൃതിമ കുളമുണ്ട്. ഞാനതില്‍ നോമ്പ്കാരനായി പ്രവേശിക്കാറുണ്ട്. [ബുഖാരി]

നോമ്പ് കാലത്ത് കുളിയുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിധി പ്രവാചകന്‍ (സ) നിര്‍ണ്ണയിക്കുന്നില്ല. ചെവിയും വായും മറ്റും കൈകള്‍ കൊണ്ട് മൂടിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങുന്ന ചില അല്‍പജ്ഞാനികളെയും നോമ്പ് കാലത്ത് കാണാം. തലയില്‍ വെള്ളം കോരി ഒഴിക്കുവാന്‍ വേണ്ടി നോമ്പ് കാലത്ത് പാത്രവുമായി കുളത്തിലേക്കും പുഴയിലേക്കും പുറപ്പെടുന്ന സ്ത്രീകളെയും കാണാറുണ്ട്. അജ്ഞതയാണ് ഈ സമൂഹത്തെ നിയന്ത്രിക്കുന്നത്‌. വസ്'വാസിന്‍റെ ആളുകള്‍ ഉണ്ടാക്കിയതാണ് അവയെല്ലാം

ബറാഅത്ത് നോമ്പ്

ശഅബാന്‍ പകുതിയുടെ ദിവസം ബറാഅത്ത് നോമ്പ് എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ടിക്കുന്നത് കാണാം. തനിച്ച അനാചാരമാണത്. നബി (സ)യും സഹാബിവര്യന്മാരും ഈ ദിവസം പ്രത്യേകമായി നോമ്പനുഷ്ടിക്കാറില്ല. എല്ലാ മാസവും അയ്യാമുല്‍ ബീളിന്‍റെ (13,14,15) നോമ്പനുഷ്ടിക്കുന്നത് പോലെ ഈ മാസവും അയ്യാമുല്‍ ബീളിന്‍റെ നോമ്പ് നോല്‍ക്കും. അത്ര മാത്രം. പതിനഞ്ചിന് പ്രത്യേകത നല്‍കി ബറാഅത്ത് നോമ്പ് എന്ന നിലക്ക് അനുഷ്ടിക്കല്‍ അനാചാരമാണ്‌. അഗ്നി ആരാധകന്മാര്‍ മുസ്‌ലിംവേഷം ധരിച്ചു നിര്‍മ്മിച്ചുണ്ടാക്കിയതാണ് ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയും അതിലെ ആരാധനാകര്‍മ്മങ്ങളും. 

ഇത് അനുഷ്ടിക്കുന്നവര്‍ പറയുന്ന തെളിവ് : 

അലി (റ) നിവേദനം : നബി (സ) പറഞ്ഞു : ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ ആ രാത്രിയില്‍ നിന്ന് നമസ്കരിക്കുകയും പകലില്‍ നോമ്പ് പിടിക്കുകയും ചെയ്യുവിന്‍. കാരണം ആ രാത്രിയില്‍ സൂര്യന്‍ അസ്തമിച്ചാല്‍ അല്ലാഹു ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. [ഇബ്നു മാജ] 

മറുപടി 1 : 

ഇബ്നു ഹജറില്‍ ഹൈതമി (റ) പറയുന്നു : ശഅബാന്‍ പകുതിയില്‍ അയ്യാമുല്‍ ബീളിന്‍റെ നോമ്പ് എന്ന നിലക്ക് നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്. ഈ ദിവസത്തിന്‍റെ പ്രത്യേകത എന്ന നിലക്കല്ല. കാരണം ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമായതാണ്. [ഫതാവല്‍ കുബ്റ 2/80] 

മറുപടി 2: 

ഈ ഹദീസിന്‍റെ പരമ്പരയില്‍ ഇബ്നു അബീയസ്റത്ത് എന്ന മനുഷ്യനുണ്ട്. ഇമാം ബുഖാരി (റ) ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ഇമാം അഹമദ് (റ) ഇയാള്‍ ഹദീസ് നിര്‍മ്മിക്കുന്നവനാണെന്ന് പറയുന്നു. ഇയാള്‍ വളരെയധികം വര്‍ജിക്കപ്പെടേണ്ടവനാനെന്നു ഇബ്നു മഈന്‍ (റ) പറയുന്നു. ഈ മനുഷ്യന്‍റെ ഹദീസുകള്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല. [മീസാന്‍ 4/504]. ഈ മനുഷ്യന്‍റെ നിര്‍മിതമായ ഹദീസിനു മാതൃകയായി ഇമാം ദഹബി (റ) ഈ ഹദീസ് എടുത്തുകാണിക്കുന്നു. ഇമാം അബൂശാമ (റ)യും ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. [ബാഇസ് പേജ് 23].

ബറാഅത്ത് രാവ്

വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില വാറോലകളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വാക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.

ബറാഅത്ത് വാദികളുടെ തെളിവുകള്‍ :

1. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ബര്‍ക്കത്താക്കപ്പെട്ട രാത്രിയിലാണെന്ന് അല്ലാഹു സൂറത്ത് ദുഖാനില്‍ (ആയത് 2) പറഞ്ഞത്.

തഫ്സീര്‍ ജമലില്‍ എഴുതുന്നു : ഇമാം നവവി (റ) ശറഹു മുസ്ലിമില്‍ സുന്നത് നോമ്പിന്‍റെ അദ്ധ്യായത്തില്‍ പറയുന്നു : ബര്‍ക്കത്താക്കപ്പെട്ട രാവ് എന്നത് ശഅബാന്‍ പതിനഞ്ചാണെന്ന് പറയല്‍ തീര്‍ച്ചയായും പരമാബദ്ധമാണ്. ശരിയായതും പണ്ഡിതന്മാര്‍ പറഞ്ഞതും അത് ലൈലത്തുല്‍ ഖദര്‍ ആണെന്നാണ്‌. [തഫ്സീര്‍ ജമാല്‍ 4/100]

ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ദുഖാനിലെ ആയത്ത് കൊണ്ട് ഉദ്ദേശം ശഅബാന്‍ പകുതിയാണെന്ന് പറയുന്നു. അതു പിഴവാണ്. കാരണം അല്ലാഹു വീണ്ടും പറയുന്നു : നിശ്ചയം നാം അതിനെ ലൈലത്തുല്‍ ഖദറില്‍ ഇറക്കി. ഈ ആയതു ദുഖാനിലെ ആയത്തിനെ വ്യാഖ്യാനിക്കലാണ്. [ശറഹുല്‍ മുഹദ്ദബ് 6 /448)

തഫ്സീറുല്‍ റാസിയില്‍ പറയുന്നു : ബര്‍ക്കത്തായ രാവ് എന്നതിന്റെ വിവക്ഷ ശഅബാന്‍ പകുതിയുടെ രാവാണെന്ന് പറയുന്നവര്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ചില മനുഷ്യരില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് അവര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രതിവാദ്യ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അങ്ങനെ ഉണ്ടാകാത്തതിനാല്‍ സത്യം ലൈലത്തുല്‍ ഖദര്‍ ആണെന്ന ആദ്യത്തെ അഭിപ്രായമാണ്. [തഫ്സീര്‍ റാസി 27/238]

2. ആയിശ (റ) നിവേദനം : ഒരു രാത്രി നബി (സ)യെ കാണാതായി. ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ബഖീഅ'ലേക്ക് പുറപ്പെടുകയാണ്. അവിടെ ചെന്ന് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.... ശേഷം അവിടുന്ന് പറഞ്ഞു : ആയിശാ, നിശ്ചയം അല്ലാഹു ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. എന്നിട്ട് കെല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങള്‍ കണക്കിന് പാപികള്‍ക്ക് മാപ്പ് കൊടുക്കും. [തുര്‍മുദി, ഇബ്നുമാജ].

ഇമാം തുര്‍മുദി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നുണ്ട്. ഇമാം ബുഖാരിയും ഈ ഹദീസ് വാറോലയാണെന്ന് പറയുന്നു. ഹജ്ജാജുബ്നു അര്‍ത്വാത് എന്ന മനുഷ്യന്‍ ഇതിന്‍റെ പരമ്പരയിലുണ്ട്. ഇയാള്‍ വളരെയധികം ദുര്‍ബലനാണ്. യഹ്യ എന്ന വ്യക്തി ഉറവയില്‍ നിന്നും ഹദീസ് ഒന്നും തന്നെ കേട്ടിട്ടുമില്ല.

ഇമാം നവവി (റ)യുടെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല . [കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]

ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]

ബറാഅത്ത് നമസ്കാരം

ശഅബാന്‍ മാസം പകുതിയുടെ രാത്രിയില്‍ ചിലര്‍ ബറാഅത് നമസ്കാരം എന്ന പേരില്‍ ഒരു പ്രത്യേക നമസ്കാരം നിര്‍വഹിക്കുന്നത് കാണാം. തനിച്ച അനാചാരമാണിത്.

റഗാഇബ് നമസ്കാരവും ബറാഅത് നമസ്കാരവും ജമാഅതായോ ഒറ്റക്കോ നമസ്കരിക്കുവാന്‍ പാടുണ്ടോ എന്ന് ഇബ്നു ഹജറുല്‍ ഹൈതാമി (റ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : സ്വലാത്ത് റഗാഇബ് ശഅബാന്‍ പകുതിയുടെ രാത്രിയില്‍ നിര്‍വഹിക്കപ്പെടുന്ന ബറാഅത്ത് നമസ്കാരം പോലെയാണ്. അവ രണ്ടും ആക്ഷേപാര്‍ഹവും ചീത്തയുമായ അനാചാരങ്ങളാണ്. അവ രണ്ടിന്‍റെയും ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കിയതാണ്. അതിനാല്‍ ഒറ്റക്കോ ജമാഅതായോ ഇവ നിര്‍വഹിക്കല്‍ വെറുക്കപ്പെട്ടതാണ്. [ഫതാവല്‍ കുബ്റ 1/217], [2/80]

ഇമാം നവവി (റ)യുടെ ഉസ്താദായ അബൂശാമ (റ) പറയുന്നു : ശഅബാന്‍ പകുതിയുടെ ശ്രേഷ്ടതയുടെ വിഷയത്തില്‍ ഒരു ഹദീസും സഹീഹായി വന്നിട്ടില്ല. ഈ രാത്രിയില്‍ നബി (സ) പ്രത്യേകമായി നമസ്കരിക്കുവാന്‍ നിര്‍ദേശിച്ചിട്ടുമില്ല. [അല്‍ബാഇസ് പേജ് 23]

ഇമാം ഇബ്നു കസീര്‍ (റ) എഴുതുന്നു : ഹിജ്റ 707ലെ ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ബിദ്അതാണെന്ന കാരണത്താല്‍ ബറാഅത് നമസ്കാരം ദുര്‍ബലപ്പെടുത്തപ്പെട്ടു. ഈ ദുര്‍ബലപ്പെടുത്തല്‍ കാരണം ധാരാളം നന്മ ലഭിച്ചു. അല്ലാഹുവിനു സ്തുതി. [അല്‍ബിദായ വന്നിഹായ വാല്യം 14, പേജ് 60 വരി 4 മുതല്‍].

തല്‍ഖീന്‍ ചൊല്ലല്‍

മനുഷ്യന്മാര്‍ പില്‍കാലത്ത് മതത്തില്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണിത്. ഇസ്ലാമിനെ പരിഹസിക്കുന്ന ഒരു ബിദ്അത്. ഇതിനു രേഖയായി ഉദ്ധരിക്കാറുള്ളത് ത്വബ്റാനി അബൂഉമാമയില്‍ നിന്നും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസാണ്.

ഇമാം സുയൂതി (റ) എഴുതുന്നു : ഖബറടക്കം ചെയ്തശേഷം തല്‍ഖീന്‍ ചൊല്ലുന്നതിനു ദുര്‍ബലമായ ഒരു ഹദീസ് ത്വബ്റാനിയുടെ മുഅജമില്‍ വന്നിട്ടുണ്ട്. [അദുര്‍റുല്‍ മുന്‍തസിറ പേജ് 278]

ഇമാം നവവി (റ) പറയുന്നു : തബ്റാനി തന്‍റെ മുഅജമില്‍ അബൂഉമാമയില്‍ നിന്നും ദുര്‍ബലമായ പരമ്പരയോടു കൂടിയാണ് തല്‍ഖീനിന്‍റെ ഹദീസ് ഉദ്ധരിക്കുന്നത്. [ശറഹുല്‍ മുഹദ്ദബ് 5/304], [അസനാ 1/329]

തല്‍ഖീനിന്‍റെ വിഷയത്തില്‍ അബൂഉമാമയില്‍ നിന്നും ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസിന്‍റെ പരമ്പരയില്‍ എനിക്ക് അറിയാത്ത ഒരു സംഘം നിവേദകന്‍മാരുണ്ട്. [മജ്മഉല്‍ സവാഇദ് 3/48]

ഇബ്നു ഇല്ലാന്‍ (റ) തന്‍റെ ഫുത്ഹാതുല്‍ റബ്ബാനിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതി : തബ്റാനിയുടെ ഹദീസിന്‍റെ പരമ്പര ദുര്‍ബലമാണ്. [4/96]

ഇറാഖിയും ഇഹ്യയുടെ വ്യാഖ്യാനത്തില്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നു. [4/420] ഈ ഹദീസിന്‍റെ പരമ്പരയില്‍ ആസ്വിമുബ്നു അബ്ദുള്ള, സഈദുല്‍ അസ്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ ഖുറശി പോലെയുള്ള മനുഷ്യന്‍മാരുണ്ട്. ഇവരെല്ലാം അജ്ഞാതരും ദുര്‍ബലന്‍മാരുമാണ്.

കാര്യം ഗ്രഹിച്ച പണ്ഡിതന്മാരുടെ വാക്കുകളില്‍നിന്നും മനസ്സിലാകുന്നത്‌ തല്ഖീനിന്‍റെ ഹദീസ് ദുര്‍ബലമാണ് എന്നാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ (തല്‍ഖീന്‍ ചൊല്ലല്‍) അനാചാരമാണ്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട് എന്നതിനാല്‍ നീ ഒരിക്കലും വഞ്ചനയില്‍പ്പെട്ടു പോകരുത്. [സുബുലുസ്സലാം 2/114]

നിശ്ചയം ഇന്ന് അറിയപ്പെടുന്ന തല്‍ഖീന്‍ മുന്‍കാല പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയ സംഗതിയാണ്. നബി (സ)യുടെ വാക്കിനെ അതിന്മേല്‍ ചുമത്തപ്പെടുവാന്‍ പാടില്ല. [മിര്‍ഖാത്ത് 2/329]

മരിച്ചശേഷം തല്‍ഖീന്‍ചൊല്ലല്‍ പുതുതായുണ്ടായതാണെന്ന് ധാരാളം പണ്ഡിതര്‍ ദൃഡമായി പ്രസ്ഥാവിച്ചിരിക്കുന്നു. [ശറഹുന്നസാഈ 1/202]

ഇബ്നുഹജറുല്‍ ഹൈതമി (റ) എഴുതി : നബി (സ)യുടെ പുത്രന്‍ ഇബ്രാഹിമിന് തല്‍ഖീന്‍ ചൊല്ലിയതായി സഹീഹായി വന്നിട്ടില്ല. [ഫതാവല്‍ കുബ്റ 2/30]

ഖബറടക്കം ചെയ്യുമ്പോള്‍

ഖബറിന് നിര്‍ണിതമായ അളവില്‍ നീളവും വീതിയും ആഴവും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മയ്യിത്ത്, സ്ഥലം എന്നിവ പരിഗണിച്ചു അതിന്നു രൂപം നല്‍കാം. അതുപോലെ മയ്യിത്തിനെ ഖബറില്‍ വെക്കുമ്പോള്‍ ശഹാദത് കലിമ ചൊല്ലല്‍, ബാങ്ക്- ഇഖാമത്ത് കൊടുക്കല്‍ തുടങ്ങിയവ അനാചാരങ്ങളാണ്. നബിചര്യയില്‍ ഇവയൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. 'ബിസ്മില്ലാഹി വഅലാ മില്ലത്ത് റസൂലുള്ളാഹ്' എന്ന് ചൊല്ലിയത് മാത്രമാണ് ഹദീസില്‍ വന്നിട്ടുള്ളത് [അബൂദാവൂദ്].

മയ്യിത്തിനെ ഖബറില്‍ കിടത്തിയ ശേഷം കഫന്‍ പുടവ മുഖത്ത് നിന്നും നീക്കി മണ്ണ് ഉരുട്ടി വെക്കല്‍, ചളിമണ്ണിന്‍റെ ഉരുള മന്ത്രിച്ചു ഖബറില്‍ വെക്കല്‍ തുടങ്ങിയവയെല്ലാം തനിച്ച അനാചാരങ്ങളാണ്. നബി (സ)യും സഹാബികളും പഠിപ്പിച്ച ഇസ്ലാമില്‍ ഇത്തരം സമ്പ്രദായങ്ങളൊന്നും കാണാന്‍ സാധ്യമല്ല.

സില്‍സില എന്നൊരു അനാചാരം പണ്ട്കാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്‍റെ അനുയായികള്‍ തന്നെ അത് ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെ കഫന്‍പുടവയില്‍ ഖുര്‍ആന്‍ എഴുതുന്ന സമ്പ്രദായവും മനുഷ്യനിര്‍മ്മിതമാണ്. ഒരു തുണിക്കഷ്ണത്തില്‍ ഏതാനും പദ്യം എഴുതി മയ്യിത്തിന്റെ മുഖത്ത് വെക്കുന്ന സമ്പ്രദായവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോള്‍ മിന്ഹാ ഖലക്നാകും...എന്ന് പറയുന്ന സമ്പ്രദായത്തിനും അംഗീകൃതമായ തെളിവുകളില്ല.

മയ്യിത്ത് കഫന്‍ ചെയ്യുന്നതിലെ അനാചാരങ്ങള്‍

മയ്യിത്ത് കഫന്‍ ചെയ്യുമ്പോള്‍ മയ്യിത്തിനെ തലപ്പാവും കുപ്പായവും ധരിപ്പിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഹനഫി മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കാണുവാന്‍ സാധിക്കുക. തനിച്ച അനാചാരമാണിത്. ആയിശ (റ) നിവേദനം : യമനില്‍ നിര്‍മ്മിക്കപ്പെട്ട വെളുത്ത വൃത്തിയുള്ള മൂന്നു പുതിയ വസ്ത്രങ്ങളിലാണ് പ്രവാചകന്‍ (സ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. [ബുഖാരി, മുസ്ലിം].

കഫന്‍ പുടവയില്‍ മൈലാഞ്ചിയില വിതറുന്ന പതിവ് ചില സ്ഥലങ്ങളില്‍ കാണാം. ഇതും ബിദ്അതാണ്‌. യാതൊരു അടിസ്ഥാനവും ഇതിനില്ല. ഫിഖ്ഹിന്‍റെ കിതാബുകളില്‍ പോലും ഇത് സുന്നത്താണെന്ന് പറയുന്നില്ല. കഫന്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മൃതദേഹത്തിന്‍റെ കണ്ണ്, മൂക്ക്, ചെവി, വായ മുതലായ ദ്വാരങ്ങളിലും വിരലുകള്‍ക്കിടയിലും മറ്റും പരുത്തികൊണ്ട് അഭിഷേകം ചെയ്യുന്ന സമ്പ്രദായം അനാചാരമാണ്. നബി (സ)യോ സഹാബികളോ ഇപ്രകാരം ചെയ്തത് ഉദ്ധരിക്കപ്പെടുന്നില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana