Featured

മയ്യിത്തിനെ എടുക്കുമ്പോള്‍

മയ്യിത്തിനെ വീട്ടില്‍ നിന്നും എടുക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രാര്‍ഥിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. പ്രാര്‍ഥിക്കേണ്ട രംഗങ്ങളും പ്രാര്‍ത്ഥനകളും ഇസ്ലാം വിശദമായിതന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. കിടപ്പറപോലും അതില്‍ നിന്നും ഒഴിവാകുന്നില്ല.

എന്നാല്‍ ചിലര്‍ മയ്യിത്തിനെ ഇറക്കുമ്പോള്‍ യാസീന്‍ ഓതുന്നു. മറ്റു ചിലര്‍ കൂട്ടുപ്രാര്‍ഥന നടത്തുന്നു. ഇവയെല്ലാംതന്നെ അനാചാരങ്ങളാണ്. നബി (സ) യും നന്മയില്‍ മുന്നിട്ട സഹാബികളും നമുക്ക് കാണിച്ചു തന്ന മതത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഒന്നും പ്രാര്‍ഥിക്കാതിരിക്കുക എന്നതാണ് പുണ്യകര്‍മ്മം. പ്രവാചകന്‍ ഉപേക്ഷിച്ചത് ഒഴിവാക്കലും സുന്നത് തന്നെയാണ്. മരണപ്പെട്ടാല്‍ ഉറക്കെ കരയുന്നതിനെ ഇസ്ലാം ശക്തിയായി വിരോധിക്കുന്നു. ഇത്തരക്കാരുടെ വായില്‍ മണ്ണ് നിറക്കുവാന്‍വരെ കല്‍പ്പിക്കുന്നു. [ബുഖാരി]. എന്നാല്‍ മയ്യിത്തിനെ വീട്ടില്‍ നിന്നും ഇറക്കുമ്പോള്‍ ചിലര്‍ ഉറക്കെ കരയുന്നു. ഹറാമും ബിദ്അതുമാണത്.

അടിയന്തിരം, 40, ആണ്ട്

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ വീട്ടില്‍ 3, 7, 15, 40 എന്നീ ദിവസങ്ങളില്‍ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ചുവരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ചിലര്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ്ട് എന്ന പേരിലും ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ ക്ഷണിച്ചു വരുത്തി തീറ്റിക്കുന്നു. തനിച്ച അനാചാരമാണിത്. കൂടാതെ ജാഹിലിയ്യാ സമ്പ്രദായവും.

ജരീര്‍ (റ) നിവേദനം : മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചി ലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്. [ഇബ്നുമാജ, അഹമദ്, നസാഈ]

ഇമാം നവവി (റ) എഴുതുന്നു : എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. [ശറഹുല്‍ മുഹദ്ദബ്]

ഈ അനാചാരത്തെ ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു : അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍

ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു അനാചാരം സജീവമായി മുസ്‌ലിം സമുദായത്തില്‍ പണ്ട് നിലനിന്നിരുന്നു. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില്‍പോലും ഒരു ആഴ്ചയെങ്കിലും ദാഇംഓത്ത്‌ എന്ന പേരില്‍ ഈ ബിദ്അത് അനുഷ്ട്ടിച്ചിരുന്നു. മരിച്ച വീടുകളിലും ഈ ഓത്ത്‌ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഈ അനാചാരങ്ങള്‍ നീങ്ങിയിട്ടുണ്ട്. സുന്നത്തിന്‍റെ യാതൊരു വെളിച്ചവും എത്തിയിട്ടില്ലാത്ത ചില പ്രദേശങ്ങളില്‍ മാത്രം ഇന്നും ഇത് തുടര്‍ന്ന് വരുന്നു.

ഖബര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സ്ഥലമല്ലെന്ന് പ്രവാചകന്‍ (സ) പ്രഖ്യാപിക്കുകയുണ്ടായി. അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു : "നിങ്ങളുടെ വീടുകളെ നിങ്ങള്‍ മഖ്ബറകള്‍ പോലെയാക്കരുത്. നിശ്ചയം സൂറത്ത് ബഖറ ഓതുന്ന വീട്ടില്‍നിന്നും പിശാചു ഓടുന്നതാണ് " [മുസ്‌ലിം]. ഖുര്‍ആന്‍ ഓതാതെ നിങ്ങള്‍ വീടുകളെ ഖബറിടം പോലെയാക്കരുത് എന്ന് നബി (സ) പറയുമ്പോള്‍ ഖബറിടങ്ങളില്‍ വെച്ച് ഖുര്‍ആന്‍ ഓതാന്‍ പാടില്ലെന്ന് ഏതു ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാകും.

റജബ് മാസത്തിലെ നമസ്കാരവും മറ്റു അനാചാരങ്ങളും

റജബ് മാസത്തില്‍ പ്രത്യേകമായ പ്രാര്‍ത്ഥനകളോ നമസ്കാരങ്ങളോ അനുഷ്ടിക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. എന്നാല്‍ ചില മുസ്ലിംകള്‍ റജബ് മാസത്തിലെ ആദ്യത്തെ രാത്രിയില്‍ നമസ്കാരം നിര്‍വഹിച്ചശേഷം ചില പ്രാര്‍ത്ഥനകള്‍ ചെല്ലുന്നത് കാണാം. ചിലര്‍ 30 റകഅത് നമസ്കരിക്കുന്നു. മറ്റുചിലര്‍ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് പിടിക്കുന്നു. ചിലര്‍ 27നു നോമ്പ് പിടിക്കുന്നു. ഇവയെല്ലാംതന്നെ തനിച്ച അനാചാരങ്ങളാണ്. റജബ് മാസത്തില്‍ പ്രത്യേകമായി നമസ്കരിക്കുവാനും നോമ്പ് അനുഷ്ടിക്കുവാനും പറയുന്ന സര്‍വ ഹദീസുകളും നിര്‍മ്മിതമാണെന്ന് ഇബ്നു ഹജര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു.

ഇമാം റoലി (റ) തന്‍റെ ഫതാവയില്‍ പറയുന്നു : തീര്‍ച്ചയായും റജബ് മാസത്തില്‍ പ്രത്യേക നമസ്കാരം സഹീഹായിട്ടില്ല. ഈ മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസത്തില്‍ നിര്‍വഹിക്കപ്പെടുന്ന സ്വലാതു റഗാഇബിന്‍റെ ശ്രേഷ്ടതയെപ്പറ്റി ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ നുണയും അടിസ്ഥാനരഹിതവുമാണ്. അതിനാല്‍ ഈ നമസ്കാരം ഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുത്ത് അനാചാരമാണ്. [ഫതാവാ റoലി 1/209]

ഇമാം നവവി (റ) എഴുതുന്നു : വെള്ളിയാഴ്ച മാത്രം നോമ്പനുഷ്ടിക്കരുതെന്നു നബി (സ) പറഞ്ഞ ഹദീസ്, റഗാഇബ്‌ നമസ്കാരം എന്ന അനാചാരം വെറുക്കപ്പെട്ടതാണെന്നതിന് പണ്ഡിതന്മാര്‍ തെളിവ്പിടിക്കുന്നു. ഈ നമസ്കാരം നിര്‍മ്മിച്ചുണ്ടാക്കിയവനെ അല്ലാഹു ശപിക്കട്ടെ. നിശ്ചയം ഇത് നിഷിദ്ധ അനാചാരമാണ്‌. ദുര്‍മാര്‍ഗവും അജ്ഞതയുമായ അനാചാരങ്ങളില്‍പെട്ട അനാചാരം. [ശറഹുല്‍ മുസ്ലിം 4/275]. ഫതാവാ നവവിയിലും ഇത് അനാചാരമാണെന്ന് പറയുന്നു.

മിഅ'റാജ് നമസ്കാരം

മിഅ'റാജ് ദിവസത്തില്‍ ഇസ്‌ലാം യാതൊരു പുണ്യകര്‍മ്മവും അനുഷ്ട്ടിക്കുവാന്‍ പ്രത്യേകമായി നിര്‍ദെശിക്കുന്നില്ല. നബി (സ)യോ സഹാബിമാരോ ഈ ദിവസത്തിന് പ്രാധാന്യം കല്‍പ്പിച്ചു നമസ്കരിക്കുകയോ നോമ്പനുഷ്ടിക്കുകയോ ചെയ്തിട്ടില്ല. ഇമാം ശീറാസി (റ) പറയുന്നു : മിഅ'റാജിന്റെ രാത്രിയിലെ നമസ്കാരത്തിന് യാതൊരു ഹദീസും സഹീഹായിട്ടില്ല. [സിഫ്രുസ്സആദ].

വിധവയുടെ ഇദ്ദയും അനാചാരങ്ങളും

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവും ഇരുട്ടുള്ള മുറിയില്‍ ഇരിക്കണം, അവള്‍ വെള്ളവസ്ത്രം ധരിക്കണം, ആകാശം കാണുവാന്‍ പാടില്ല, ഭര്‍തൃസഹോദരന്മാര്‍, അന്യപുരുഷന്മാര്‍ മുതലായവരെ കാണുവാന്‍ പാടില്ല, അവരോടു സംസാരിക്കല്‍ നിഷിദ്ധം, ആവശ്യങ്ങള്‍ക്ക്പോലും പുറത്തുപോകാന്‍ പാടില്ല, ഈ രീതിയിലുള്ള വിശ്വാസങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ കാണാം. അന്ധവിശ്വാസവും അജ്ഞതയുമാണ്‌ ഇതെല്ലാം.

അല്ലാഹു പറയുന്നു : "(ഭര്‍ത്താവ് മരിച്ച) സ്ത്രീകളോട് അവരുടെ ഇദ്ദ കാലത്ത് വിവാഹാലോചനയെക്കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല" [ബഖറ 235 ]. സ്ത്രീയോട് നേരിട്ട്തന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. അപ്പോള്‍ ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണുവാനും സംസാരിക്കുവാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തകര്‍ക്കുന്നു.

പൂര്‍ണ്ണമായി വിവാഹമോചനം ചെയ്ത സ്ത്രീയും ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയും പകല്‍ സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകല്‍ അനുവദനീയമാണ്‌ എന്നൊരു അദ്ധ്യായം തന്നെ സഹീഹ് മുസ്ലിമില്‍ കാണാം. ശേഷം ജാബിര്‍ (റ)ന്‍റെ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതി : "പരിപൂര്‍ണ്ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോകാംഎന്നതിനു ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൌറി, ലൈസ്‌, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവ് മരണപ്പെട്ട ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്കും പകല്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു. [ശറഹു മുസ്‌ലിം 5/366]

മരണത്തിന്‍റെ ഇദ്ദയേക്കാള്‍ കാഠിന്യം വിവാഹമോചനത്തിന്‍റെ ഇദ്ദയാണ്. എന്നാല്‍ ജനങ്ങളുടെ ധാരണ മരണത്തിന്‍റെ ഇദ്ദയാണ് കൂടുതല്‍ കാഠിന്യം എന്നാണ്. നാലു മദ്ഹബിന്‍റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ടത് കാരണമായുള്ള ഇദ്ദയുടെ അവസരത്തില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകാമെന്ന് പ്രഖ്യാപിക്കുന്നു.

ഇമാം നവവി (റ), മിന്‍ഹാജില്‍ എഴുതുന്നു : ഭര്‍ത്താവ് മരിച്ച ഇദ്ദയില്‍ സ്ത്രീകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങുവാനും നൂല്‍ നൂല്‍ക്കുവാനും അതുപോലെയുള്ളതിനും പുറത്തുപോകാം. [മിന്ഹാജ്].

ഫത്ഹുല്‍ മുഈനില്‍ എഴുതുന്നു : ഭക്ഷണസാധനങ്ങള്‍ വാങ്ങുക, നൂല്‍ വില്‍ക്കുക, വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക് പകല്‍ പുറത്തു പോകാം. [ഫത്ഹുല്‍ മുഈന്‍ പരിഭാഷ പേജ് 484].

ഉറവ (റ) നിവേദനം : ആയിശ (റ) അവരുടെ സഹോദരി ഉമ്മുകുല്‍സൂമിന്‍റെ ഭര്‍ത്താവ് ത്വല്‍ഹ (റ) വധിക്കപ്പെട്ടപ്പോള്‍ മക്കയിലേക്ക് അവളുമായി ഉംറക്കു പുറപ്പെടുകയുണ്ടായി. വിധവയ്ക്ക് ഇദ്ദയില്‍ തന്നെ പുറത്തു പോകാമെന്ന് ആയിശ (റ) മതവിധി നല്‍കാറുണ്ടായിരുന്നു. [ബൈഹഖി, മുസന്ന്വഫ്]. ഈ ഹദീസിന്‍റെ പരമ്പര വളരെയധികം പ്രബലമായതാണ്.

വിധവകള്‍ ഇദ്ദ ആചരിക്കുന്ന സന്ദര്‍ഭത്തില്‍ അവരെയും കൊണ്ട് അലി (റ) യാത്ര ചെയ്യാറുണ്ടായിരുന്നു. [ബൈഹഖി].

രോഗിയും മയ്യിത്തും ഖുര്‍ആന്‍ പാരായണവും

രോഗിക്ക് വേണ്ടിയോ മരണപ്പെട്ടവരുടെ അടുത്ത് വെച്ചോ ഖുര്‍ആന്‍ പാരായണം ചെയ്യുവാന്‍ നബിചര്യയില്‍ യാതൊരു രേഖയുമില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കും ഒരേ ഹദീസാണ് ഇങ്ങനെ ചെയ്യാമെന്നു വാദിക്കുന്നവര്‍ തെളിവായി ഉദ്ധരിക്കുന്നത്.

തെളിവായി പറയുന്ന ഹദീസുകള്‍ :

1. മഅ'ഖലുബ്നു യസാര്‍ (റ) നിവേദനം : നബി (സ) പറഞ്ഞു : നിങ്ങളില്‍ മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [ഇബ്നുമാജ, അബൂദാവൂദ്].

വളരെ ദുര്‍ബലമായ ഹദീസാണിത്. ഇത് തെളിവിനു പറ്റുകയില്ല. ഇമാം നവവി (റ) എഴുതുന്നു : ഞാന്‍ പറയുന്നു ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്‌. ഇതിന്‍റെ നിവേദന പരമ്പരയില്‍ അജ്ഞാതരായ രണ്ടു വ്യക്തികളുണ്ട്. [അല്‍ അദ്കാര്‍ പേജ് 122]

ഇബ്നു ഹജരില്‍ അസ്കലാനി (റ) എഴുതുന്നു : ഈ ഹദീസ് ആശയം അവ്യക്തമാകലും നിവേദന പരമ്പരയില്‍ വന്ന അബൂ ഉസ്മാനും അയാളുടെ പിതാവും അറിയപ്പെടാത്ത വ്യക്തിയാകലും ഉള്ളത് കൊണ്ട് ഇബ്നു ഖത്വാന്‍ ഇതിനു ദുര്‍ബലതയുണ്ടെന്നു പറയുന്നു. ഇബ്നു അറബി ഇമാം ദാരഖുത്നിയില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു : ഈ ഹദീസ് ദുര്‍ബലമാണ്‌. മരിച്ചവരുടെ അടുക്കല്‍ വെച്ച് ഖുര്‍ആന്‍ ഓതുന്ന വിഷയത്തില്‍ ഒരു ഹദീസും സഹീഹായിട്ടില്ല. [അത്തല്‍ഖീസ് 5/11]

2. അബൂദര്‍അ' (റ) നിവേദനം : മരിച്ചവരുടെ അടുത്ത് വെച്ച് നിങ്ങള്‍ യാസീന്‍ ഓതുവിന്‍. [അബൂനുഐം].

ഇത് നിര്‍മിതമായ ഹദീസാണ്. ഇതിന്‍റെ പരമ്പരയില്‍ മര്‍വാനുബ്നു സാലിം എന്നൊരു മനുഷ്യനുണ്ട്. ഇബ്നു ഹാജര്‍ (റ) എഴുതുന്നു : ഇയാള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടവനാണ്. സാജിയും മറ്റും ഇയാള്‍ ഹദീസുകള്‍ നിര്‍മ്മിക്കാരുണ്ടെന്നു പറയുന്നു. [തഖ്രീബ് പേജ് 526]

ഇമാം അഹമദ് (റ) പറയുന്നു : ഇയാള്‍ വിശ്വസ്തനല്ല. ദാറഖുത്നി (റ) പറയുന്നു : ഇത് ഉപേക്ഷിക്കപ്പെടണം. ഇമാം ബുഖാരി, മുസ്‌ലിം, അബൂ ഹാതിം (റ) മുതലായവര്‍ പറയുന്നു : ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമായതാണ്‌. നസാഈ (റ) പറയുന്നു : ഇയാളുടെ ഹദീസുകള്‍ വളരെയധികം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. [മീസാന്‍ 4/91]

മയ്യിത്ത്‌ നമസ്കാരത്തിലെ ബിദ്അതുകള്‍

മയ്യിത്ത്‌ നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടത് മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികള്‍ തന്നെയാണ്. ഇത് അവരുടെ അവകാശമാണ്. പള്ളിയിലെ പുരോഹിതന്‍റെ അവകാശമല്ല. ഫത്ഹുല്‍ മുഈനില്‍ പോലും ഇത് പറയുന്നുണ്ട് (പുത്തൂര്‍ ഫൈസിയുടെ പരിഭാഷ പേജ് 202).

സ്ത്രീകള്‍ക്ക് മയ്യിത്ത്‌ നമസ്കരിക്കുമ്പോള്‍ لها എന്ന് ചെല്ലുന്നത് നബിചര്യക്ക്‌ എതിരാണ്. അതുപോലെ നാലാമത്തെ തക്ബീറിനു ശേഷം അല്‍പസമയം മാത്രമേ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ എന്ന ധാരണയും പിഴച്ചതാണ്. നബി (സ) ഈ സന്ദര്‍ഭത്തിലും ചിലപ്പോള്‍ ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നു. ദീര്ഘിപ്പിക്കുവാന്‍ പാടില്ലെന്നത് സാധാരണക്കാരന്‍റെ തെറ്റിദ്ധാരണ മാത്രമാണെന്ന് ഇമാം നവവി (റ) റിയാലുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.

മയ്യിത്ത്‌ നമസ്കാരത്തില്‍ നിന്നും സലാം വീട്ടുന്ന സന്ദര്‍ഭത്തില്‍ 'വബറകാതുഹു' എന്ന് കൂടി വര്‍ധിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നബിചര്യയില്‍ ഇപ്രകാരം സഹീഹായി വന്നിട്ടില്ല. അതുപോലെ മയ്യിത്തിനെ മുന്നില്‍ വച്ചുകൊണ്ട് ഒരു വിഭാഗം നിര്‍വഹിച്ച നമസ്കാരത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഖബറിന്‍റെ അടുത്ത് പോയി നമസ്കരിക്കുക എന്നതാണ് നബിചര്യ.

വെള്ളിയാഴ്ച രാവിലെ യാത്ര പാടില്ല

വെള്ളിയാഴ്ച ദിവസം ജുമുഅ:ക്ക് മുമ്പ് യാത്ര പുറപ്പെടാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബി വര്യന്മാരും പഠിപ്പിച്ച ഇസ്ലാമില്‍ ഇപ്രകാരം ഒരു നിയമമില്ല.

ഇബ്നു ഉമര്‍ (റ) പറയുന്നു : ജുമു അ: നമസ്കാരം യാത്രയില്‍ നിന്നും തടയുകയില്ല. [മുസ്വന്നഫ്]

ഇബ്നു സീറീന്‍ (റ) പറയുന്നു : ഉമര്‍ (റ) ജുമുഅ: നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഷം ധരിച്ച ഒരാളെ കണ്ടു. എന്താണ് താങ്കളുടെ പ്രശ്നമെന്ന് ഉമര്‍ (റ) അയാളോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഞാനൊരു യാത്രക്ക് ഉദ്ദേശിച്ചു. എന്നാല്‍ ജുമുഅ: നമസ്കരിക്കുന്നതിന്‍റെ മുമ്പ് യാത്ര പുറപ്പെടുന്നതിനെ ഞാന്‍ വെറുത്തു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു : തീര്‍ച്ചയായും ജുമുഅ: നിന്നെ നിന്‍റെ യാത്രയില്‍നിന്നും തടയുകയില്ല. അതിന്‍റെ സമയമായിട്ടില്ലെങ്കില്‍. [അബ്ദുറസാഖ്]

തെളിവായി പറയുന്ന ഹദീസ് :

ഇബ്നു ഉമര്‍ (റ) നിവേദനം : വെള്ളിയാഴ്ച പ്രഭാതത്തില്‍ ആരെങ്കിലും യാത്ര പുറപ്പെട്ടാല്‍ മലക്കുകള്‍ അവനു എതിരായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. [ദാറഖുത്വനി]

മറുപടി :

ഇത് വളരെയധികം ദുര്‍ബലമായ ഹദീസാണ്. ഇതിന്‍റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്നു ലുഹൈഅത്ത് എന്ന പ്രസിദ്ധ കള്ളവാദിയുണ്ട്. ഇയാളുടെ നിര്‍മ്മിതമായ ഹദീസിനു ഉദാഹരണമായിക്കൊണ്ട് ഇമാം ദഹബി (റ) ഈ ഹദീസ് പ്രത്യേകം എടുത്തു കാണിക്കുന്നു. [മീസാന്‍ 2 /482]. പുറമേ, ഇബ്നു ഉമര്‍ (റ)ല്‍ നിന്നും സ്ഥിരപ്പെട്ട ഹദീസിനു എതിരാണിത്.

ജുമുഅ:യുടെ മുമ്പ് സുന്നത്ത് നമസ്കാരം

ജുമുഅ:ക്കു മുമ്പായി തഹിയ്യത് നമസ്കാരം മാത്രമാണ് നബി (സ)യും സഹാബിവര്യന്മാരും നമസ്കാരിക്കാറുള്ളത്.

മുഹയുദ്ധീന്‍ ഷെയ്ഖ്‌ (റ) എഴുതുന്നു : രണ്ട് ഖുത്ബ ജുമുഅ:യുടെ നിബന്ധനയില്‍ പെട്ടതാണ്. ഖുത്ബക്ക് മുമ്പ് സുന്നത്തില്ല. [ഗുന്‍യത് 2 /127]

ഇമാം അബൂ ശാമ എഴുതുന്നു : ഇഷാ നമസ്കാരത്തിനെന്നപോലെ ജുമു അ: നമസ്കാരത്തിന് മുമ്പും സുന്നത് നമസ്കാരമില്ല. [അല്‍ ബാഈസ്‌ പേജ് 71]

ഇമാം ശീറാസി (റ) എഴുതുന്നു : ബിലാല്‍ (റ) ബാങ്കില്‍ നിന്നും വിരമിച്ചാല്‍ നബി (സ) പ്രസംഗിക്കാന്‍ തുടങ്ങും. അപ്പോള്‍ ആരുംതന്നെ സുന്നത് നമസ്കരിക്കാന്‍ എഴുനേല്‍ക്കാറില്ല. ചിലര്‍ ളുഹറിന്മേല്‍ തുലനപ്പെടുത്തി ജുമുഅ:ക്ക് മുമ്പ് സുന്നത്തിനെ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ തുലനപ്പെടുത്തല്‍കൊണ്ട് സുന്നത് സ്ഥാപിക്കപ്പെടുകയില്ല. സുന്നത്തുകള്‍ സൂക്ഷ്മമായി രേഖപ്പെടുത്താന്‍ ശ്രദ്ധിച്ച പണ്ഡിതന്മാരും ജുമുഅ:ക്ക് മുമ്പ് യാതൊരു സുന്നത്തും നിവേദനം ചെയ്യുന്നില്ല. [സിഫ്റുസ്സആദ പേജ് 46]

വിത്റിലെ ഖുനൂത്ത്

നബി (സ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല. ഈ വിഷയത്തില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ഏറ്റവും പ്രബലമായത് താഴെ ഉദ്ധരിക്കുന്ന ഹദീസാണ്.

ഹസനുബ്നു അലി (റ) പ്രസ്താവിക്കുന്നു : വിത്റിന്‍റെ ഖുനൂത്തില്‍ ചൊല്ലുവാന്‍ നബി (സ) എനിക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിതാണ്, അല്ലാഹുമ്മ ഇഹ്ദനീ ... [അഹമദ്, അബൂദാവൂദ്, തുര്മുദി, നസാഈ].

ഈ ഹദീസിനെക്കുറിച്ച് പ്രസിദ്ധ ഹദീസ്പണ്ഡിതനായ ഇബ്നു ഖുസൈമ (റ) പറയുന്നത് കാണുക : ഈ ഹദീസ് ശുഅ'ബ ബുറൈദില്‍ നിന്ന് ഒരു പ്രാര്‍ത്ഥനയുടെ കഥയില്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഖുനൂത്തിനെക്കുറിച്ചും വിത്റിനെക്കുറിച്ചും പറയുന്നില്ല. (എനിക്ക് ഇപ്രകാരം ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നു എന്ന് മാത്രമാണ് പറയുന്നത്). ശുഅ'ബയാണ് യൂനുസുബ്നു അബൂ ഇഷാഖിനെപ്പോലെയുള്ളവരെക്കാള്‍ ഏറ്റവും മന:പ്പാOമുള്ളവന്‍. അബൂ ഇഷാഖ് ഈ ഹദീസ് ബുറൈദയില്‍ നിന്നും കേട്ടതാണോ അതല്ല കേള്‍ക്കാത്തത് പറഞ്ഞതാണോ എന്നും അറിയുന്നില്ല. നബി (സ) വിത്റില്‍ ഖുനൂത്ത് ചൊല്ലാന്‍ കല്പ്പിച്ചതായോ ഖുനൂത്ത് ചൊല്ലിയതായോ സ്ഥിരപ്പെട്ടാല്‍ അതിനെതിരില്‍ പറയല്‍ എന്‍റെ അടുത്ത് അനുവദനീയമല്ല. എന്നാല്‍ അപ്രകാരം സ്ഥിരപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നില്ല. [ഇബ്നു ഖുസൈമ 2/153]

അദ്ദേഹം തന്നെ വേറൊരിടത്ത് പറയുന്നു : വിത്റിലെ ഖുനൂത്തില്‍ നബി (സ)യില്‍ നിന്നും ഒരു ഹദീസെങ്കിലും സ്ഥിരപ്പെട്ടത്‌ ഞാന്‍ അറിയുന്നില്ല. [ഇബ്നു ഖുസൈമ]

നാഫിഅ' (റ), ഇബ്നു ഉമര്‍ (റ)ല്‍ നിന്ന് നിവേദനം : അദ്ദേഹം (ഇബ്നു ഉമര്‍) സുബഹി നമസ്കാരത്തിലും വിത്ത്റിലും ഖുനൂത്ത് ഓതാറില്ല. ഖുനൂത്തിനെ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടാല്‍ അദ്ദേഹം പറയും : 'നമസ്കാരം ദീര്ഘിപ്പിക്കുക, ഖുര്‍ ആന്‍പാരായണം ചെയ്യുക. ഈ ഖുനൂത്ത് അല്ലാതെ മറ്റൊരു ഖുനൂത്തും ഞങ്ങള്‍ക്ക് അറിയുകയില്ല'. [ഇബ്നു അബീശൈബ). ഇതിന്‍റെ പരമ്പര വളരെ സഹീഹായതാണ്. സഹാബിമാരുടെ എകാഭിപ്രായം ഉദ്ധരിച്ചാണ് ഇബ്നു ഉമര്‍ (റ) എല്ലാതരം ഖുനൂത്തിനെയും ഇവിടെ നിഷേധിക്കുന്നത്.

നാഫിഅ' (റ) പറയുന്നു : യാതൊരു നമസ്കാരത്തിലും ഇബ്നു ഉമര്‍ (റ) ഖുനൂത്ത് ഓതിയിരുന്നില്ല. (മുവത്വ).

ഇമാം ശീരാസി (റ) എഴുതുന്നു : സുബുഹിലും വിത്റിലും ഖുനൂത് ഓതുന്ന അധ്യായത്തില്‍ ഒരു ഹദീസ് പോലും സഹീഹായി ട്ടില്ല. (സിഫ്രുസ്സആദ പേജ് 144).

ഉബയ്യിബ്നു കഅ'ബ, ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് (റ) മുതലായവരില്‍ നിന്നും വിത്ത്റിലെ ഖുനൂത്ത് ഉദ്ധരിക്കപ്പെടുന്നു. പക്ഷെ, ഇവയെല്ലാം ദുര്‍ബലമാണെന്ന് ബൈഹഖി തന്നെ പറയുന്നുണ്ട്. [ശര ഹുല്‍ മുഹദ്ദബ് 4/18).

ഇമാം നവവി (റ) ഉദ്ധരിക്കുന്നു : ത്വാഊസ് (റ) പറയുന്നു : വിത്ത്റിലെ ഖുനൂത്ത് അനാചാരമാണ്. ഇപ്രകാരം ഇബ്നു ഉമറില്‍ നിന്നുള്ള ഒരു നിവേദനത്തിലും പറയുന്നുണ്ട്. (ശരഹുല്‍ മുഹദ്ദബ് 4 /24). പ്രഗല്‍ഭരായ അന്‍പതില്‍പരം സഹാബികളെ ദര്‍ശിച്ച വ്യക്തിയാണ് ത്വാഊസ് (റ). കൂടാതെ ഇബ്നു അബ്ബാസ് (റ)ന്‍റെ പ്രഗല്‍ഭ ശിഷ്യനുമാണ്. (തഹ്ദീബ് 9/506).

അബൂഹുറൈറ (റ), ഉര്‍വതുബ്നു സുബൈര്‍ (റ) എന്നീ സ്വഹാബികളില്‍ നിന്നും വിത്റിലെ ഖുനൂത്ത് അനാചാരമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു.

വിസര്‍ജ്ജനസ്ഥലത്ത് തല മറക്കല്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ചിലര്‍ തല മറക്കുവാന്‍ പ്രത്യേകം താല്പര്യം കാണിക്കുന്നത് കാണാം. നബി (സ)യോ സഹാബി വര്യന്മാരോ ഇപ്രകാരം ഒരു ആചാരം നമ്മെ പഠിപ്പിക്കുന്നില്ല.

ഇതിനു തെളിവുണ്ടെന്ന് പറയുന്ന ഹദീസുകള്‍ :

1 . ആയിശ (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും തന്‍റെ ഭാര്യയെ സമീപിക്കുന്ന സന്ദര്‍ഭത്തിലും തല മറക്കാരുണ്ടായിരുന്നു. [ബൈഹഖി].

ബൈഹഖി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. ഇസ്‌ലാം പ്രായോഗികമല്ലാത്ത ഒരു മതമായി ചിത്രീകരിക്കുവാന്‍ ഇസ്ലാമിന്‍റെ ശത്രുക്കള്‍ നിര്‍മിച്ചതാണ് ഈ ഹദീസ്.

2. ഇബ്നു സാലിഹ് (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തന്‍റെ ചെരുപ്പ് ധരിക്കുകയും തല മറക്കുകയും ചെയ്യും. [ബൈഹഖി].

ഈ ഹദീസ് ബൈഹഖി തന്നെ സഹീഹാണെന്ന് പറയുന്നില്ല. 'മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തലമാറക്കല്‍, ഹദീസ് ഈ വിഷയത്തില്‍ സഹീഹായാല്‍' എന്ന ഒരു അദ്ധ്യായം നല്‍കിയാണ്‌ അദ്ദേഹം ഈ ഹദീസ് ഉദ്ധരിക്കുന്നത്. [ബൈഹഖി:1 -96]. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തി സഹാബി പോലുമല്ല. പരമ്പര മുറിഞ്ഞ ഹദീസാണിതെന്നു ഇമാം നവവി (റ) പറയുന്നു. [ശരഹുല്‍ മുഹദ്ദബ് 2 /94]. അബൂബക്കര്‍ (റ)ല്‍ നിന്ന് ഇത് സഹീഹായി വന്നിട്ടുണ്ടെന്ന വാദവും ശരിയല്ല.

അറബികള്‍ സാധാരണയായി ഇസ്ലാമിന്‍റെ മുമ്പ്തന്നെ തല മറക്കാരുണ്ട്. നബി (സ) അതിനെ വിരോധിക്കാത്തത്കൊണ്ട് ചിലപ്പോള്‍ മലമൂത്ര വിസര്‍ജ്ജനസ്ഥലത്തും പ്രവേശിച്ചിരിക്കാമെന്നു മാത്രം. മതവുമായി ഇതിനു ബന്ധമില്ല. യാതൊരു പ്രേരണയും നബി (സ) ഇതിനു നല്‍കിയിട്ടില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana