Featured

തല അല്‍പ്പം തടവല്‍

പ്രവാചക ചര്യ വുദുഅ' എടുക്കുമ്പോള്‍ തല മുഴുവനും തടവുക എന്നതാണ്. ചില മുസ്ലിമുകള്‍ തലയുടെ മുന്‍ഭാഗത്ത്‌ അല്‍പ്പം ഒന്ന് തടവുന്നത് കാണാം. സുന്നത്തിനു എതിരാണിത്. ഒരിക്കല്‍ തലപ്പാവ് അഴിച്ചു വെക്കാതെ നബി(സ) വുദു എടുത്തപ്പോള്‍ അല്‍പ്പം കൊണ്ട് മതിയാക്കാതെ തലപ്പാവിന്റെ മുകളില്‍ കൂടി തടവുകയാണ്‌ ചെയ്തത്. (മുസ്ലിം)

അബ്ദുല്ലാഹിബ്ന്‍ സൈദ്(റ) പ്രസ്താവിക്കുന്നു. നബി(സ) രണ്ടു കൈകൊണ്ടും തല തടവി. രണ്ടു കയ്യും മുന്നില്‍ നിന്ന് പിന്നോട്ടും പിന്നില്‍ നിന്നി മുന്നോട്ടും നടത്തി. അതായത് തലയുടെ മുന്‍ഭാഗത്ത്‌ നിന്ന് തുടങ്ങി രണ്ടുകയ്യും പിരടിവരെ കൊണ്ടുപോയി പിന്നെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ മടക്കികൊണ്ട്‌ വന്നു. (ബുഖാരി, മുസ്ലിം)

മുഹ്യിദ്ധീന്‍ ശൈക്(റ) തല തടവുന്നതിന്റെ രൂപം വിവരിക്കുന്നത് കാണുക.

തല തടവുന്നതിന്റെ രൂപം ഇപ്രകാരമാണ്. കൈ രണ്ടും വെള്ളത്തില്‍ വെച്ച്, ശേഷം ഒഴിവായ നിലക്ക് കൈ രണ്ടും ഉയര്‍ത്തി തലയുടെ മേല്‍ ഭാഗത്ത്‌ വെക്കുക. പിന്നീട് അവ രണ്ടും പിരടിയിലേക്ക് കൊണ്ടുപോയി തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചു കൊണ്ട് വരിക.(ഗുന്യത്ത്‌ :1 /2 )

റുകൂഉം വബിഹംദിയും

ചിലര്‍ റുകൂഇലും സുജൂദിലുമുള്ള  പ്രാര്‍ത്ഥനകളില്‍ വബിഹംദിഹി എന്ന് അധികരിപ്പിച്ചു ചൊല്ലുന്നത്‌ കാണാം. യഥാര്‍ത്ഥത്തില്‍ റസൂല്‍(സ) നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹായ ഒരു ഹദീസിലും ഇപ്രകാരം ചൊല്ലിയതായി കാണാന്‍ സാധിക്കുകയില്ല. അവിടുത്തെ ചര്യ കാണുക.

ഹുദൈഫ(റ) നിവേദനം: "നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ 'സുബ്ഹാന റബ്ബിയല്‍ അളീം' എന്നും സുജൂദില്‍ 'സുബ്ഹാന റബ്ബിയല്‍ അഅ'ല' എന്നും  നബി(സ) ചൊല്ലി" (അഹ്മദ്, അബു ദാവൂദ്, തുര്മുദി, നസാഈ)

വബിഹംദിഹി എന്ന് അധികരിപ്പിച്ചു വന്നു ഹദീസ് ദുര്‍ബ്ബലമാണ്‌

പ്രസിദ്ധ പണ്ഡിതനായ ഇമാം ബശ്ശാര്‍ എഴുതുന്നു:

'വബിഹംദിഹി' എന്നത് അബൂലൈലയുടെ ഓര്‍മ്മയില്‍ പിഴവ് സംബവിച്ചതുകൊണ്ടാണ് ഉധരിച്ചതെന്നു ഞാന്‍ വിചാരിക്കുന്നു. ഹുദൈഫയില്‍ നിന്ന് ഇത് ഉദ്ധരിക്കുന്നു. അതില്‍ വബിഹംദിഹി എന്ന് പറയുന്നില്ല. (ബശ്ശാര്‍ 7/ 323)



രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു:

സുന്നത് 'സുബ്ഹാന റബ്ബിയല്‍ അളീം' എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

അദ്ദേഹം തുടരുന്നു.
വബിഹംദിഹി എന്ന വര്‍ദ്ധനവ്‌ നബി(സ)യില്‍ നിന്ന് ഗ്രഹിക്കപ്പെട്ടത്‌ ആവാതിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നു അബൂ ദാവൂദ് പറയുന്നു. ഇതിന്റെ പരമ്പരയില്‍ അജ്ഞാതനായ വ്യക്തിയുണ്ട്‌ (ശരഹുല്‍ മുഹദ്ദബ് 3/411)

ദാറുഖുതിനിയുടെ ഒരു ഹദീസിലും വബിഹംദിഹി ചൊല്ലിയതായി പറയുന്നു. ഈ ഹദീസിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു: ദാറുഖുതിനിയുടെ പരമ്പരയില്‍ മുഹമ്മദ്‌ ഇബ്ന്‍ അബീലൈല എന്ന മനുഷ്യനുണ്ട്‌. ഇയാള്‍ ധുര്ബ്ബലനാണ്.
(ശരഹുല്‍ മുഹദ്ദബ് 3/413)



ഉഖ്‌ബത്തു(റ) നിവേദനം: 'ഫസബ്ബിഹ് ബിസ്മി റബ്ബികല്‍ അളീം' എന്ന ആയത്ത്  അവതരിച്ചപ്പോള്‍ ഇത് നിങ്ങളുടെ റുകൂഇല്‍ ആക്കി കൊള്ളുക എന്നും സബ്ബിഹിസ്മ റബ്ബികള്‍ അഹ് ല എന്ന് അവതരിച്ചപ്പോള്‍ ഇത് നിങ്ങളുടെ സുജൂദില്‍ ആക്കി കൊള്ളുക എന്നും നബി(സ) അരുളി . (അഹ്മദ്, അബൂ ദാവൂദ്)



ഹംദിനെ കുറിച്ച് ഈ 2 ആയത്തിലും പ്രസ്ഥാവിക്കുന്നില്ല. തസ്ബീഹ് ചൊല്ലാന്‍ മാത്രമാണ് ആയത്തില്‍ പറയുന്നത്. ആയത്ത്‌  അത് പോലെ ചൊല്ലുക എന്നല്ല താല്പര്യം. നബി(സ) വ്യാകാനിച്ചു കാണിച്ചു തന്ന രൂപത്തില്‍ ചൊല്ലണം . ആ രൂപത്തില്‍ വബിഹംദിഹി ഖുര്‍ആനിന്റെ താല്പര്യപ്രകാരവും ഉണ്ടാവാന്‍ സാദ്യതയില്ല.

നമസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന

നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ ഇമാം ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞിരുന്നു ഉറക്കെ പ്രാര്‍ഥിക്കുകയും അവരെക്കൊണ്ടു ആമീന്‍ പറയിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ചില സ്ഥലങ്ങളില്‍ കാണാം. തനിച്ച അനാചാരമാണിത്. നബി(സ) ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്തതായി ഉധരിക്കപ്പെടുന്നില്ല. ലക്ഷക്കണക്കിന്‌ സ്വഹാബികള്‍ ഉണ്ടായിട്ടും ഒരു സ്വഹാബിപോലും ഇപ്രകാരം ചെയ്തതായും ഉദ്ധരിക്കപ്പെടുന്നില്ല. ശാഫീ മദ്ഹബിനു പോലും കടകവിരുദ്ധമാണ് ഈ സമ്പ്രദായം.

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ എഴുന്നേറ്റു പോകുന്നതിനു മുമ്പ് തലസ്ഥാനത് അല്‍പ്പമൊന്നു ഇരിക്കാറുണ്ട്. ഇബ്ന്‍ ശിഹാബ്(റ) പറയുന്നു. അത് എനിക്ക് തോന്നുന്നത് (യഥാര്‍ത്ഥം അല്ലാഹുവിനു അറിയാം) ജനങ്ങളില്‍ നിന്ന് പിരിഞ്ഞു പോകുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ കണ്ടുമുട്ടാതിരിക്കുവാന്‍ വേണ്ടി ആയിരുന്നുവെന്നാണ്."(ബുഖാരി)

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ ഉടനെ സ്ത്രീകള്‍ എഴുന്നേറ്റു പോകും, നബി(സ) എഴുന്നേറ്റ് പോകുന്നതിന്റെ മുമ്പ് അല്‍പ്പ സമയം അവിടെ ഇരിക്കും.(ബുഖാരി)

നമസ്കാരശേഷമുള്ള പ്രാര്‍ത്ഥന സ്ത്രീകള്‍ക്ക് വീട്ടില്‍ ചെന്നശേഷം നിര്‍വ്വഹിക്കാം. എന്നാല്‍ ഇമാം പ്രാര്‍ത്ഥന ചൊല്ലുകയും ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം സുന്നത്താനെങ്കില്‍ അത് അവസാനിച്ച ശേഷമേ സ്ത്രീകള്‍ പോകുമായിരുന്നു. കാരണം പ്രാര്‍ത്തിക്കുന്നത് റസൂല്‍(സ)യും ആമീന്ചോല്ലുന്നത് സ്വഹാബികളും ആയിരിക്കുമല്ലോ. മാത്രമല്ല ഈ സുന്നത് വീട്ടില്‍ ചെന്ന ശേഷം നിര്‍വ്വഹിക്കാന്‍ പറ്റുകയും ഇല്ല. മാത്രമല്ല ഇങ്ങനെ ഒരു സമ്പ്രദായം സുന്നത്തുണ്ടായിരുന്നുവെങ്കില്‍ നബി(സ) പ്രാര്‍ത്ഥന ചൊല്ലിക്കുന്നതിനു മുമ്പ് സ്ത്രീകള്‍ എഴുന്നെല്‍ക്കുമായിരുന്നു എന്നാണ് പറയേണ്ടത് അല്ലാതെ നബി(സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേല്‍ക്കും എന്നല്ല.

ഹദീസുകളില്‍ നബി(സ) നമസ്കാര ശേഷം നബി(സ) ഇന്നതെല്ലാം പ്രാര്‍ഥിച്ചു എന്ന് കാണാം, അതിന്റെ വിവക്ഷ ഇമാം ശാഫി(റ) തന്നെ പറയുന്നത് കാണുക:

നമസ്കാരത്തില്‍ നിന്ന് പിരിഞ്ഞാല്‍ ഇമാമും മഅ'മൂമും ദിക്ര്‍ ചൊല്ലുന്നതിനെ ഞാന്‍ തെരഞ്ഞെടുക്കുന്നു. അവര്‍ രണ്ടുപേരും ദിക്റുകള്‍ ഗോപ്യമാക്കണം. തന്നില്‍ നിന്ന് പ്രാര്‍ഥനകള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമായ ഇമാം ഒഴികെ.അദ്ദേഹം തന്നില്‍ നിന്ന് പ്രാര്‍ത്ഥന പഠിച്ചിട്ടുണ്ട് എന്ന് ഗ്രഹിക്കുന്നത് വരെ പരസ്യമാക്കണം. ശേഷം അദ്ദേഹവും രഹസ്യമാക്കണം. (അല്‍ ഉമ്മു: 1/110)

ഉറക്കെ നബി(സ) ചൊല്ലിയെന്നു പറയുന്ന ഹദീസുകളെ ഞാന്‍ വിചാരിക്കുന്നത് തന്നില്‍ നിന്ന് ജനങ്ങള്‍ പഠിക്കുവാന്‍ അല്‍പ്പകാലം ഉറക്കെ ചൊല്ലി എന്നതാണ്, കാരണം നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മിക്ക ഹദീസുകളിലും തഹ്ലീലും തക്ബീരും പറയപ്പെടുന്നില്ല. (അല്‍ ഉമ്മു: 1/111)

ഇമാമിന് ഏറ്റവും ശ്രേഷ്ട്ടമായത് പിന്നില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ താന്‍ സലാം വീട്ടിയ ഉടനെ എഴുന്നെല്‍ക്കലാണ്. (തുഹ്ഫ 2 /104)

ഇത്രയും വിവരിച്ചതില്‍ നബി(സ) ദുആ ചെയ്തു ആമീന്‍ പറയിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാമല്ലോ. മാത്രമല്ല നബി(സ) അങ്ങനെ പഠിപ്പിച്ച മിക്ക ദിക്റുകളും ഏകവചനമാണ്.

സുബ്ഹിലെ ഖുനൂത്ത്


സുബ്ഹ് നമസ്കാരത്തില്‍ ചിലര്‍ ഖുനൂത്ത് ഓതുന്നത്‌ കാണാം. ശാഫീ മദ്ഹബ് പ്രചാരത്തിലുള്ള മുസ്ലിമുകല്‍ക്കിടയിലാണ്  ഈ അനാചാരം കാണാന്‍ സാധിക്കുക. ഹനഫീ ഹമ്പലീ മദ്ഹബുകളും നബി ചര്യയും പ്രചാരത്തിലുള്ള മുസ്ലിമുകള്‍ക്കിടയില്‍ ഈ സമ്പ്രദായം ദര്‍ശിക്കാന്‍ സാദ്യമല്ല.

മുഹമ്മദ്‌ ഇബ്ന്‍ സീരിന്‍(റ) നിവേദനം: നബി(സ) സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഒതിയിരുന്നുവോ എന്ന് അനസ്(റ)വിനോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അതെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. റുകൂഇന്നു മുംബായിരുന്നുവോ എന്ന് വീണ്ടും ചോദിക്കപ്പെട്ടു. അപ്പോള്‍ റുകൂഇന്നു ശേഷം കുറച്ചു കാലം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി 1001, മുസ്ലിം 677 )

കുറച്ചു കാലം എന്നത് അനസ്(റ) തന്നെ വിവരിക്കുന്നത് കാണാം:
അനസ്(റ) നിവേദനം: നിശ്ചയം നബി(സ) റുകൂഇന്നു ശേഷം ഒരു മാസം മാത്രമാണ് ഖുനൂത്ത് ചൊല്ലിയിരുന്നത്.  (ബുഖാരി 1002, മുസ്ലിം 675)

നബി(സ) ഒരു പ്രാവശ്യം ചെയ്‌താല്‍ തന്നെ അത് രെഖയാണല്ലോ എന്ന സംശയത്തിനു ഇവിടെ പ്രസക്തമില്ല. കാരണം നബി(സ) ഈ നിയമം ദുര്‍ബലപ്പെടുത്തുകയും പറ്റെ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. നമസ്കാരത്തില്‍ സംസാരിക്കലും ബൈത്തുല്‍  മുക്വദ്ദസിന്റെ  നേരെ തിരിഞ്ഞു  നമസ്ക്കരിക്കലും മറ്റും ഉപേക്ഷിച്ചതുപോലെ.

അനസ്(റ) നിവേദനം: അങ്ങനെ നബി(സ) പ്രഭാത നമസ്കാരത്തില്‍ ഒരുമാസം അവര്‍ക്കെതിരില്‍ ഖുനൂത്ത് ചൊല്ലി. ഞങ്ങള്‍ ഖുനൂത്ത് ചൊല്ലുന്നവര്‍ ആയിരുന്നില്ല. ശേഷം അത് ഉയര്‍ത്തപ്പെട്ടു. (ബുഖാരി 4090)

അബുഹുറൈറ(റ) നിവേദനം:......പ്രശ്നങ്ങളില്‍ നിനക്ക് യാതൊന്നും ഇല്ല....... എന്നാ ആയത്ത് അവതരിക്കപ്പെട്ടത് മുതല്‍ നബി(സ) ഖുനൂത്ത് ഉപേക്ഷിച്ച വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. (മുസ്ലിം 675 )

അനസ്(റ) നിവേദനം: തീര്‍ച്ചയായും നബി(സ) ചില അറബി ഗോത്രങ്ങല്‍ക്കെതിരായി ഖുനൂത്ത് ചൊല്ലി. ശേഷം അത് ഉപേക്ഷിച്ചു. (മുസ്ലിം 687 )

ഈ ഒരു ഖുനൂത്ത് മാത്രമാണ് നബി(സ) ചോല്ലിയിരുന്നത്. മറ്റൊരു തരത്തിലുള്ള ഏതെങ്കിലും ഒരു ഖുനൂത്ത് ഏതെങ്കിലും ഒരു കാലത്ത് നബി(സ) തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയത് സ്വഹീഹായ ഹദീസിലൂടെ ഉദ്ധരിക്കുന്നില്ല. ഇനിയും കാണുക.

അബുമാലിക്ക്(റ) നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു താങ്കള്‍ അല്ലാഹുവിന്റെ ദൂതന്റെ പിന്നില്‍ നിന്ന് നമസ്കരിച്ചിട്ടുണ്ട്, അത് പോലെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരുടെയും; ഇവിടെ കൂഫയില്‍ 5 വര്‍ഷം അലി(റ)യുടെ  പിന്നിലും നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരെങ്കിലും സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഒതിയിരുന്നോ?  അപ്പോള്‍ അദ്ദേഹം പറഞു എന്റെ മകനെ അത് പുതിയതാണ്. (തുര്മുദി ഇബ്ന്മാജ, നസാഈ, അഹ്മദ്)

ഈ ഹദീസ് ഉദ്ധരിച്ച ശേഷം തുര്മുദി എഴുതുന്നു:
ഈ ഹദീസ് സ്വഹീഹായതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് (സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത്‌ ഉപേക്ഷിക്കല്‍) ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ചര്യ. (തുര്മുദി)

സുബ്ഹ് നമസ്കാരത്തില്‍  ഖുനൂത്ത് ചൊല്ലണം എന്ന് വന്ന ചില ഒറ്റപ്പെട്ട ഹദീസുകള്‍ എല്ലാം തന്നെ വളരെ ദുര്‍ബലമാണ്. പ്രത്യക്ഷത്തില്‍ തന്നെ അത് ബുഖാരി മുസ്ലിം അനസ്(റ) നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസിനു എതിരാണ് താനും.    
-- 

നെഞ്ചിനു താഴെ കൈ കെട്ടല്‍

നമസ്കാരത്തില്‍ ചില ആളുകള്‍ വയറിന്മേല്‍ കൈകെട്ടുന്നു മറ്റുചിലര്‍ പൊക്കിളിനു താഴെ അടിവയറില്‍ കയ്കെട്ടുന്നു. ഇത് രണ്ടും തന്നെ പ്രവാചക ചര്യക്ക്‌ എതിരാണ്, പരിശുദ്ധ ഖുര്‍ആനിന്റെ സൂച്ചനക്കും. അല്ലാഹു പറയുന്നു: فصل لربك وانحر
"നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്കരിക്കുകയും നെഞ്ചിന്‍മേല്‍ കയ്ക്കെട്ടുകയും ചെയ്യുക" (ഇപ്പ്രകാരമാണ് അലി(റ) ഈ ആയത്തിനു അര്‍ഥം നല്‍കുന്നത്)

ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയതില്‍ അലി(റ) "തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം 'വന്ഹര്‍' എന്ന പത്തിനു നല്‍കുന്നു" ( ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

ഇബ്ന്‍ ജരീര്‍(റ) നാലു പരമ്പരയിലൂടെ ഈ അര്‍ഥം അലി(റ) നിന്ന് ഉദ്ധരിക്കുന്നു. "അദ്ദേഹം ഈ ആയത്തോതി നമസ്കരിക്കുന്ന മനുഷ്യന്മാരോട് നെഞ്ചിന്റെ മുകളില്‍ കൈകെട്ടാന്‍ കല്പ്പിക്കാറുണ്ട്" . (ഇബ്ന്‍ ജരീര്‍ 10 /210)

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിരും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. (ദാറുല്‍ മന്‍സൂര്‍ 8 /650 )

വാഇലുബ്നു ഹജര്‍(റ) നിവേദനം: ഞാന്‍ നബി(സ)യോടൊപ്പം നമസ്കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു.(ഇബ്ന്‍ കുസയ്മ).

രണ്ടാം ശാഫീ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ഈ ഹദീസിനെ സ്വഹീഹായി അന്ഗീകരിക്കുന്നുണ്ട്.(ശറഹുല്‍ മുഹദ്ധബ് 3/313)

കൈ രണ്ടും ഉയര്‍ത്തി മറ്റു നമസ്കാരങ്ങളില്‍ വെയ്ക്കുന്നത് പോലെ മയ്യിത്ത്‌ നമസ്കാരത്തിലും നെഞ്ചിന്‍മേല്‍ വെക്കണം.(മഹല്ലി:1/332)

ചില കിതാബുകളില്‍ നെഞ്ചിന്റെ താഴെ എന്നുണ്ടല്ലോ എന്ന് ചില ആളുകള്‍ പറയുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് കിതാബുകളില്‍ തന്നെ പറയുന്നു.

കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവരണ്ടും ഏറ്റവും ശ്രേഷ്ട്ടമായ അവയവത്തിനു മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്. (നിഹായ 1 /408, ജമാല്‍: 1 /141 , അസന 1/145, ബാഫളല്‍ 1/195)

നിയ്യത്ത് ചൊല്ലല്‍

അല്ലാഹു പറയുന്നു : "ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും." [അദ്ധ്യായം 17 ഇസ്‌റാഅ് 19]

 നബി (സ) പറഞ്ഞു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക." [ബുഖാരി,മുസ്ലിം]

 മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ നിന്നും ഹദീസില്‍ നിന്നും ഒരു പുണ്യ കര്‍മ്മം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലെ വിചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അല്ലാഹു അതിനെ പരിഗണിക്കുകയെന്ന് വ്യക്തമാവുന്നു. ഭൗതിക താല്പര്യമാണെങ്കില്‍ പരലോകത്ത് അതിനു പ്രതിഫലം ലഭിക്കുകയില്ല. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകര്‍മ്മങ്ങള്‍ക്കല്ല പ്രത്യുത സര്‍വ്വ പുണ്യകര്‍മ്മങ്ങള്‍ക്കും നിയ്യത്ത് വേണമെന്നാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം.വഴിയില്‍ നിന്ന് ഉപദ്രവം നീക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം. മൃഗങ്ങളോട് ദയ കാണിക്കല്‍, സ്നേഹിതനെ കണ്ടാല്‍ പുഞ്ചിരിക്കല്‍, പരസ്പരം സലാം പറയല്‍, കുട്ടികളെ ചുംബിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, യാചകന് ധര്‍മ്മം നല്‍കല്‍ എന്നിവയെല്ലാം തന്നെ പുണ്യകര്‍മ്മങ്ങളായി അല്ലാഹു പരിഗണിക്കണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്‌.

 ഇത്രയും വിവരിച്ചതില്‍ നിയത്ത് എന്നതിന്റെ അര്‍ഥം ചൊല്ലിപ്പറയല്‍ എന്നല്ല എന്ന് വ്യക്തമായി. വഴിയില്‍ നിന്ന് മുള്ള് എടുത്തു മാറ്റുമ്പോള്‍, 'ഞാന്‍ അല്ലാഹുവിനു വേണ്ടി പുണ്യം ലഭിക്കാന്‍ വഴിയില്‍ ഇന്ന് മുള്ള് എടുത്തു മാറുന്നു' അല്ലെങ്കില്‍ ഭാര്യക്ക് ചെലവിനു കൊടുക്കുമ്പോള്‍ 'ഞാന്‍ നിനക്ക് ചെലവിനു തരുന്നു അല്ലാഹുവില്‍ നിന്ന് പുണ്യം ലഭിക്കാന്‍' എന്നെല്ലാം ചൊല്ലി പറയണമെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ അയാള്‍ അനാചാരത്തിന്റെ അടിമയാണ്. അപ്പോള്‍ നിയ്യത്ത് വേണം എന്ന് നബി(സ) പഠിപ്പിച്ച ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭൗതികമായ നന്മകള്‍ മാത്രമായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. പ്രത്യുത പരലോകത്തെ പ്രതിഫലമായിരിക്കണം.ഇതുപോലെ തന്നെയാണ് നമസ്കാരം, നോമ്പ് മുതലായ കാര്യങ്ങള്‍ക്ക് നിയ്യത്ത് വേണമെന്ന് പറയുന്നത്. ഇവിടെയും മേല്‍പറഞ്ഞ പുണ്യങ്ങളും പ്രവാചകന്‍ വേര്‍പ്പെടുത്തുന്നില്ല.നിയ്യത്ത് ചൊല്ലി പറയണം എന്നൊന്നും ഇവിടെ എവിടെയും ഉത്ഭവിക്കുന്നില്ല. നാം ചെയ്യുന്ന പ്രവര്‍ത്തി ഇന്നതാണെന്ന ശരിയായ ബോധം നമുക്കുണ്ടായിരിക്കണം. ബുദ്ധിയുള്ള മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇത് ഉണ്ടാകും. കൂടെ പരലോക പ്രതിഫലം ആഗ്രഹിക്കണം. ഇതാണ് നിയ്യത്ത്.

 ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നു: "ഇമാം നവവി(റ) പറയുന്നു: 'നിയ്യത്ത് എന്നത് ഉദ്ദേശമാണ്.അത് മനസ്സിന്റെ ഉറപ്പാണ്.' ബൈഹകി പറയുന്നു: 'നിയ്യത്ത് എന്നത് ഒരാള്‍ ദര്‍ശിക്കുന്നതിനു നേരെയുള്ള ഹൃദയത്തിന്റെ ഉത്തേജനമാണ്.'" (ഫത്ഹുല്‍ ബാരി). നിയ്യത്ത് ചൊല്ലിപറയുക എന്നത് നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യ അല്ല. സ്വഹീഹായ ഒരു ഹദീസിലും നിയ്യത്ത് ചൊല്ലി പറയുവാന്‍ കല്‍പ്പിക്കുന്നില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana