Featured

ബഖാഉൽ ഈമാൻ നമസ്കാരം

ഈമാൻ നിലനിർത്താനുള്ള നമസ്കാരം എന്നാണ് ബഖാഉൽ ഈമാൻ നമസ്കാരത്തിന്റെ അർത്ഥം. ഒരു അനാചാരമാകുന്നു ഇത്‌. ഇമാം ശീറാസി (റ) എഴുതുന്നു : ഈമാൻ നിലനിർത്താനുള്ള നമസ്കാരത്തിന്റെ അദ്ധ്യായത്തിൽ സഹീഹായി യാതൊന്നും വന്നിട്ടില്ല.  (സിഫ്‌ റുസ്സ ആദ 144)

ഇശ്‌റാഖ്‌ നമസ്കാരം

ചിലർ ഇശ്‌റാഖ്‌ എന്ന പേരിൽ ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കുന്നത്‌ കാണുന്നു. യഥാർത്ഥത്തിൽ ളുഹാ നമസ്കാരത്തിന്റെ മറ്റൊരു പേരാണ് ഇശ്‌റാഖ്‌ എന്നത്‌. ഫത്‌ഹുൽ മുഈൻ പോലും ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നു : "ഏറ്റവും പ്രബലമായ അഭിപ്രായം ഇശ്‌റാഖിന്റെ രണ്ട്‌ റകഅത്ത്‌ ളുഹാ നമസ്കാരം തന്നെയാണ് എന്നതാണ്. (ഫത്‌ഹുൽ മു ഈൻ)

അവ്വാബ്‌ നമസ്കാരവും മറ്റു ചിലതും

യാതൊരു അടിസ്ഥാനവുമില്ലാത്ത നമസ്കാരങ്ങളാണ് അവ്വാബ്‌ നമസ്കാരം, വീട്ടിൽ പ്രവേശിച്ചാലുള്ള നമസ്കാരം, അന്ധത നീക്കുവാൻ വേണ്ടിയുള്ള നമസ്കാരം, പശ്ചാതാപ നമസ്കാരം തുടങ്ങിയവ. സഹീഹായ ഹദീസുകളുടെ പിൻബലമില്ലാത്ത ഇവയെല്ലാം തന്നെ ഉപേക്ഷിക്കൽ അനിവാര്യമാണ്. അതുപോലെ ഖുതുബിയത്തിൽ നിർവ്വഹിക്കപ്പെടുന്ന പന്ത്രണ്ട്‌ റകഅത്‌ നമസ്കാരം ശിർക്കിന്റേയും ബിദ്‌അത്തിന്റേയും നമസ്കാരമാണ്.

സ്വലാത്തുൽ ഹാജ:

നമ്മുടെ ആവശ്യങ്ങൾ നിർവ്വഹിച്ചു കിട്ടുവാൻ വേണ്ടി ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കൽ നബിചര്യയല്ല. നബി (സ)യോ സ്വഹാബിമാരോ അപ്രകാരം നിർവ്വഹിച്ചതു സഹീഹായി വന്നിട്ടില്ല. 

ഇമാം സുയൂത്തി (റ) ഈ വിഷയത്തിൽ വന്നിട്ടുള്ള സർവ്വ ഹദീസുകളും ഉദ്ധരിച്ചുകൊണ്ട്‌ അവയുടെ ന്യൂനതകൾ വിവരിച്ചുകൊണ്ട്‌ സ്ഥിരപ്പെട്ട ഒരു ഹദീസുപോലും ഈ വിഷയത്തിലില്ലെന്ന് സമർത്ഥിക്കുന്നു. (അൽലആലി 2/46,47).

ഇമാം നവവി (റ) എഴുതുന്നു : ഹാജ: നമസ്കാരത്തിന്റെ ഹദീസ്‌ തുർമ്മുദി ഉദ്ധരിച്ച്‌ അദ്ദേഹം തന്നെ അത്‌ ദുർബലമാക്കുന്നു. (ശറഹുൽ മുഹദ്ദബ്‌ 4/55). 

ഈ ഹദീസിന്റെ പരമ്പരയിൽ വന്നിട്ടുള്ള അബൂ മഅ്മർ വളരേയധികം ദുർബലനാണെന്ന് ഇബ്നു ഹജർ (റ) പറയുന്നു. മറ്റൊരു വ്യക്തി ഫാഇദ്ബ്നു അബ്ദുറഹ്മാനാണ്. ഇയാൾ നുണ പറയുന്ന വലിയ കള്ളവാദിയാണ്.

ഗർഭവും പ്രസവവും ആചാരങ്ങളും

ഗർഭധാരണം മുതൽ പ്രസവം വരെ വളരെ അൽഭുതകരമായ പ്രവർത്തനങ്ങളാണ് ഒരു സ്ത്രീയുടെ ഉദരത്തിൽ നടക്കുന്നത്‌. ഇത്‌ ശരിക്കും ഗ്രഹിച്ച്‌ സ്രഷ്ടാവിനു തൃപ്തിയില്ലാത്ത സർവ്വകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഒരു ഗർഭിണിയായ മുസ്‌ലിം സ്ത്രീ ചെയ്യേണ്ടത്‌. ഈ കാലയളവിൽ യാതൊരുവിധ ആചാരങ്ങളും ഇസ്‌ലാം നിർദേശിക്കുന്നില്ല. എന്നാൽ മുസ്‌ലിംകൾക്കിടയിൽ പലതരം അനാചാരങ്ങൾ ഈ സമയത്ത്‌ ചെയ്യപ്പെടുന്നതായി കാണുന്നു.

അതിലൊന്നാണ് പള്ള കാണൽ ചടങ്ങ്‌. ഗർഭിണിക്ക്‌ 7 മാസമോ അതിലധികമോ ആയാൽ ബന്ധുക്കൾ വന്ന് പള്ള കാണുന്ന സമ്പ്രദായം ചിലയിടങ്ങളിൽ കണ്ടുവരുന്നു. പലഹാരങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ആ സമയത്ത്‌ പ്രത്യേകം തയ്യാറാക്കുന്നതും കണ്ടുവരുന്നു. എന്നാൽ ഇസ്‌ലാമുമായി ഈ ആചാരത്തിനു യാതൊരുവിധ ബന്ധവുമില്ല. റസൂലിനെ സ്നേഹിക്കുന്നവർ ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്.

മറ്റൊരു അനാചാരമാണ് പ്രസവിക്കാൻ കൊണ്ടുപോകൽ. ആദ്യപ്രസവം ഭാര്യാവീട്ടിൽ തന്നെ വേണമെന്ന വിശ്വാസമാണ് ഈ ചടങ്ങിനാധാരം. ഈ ചടങ്ങിനായ്‌ പ്രത്യേകം സദ്യകൾ ഉണ്ടാക്കുന്നു. വരന്റെ വീട്ടിൽ നിന്ന് ഒരു സംഘം വന്ന് ഗർഭിണിയെ കൂട്ടിക്കൊണ്ട്‌ പോകുന്നു. ഗർഭിണി കരഞ്ഞുകൊണ്ട്‌ വീട്ടുകാരോട്‌ വിടപറഞ്ഞ്‌ പോകുന്നു. പോകുന്ന സമയത്ത്‌ ഗർഭിണി തിരിഞ്ഞു നോക്കാൻ പാടില്ലെന്നും നോക്കിയാൽ സുഖപ്രസവം നടക്കില്ലെന്നും വരെ ചിലർ വിശ്വസിക്കുന്നു. ഈ  ആചാരത്തിനുവേണ്ടി മനുഷ്യൻ ഭീമമായ തുകയും സമയയും വെറുതെ കളഞ്ഞ്‌ അല്ലാഹുവിന്റെ കോപത്തിനിരയാകുന്നു. ഈ അനാചാരത്തിനു മതത്തിനു യാതൊരുവിധ പങ്കുമില്ല.

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana