മയ്യിത്ത് കുളിപ്പിക്കുന്നതിലെ അനാചാരങ്ങൾ

മയ്യിത്ത് കുളിപ്പിക്കുവാൻ പ്രത്യേകമായി തന്നെ ഒരു മറയുണ്ടാക്കണമെന്ന തെറ്റിദ്ധാരണ ചിലർക്ക് കാണാം. കുളിമുറിയുണ്ടായാലും ഇവർ പ്രത്യേക മറ തയ്യാറാക്കുന്നു. എന്നാൽ നബി (സ) മയ്യിത്ത് കുളിപ്പിക്കുവാൻ വേണ്ടി പ്രത്യേകം മറയുണ്ടാക്കാൻ നിർദേശിക്കുന്നില്ല. മയ്യിത്ത് കുളിപ്പിച്ച വെള്ളം ഓവ് ചാലിലേക്കും മറ്റും തിരിച്ചുവിടാൻ പാടില്ലെന്ന വിശ്വാസവും പിഴച്ചതാണ്. അതുപോലെ മയ്യിത്ത് കുളിപ്പിക്കുവാൻ നല്ലത് പച്ചവെള്ളമാണ്. എന്നാൽ ചിലർ ചൂട് വെള്ളം തന്നെ വേണമെന്ന് ശഠിക്കുന്നു. നബി (സ)യോ സഹാബികളോ മയ്യിത്ത് കുളിപ്പിക്കുവാനുള്ള വെള്ളം പ്രത്യേകം ചൂടാക്കിയത് ഉദ്ധരിക്കപ്പെടുന്നില്ല. ഇമാം നവവി (റ) എഴുതുന്നു : "തണുത്ത വെള്ളമാണ് ചൂടാക്കിയ വെള്ളത്തേക്കാൾ ഉത്തമം." [ശറഹുൽ മുഹദ്ദബ്]. കുളിയുടെ മുമ്പായി നഖവും മുടിയും വളർന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതും അനാചാരമാണ്. നബി (സ)യോ സ്വഹാബിമാരോ ഇപ്രകാരം ചെയ്യാൻ നിർദേശിക്കുന്നില്ല. [ശറഹുൽ മുഹദ്ദബ്].

മയ്യിത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളം ഒഴുക്കിയാൽ തന്നെ മയ്യിത്തുകുളി സ്വഹീഹാകുമെന്ന് ഫത്ഹുൽ മുഈനിൽ പോലും പറയുന്നുണ്ട്. [പേജ് 192, പുത്തൂർ ഫൈസിയുടെ പരിഭാഷ]. എന്നിട്ടും 'ഞാൻ മയ്യിത്ത്കുളി പഠിച്ചിട്ടില്ല, അതിനാൽ ഞാൻ കുളിപ്പിച്ചാൽ ശരിയാവുകയില്ല' എന്ന വിശ്വസിക്കുന്ന ആൾക്കാരെ ധാരാളം കാണാം. ഇതൊരു അന്ധവിശ്വാസം മാത്രമാണ്. അതുപോലെ കുളിക്കു ശേഷം വുളു എടുത്ത് കൊടുപ്പിക്കുന്നതും അനാചാരമാണ്. ഇങ്ങനെ റസൂൽ (സ) ചെയ്തതിനോ കല്പിച്ചതിനോ തെളിവില്ല.

ജനാബത്തുകാരനും ആർത്തവകാരികൾക്കും മയ്യിത്തിനെ കുളിപ്പിക്കാമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ [ശറഹുൽ മുഹദ്ദബ്] പോലും പറയുന്നു. എന്നിട്ടും മയ്യിത്ത് കുളിപ്പിക്കുന്നവന് ശുദ്ധിയുണ്ടാകണമെന്ന് ചിലർ വിശ്വസിക്കുന്നു. അതുപോലെ രോഗികളുടെ അടുത്ത് ആർത്തവകാരികൾ നിൽക്കാൻ പാടില്ല, മയ്യിത്ത് കുളിപ്പിക്കുന്നവനെ മയ്യിത്ത് മനസ്സിലാക്കും, മയ്യിത്ത് കുളിപ്പിച്ചവൻ കുളിക്കണം തുടങ്ങിയവയെല്ലാം അന്ധവിശ്വാസങ്ങളാണ്. ഇവയൊന്നും നബിചര്യയിൽ സ്വഹീഹായി വന്നിട്ടില്ല.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts