Featured

തസ്ബീഹ് നമസ്കാരം


തസ്ബീഹ് നമസ്കാരം എന്ന പേരില്‍ ചില മുസ്ലിംകള്‍ ഒരു പ്രത്യേക നമസ്കാരം നിര്‍വഹിക്കുന്നത് കാണാം. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്ന് ഓരോ റകഅത്തിലും 75 തവണ ഇവര്‍ ചൊല്ലുന്നു. നിര്‍ണയിക്കപ്പെടാത്ത പ്രതിഫലം ഈ നമസ്കാരത്തിനുണ്ടെന്നു ഫത്ഹുല്‍ മുഈന്‍ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. 

രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം നവവി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്. തീര്‍ച്ചയായും അതിന്‍റെ ഹദീസുകള്‍ ദുര്‍ബലമായതാണ്‌. പുറമേ, അറിയപ്പെടുന്ന നമസ്കാരത്തിന്‍റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്. അതിനാല്‍ സഹീഹായ ഹദീസിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഇത് നിര്‍വഹിക്കാതിരിക്കലാണ് ഏറ്റവും യോജിച്ചത്. എന്നാല്‍ ഈ നമസ്കാരത്തിന്‍റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്നു അറബിയും മറ്റുള്ളവരും ഈ വിഷയത്തില്‍ സഹീഹും ഹസനുമായ ഹദീസുകള്‍ വന്നിട്ടില്ലെന്ന് പറയുന്നു. അല്ലാഹുവിന്നറിയാം. [ശറഹുല്‍ മുഹദ്ദബ് 4/54]

ഇമാം സുയൂതി (റ) ഉദ്ധരിക്കുന്നു : ഉലൈഖി (റ) പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്നു അറബി (റ) പറയുന്നു : ഇതില്‍ സഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്നു ജൌസ് (റ) ഇതിനെ നിര്‍മിതമായ ഹദീസുകളുടെ ഇനത്തില്‍ പറഞ്ഞിരിക്കുന്നു. [അല്ലആലി 2/44]

ഈ ഹദീസിന്‍റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന് ഇമാം ശൌക്കാനി (റ)യും പറയുന്നു. [അല്‍ ഫവാഇദ് : പേജ് 38]

അബൂശാമ (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ കൂടുതല്‍ പരമ്പരകള്‍ വന്നിട്ടുണ്ടെങ്കിലും അത് സഹീഹായിട്ടില്ല. അബൂദാവൂദ് തന്‍റെ സുനനിലും തുര്‍മുദി തന്‍റെ ജാമിഇലും ഇബ്നുമാജ തന്‍റെ സുനനിലും പുറമേ ഹാക്കിം തന്‍റെ മുസ്തദുറകിലും ബൈഹഖി തന്‍റെ സുനനിലും തസ്ബീഹ് നമസ്കാരം ഉദ്ധരിച്ചത്കൊണ്ട് ആരും വഞ്ചിതരാകരുത്. [അല്‍ബാഇസ് : പേജ് 47]

അബൂ ശാമ തുടരുന്നു : ഹാഫില്‍ അബൂ ജഅ'ഫര്‍ പറയുന്നു : തസ്ബീഹ് നമസ്കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ഷെയ്ഖ്‌ അബുല്‍ ഫര്‍ജ് നിര്‍മ്മിതമായ ഹദീസുകള്‍ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ തസ്ബീഹിന്‍റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്കാരത്തിന്‍റെ ഹദീസ് പരമ്പരകള്‍ എല്ലാം തന്നെ ചിലത് നബിയിലേക്ക് എത്തിയിട്ടില്ല. ചിലത് പരമ്പര മുറിഞ്ഞതാണ്. ചിലത് നിവേദകന്‍മാര്‍ ദുര്‍ബലമായതാണ് മുതലായ ന്യൂന്യതകളില്‍ നിന്നും ഒഴിവാകുന്നില്ല. [അല്‍ ബാഇസ് : പേജ് 47].  ഇബ്നു ഖുസൈമ (റ)യും ഈ ഹദീസ് സ്ഥിരപ്പെട്ടിട്ടില്ലെന്നു പറയുന്നു. 

ഇമാം ശീരാസി (റ) എഴുതുന്നു : തസ്ബീഹ് നമസ്കാരത്തില്‍ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. [സിഹ്രുസ്സആദ : പേജ് 144]

ഇബ്നു ഹജര്‍ (റ) എഴുതുന്നു ; യാഥാര്‍ത്ഥ്യം തസ്ബീഹ് നമസ്കാരത്തിന്‍റെ സര്‍വ പരമ്പരകളും ദുര്‍ബലമാണെന്നതാണ്. ഇബ്നുത്തീമിയ്യാ, മുസനി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു. [തല്‍ഖീസ് 4/185]
Get Free Email Updates to your Inbox!

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana