ബറാഅത്ത് രാവ്

വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില വാറോലകളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വാക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.

ബറാഅത്ത് വാദികളുടെ തെളിവുകള്‍ :

1. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ബര്‍ക്കത്താക്കപ്പെട്ട രാത്രിയിലാണെന്ന് അല്ലാഹു സൂറത്ത് ദുഖാനില്‍ (ആയത് 2) പറഞ്ഞത്.

തഫ്സീര്‍ ജമലില്‍ എഴുതുന്നു : ഇമാം നവവി (റ) ശറഹു മുസ്ലിമില്‍ സുന്നത് നോമ്പിന്‍റെ അദ്ധ്യായത്തില്‍ പറയുന്നു : ബര്‍ക്കത്താക്കപ്പെട്ട രാവ് എന്നത് ശഅബാന്‍ പതിനഞ്ചാണെന്ന് പറയല്‍ തീര്‍ച്ചയായും പരമാബദ്ധമാണ്. ശരിയായതും പണ്ഡിതന്മാര്‍ പറഞ്ഞതും അത് ലൈലത്തുല്‍ ഖദര്‍ ആണെന്നാണ്‌. [തഫ്സീര്‍ ജമാല്‍ 4/100]

ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ദുഖാനിലെ ആയത്ത് കൊണ്ട് ഉദ്ദേശം ശഅബാന്‍ പകുതിയാണെന്ന് പറയുന്നു. അതു പിഴവാണ്. കാരണം അല്ലാഹു വീണ്ടും പറയുന്നു : നിശ്ചയം നാം അതിനെ ലൈലത്തുല്‍ ഖദറില്‍ ഇറക്കി. ഈ ആയതു ദുഖാനിലെ ആയത്തിനെ വ്യാഖ്യാനിക്കലാണ്. [ശറഹുല്‍ മുഹദ്ദബ് 6 /448)

തഫ്സീറുല്‍ റാസിയില്‍ പറയുന്നു : ബര്‍ക്കത്തായ രാവ് എന്നതിന്റെ വിവക്ഷ ശഅബാന്‍ പകുതിയുടെ രാവാണെന്ന് പറയുന്നവര്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ചില മനുഷ്യരില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് അവര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രതിവാദ്യ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അങ്ങനെ ഉണ്ടാകാത്തതിനാല്‍ സത്യം ലൈലത്തുല്‍ ഖദര്‍ ആണെന്ന ആദ്യത്തെ അഭിപ്രായമാണ്. [തഫ്സീര്‍ റാസി 27/238]

2. ആയിശ (റ) നിവേദനം : ഒരു രാത്രി നബി (സ)യെ കാണാതായി. ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ബഖീഅ'ലേക്ക് പുറപ്പെടുകയാണ്. അവിടെ ചെന്ന് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.... ശേഷം അവിടുന്ന് പറഞ്ഞു : ആയിശാ, നിശ്ചയം അല്ലാഹു ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ദുന്യാവിന്‍റെ ആകാശത്തേക്ക് ഇറങ്ങും. എന്നിട്ട് കെല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങള്‍ കണക്കിന് പാപികള്‍ക്ക് മാപ്പ് കൊടുക്കും. [തുര്‍മുദി, ഇബ്നുമാജ].

ഇമാം തുര്‍മുദി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നുണ്ട്. ഇമാം ബുഖാരിയും ഈ ഹദീസ് വാറോലയാണെന്ന് പറയുന്നു. ഹജ്ജാജുബ്നു അര്‍ത്വാത് എന്ന മനുഷ്യന്‍ ഇതിന്‍റെ പരമ്പരയിലുണ്ട്. ഇയാള്‍ വളരെയധികം ദുര്‍ബലനാണ്. യഹ്യ എന്ന വ്യക്തി ഉറവയില്‍ നിന്നും ഹദീസ് ഒന്നും തന്നെ കേട്ടിട്ടുമില്ല.

ഇമാം നവവി (റ)യുടെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല . [കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]

ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts