നൂലും ഏലസ്സും

മന്ത്രം എന്ന നിലക്ക് ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചാല്‍ പോലും ഈ വിഷയത്തില്‍ നൂല്, വട്ടക്കണ്ണി, ഏലസ്സ്, ഉറുക്ക്, എല്ലാം സമമാണ്. അതുപോലെ മന്ത്രിച്ചു വെള്ളത്തില്‍ ഊതുകയും ആ വെള്ളം രോഗശമനത്തിന് കുടിക്കുകയും ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. സ്വഹീഹായ ഒരു ഹദീസിലും നബി(സ) ഇവയ്ക്കു അനുവാദം നല്‍കിയത് ഉദ്ധരിക്കുന്നില്ല.


ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു നിനക്ക് നാശം എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചതാണോ എന്ന് നബി(സ) ഇവിടെ അന്വേഷിക്കുന്നില്ല.

ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കികൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാകവടി (ചിപ്പി) കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ.(അഹ്മദ്, ഹാകിം). ഇവിടെയും പ്രവാചകന്‍ ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.


ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. "അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല" (അബുഹാതിം)ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി ഹുദൈഫ(റ) കണ്ടു. അദ്ദേഹം ചോദിച്ചു   എന്താണിത്? രോഗി പറഞ്ഞു മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബുഹാത്തിം) . ഒരു മുസ്ലിമാണ് ഈ രോഗിയെന്നു ഹദീസ് വ്യക്തമാക്കുന്നു. ഇദ്ദേഹം ശിര്‍ക്കിന്റെ പദം ഉപയോഗിച്ച് മന്ത്രിച്ച നൂല് കെട്ടുകയില്ലഎന്നത് ഉറപ്പാണല്ലോ.

സ്വഹാബികളില്‍ നിന്ന് ദീന്‍ ഗ്രഹിച്ച ഇബ്രാഹീമുന്നക്ഈ(റ) പറയുന്നു: അവര്‍ എല്ലാതരം ഏലസ്സുകളും വെറുത്തിരുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും അല്ലെങ്കിലും (വകീഅ')

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts